ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തെങ്കിലും ഇവ പിന്‍വലിക്കാതെ സമരത്തില്‍നിന്നു പിന്മാറില്ലെന്നു കര്‍ഷകര്‍. കര്‍ഷക സമരം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി രൂപവത്കരിച്ച കമ്മറ്റിക്കു മുന്നില്‍ ഹാജരാകില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ബില്ലുകള്‍ തിരിച്ചെടുക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നാണ് സുപ്രീം കോടതി വിധിക്കു പിന്നാലെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞത്.
കര്‍ഷകര്‍ സുപ്രീംകോടതിയുമായല്ല, മറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. കര്‍ഷകര്‍ നേരിട്ട് കോടതിയില്‍ എത്തുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായമോ എതിര്‍പ്പോ പറയുന്നില്ല. കോടതി രൂപവത്കരിച്ച കമ്മറ്റിക്കു മുന്നില്‍ ഹാജരാകില്ല. സുപ്രീംകോടതിക്കു ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് വ്യക്തമാണ്. വിവാദ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചവരാണ് ഈ കമ്മിറ്റിയില്‍ ഉള്ളതെന്നും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച കിസാന്‍ പരേഡുമായി മുന്നോട്ടു പോകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച കിസാന്‍ പരേഡ് രാജ്യവ്യാപകമായി നടത്തും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇന്നലെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. റിപ്പബ്ലിക് ദിനാചരണത്തെ ബാധിക്കും എന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും സമാധാനപരമായി ആയിരിക്കും തങ്ങളുടെ പ്രതിഷേധവും കിസാന്‍ പരേഡും. ഇത് സംബന്ധിച്ച് ജനുവരി 15ന് വ്യക്തമായ തീരുമാനമെടുക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിയെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് സ്വാഗതം ചെയ്തെങ്കിലും പ്രതിഷേധം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കി. സമരം തുടരുക തന്നെ ചെയ്യും. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. മിനിമം താങ്ങു വില ഉറപ്പു നല്‍കുന്ന നിയമം കൊണ്ടുവരണമെന്നും ടികായത് ആവശ്യപ്പെട്ടു. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിക്കു മുന്നില്‍ ഹാജരാകില്ലെന്നും രാകേഷ് ടികായത് വ്യക്തമാക്കി.
സമിതിയില്‍ ഉള്‍പ്പെട്ട എല്ലാവരും വിവാദ കാര്‍ഷിക നിയമങ്ങളെ പിന്‍തുണച്ചവരും പ്രശംസിച്ചവരുമാണ്. അവര്‍ സര്‍ക്കാരിന് അനുകൂലമായേ റിപ്പോര്‍ട്ട് നല്‍കു. കമ്മറ്റി അംഗമായ ഭുപീന്ദര്‍ സിംഗ് മന്‍ കഴിഞ്ഞ് 25 വര്‍ഷമായി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്. മറ്റൊരു അംഗമായ അശോക് ഗുലാത്തി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ പ്രശംസിച്ച വ്യക്തിയാണ്. ഈ കമ്മിറ്റി കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട് തയാറാക്കുമെന്നു വിശ്വസിക്കാനാകില്ലെന്നും രാകേഷ് ടികായത് ചൂണ്ടിക്കാട്ടി.
കാര്‍ഷിക നിയമങ്ങളെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന കാര്യം പല ഘട്ടങ്ങളിലും നടന്ന ചര്‍ച്ചകളില്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് വിശദമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും കോടതിയില്‍ നിന്നും മറച്ചു വയ്ക്കുകയാണെന്നും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. നിയമങ്ങള്‍ നടപ്പായാല്‍ കാര്‍ഷിക വൃത്തിതന്നെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാകും. കൃഷിക്കുള്ള ചെലവ് വര്‍ധിക്കും. കര്‍ഷകര്‍ കൂടുതല്‍ കടക്കെണിയിലാകും. സര്‍ക്കാര്‍ സംഭരണം കുറയുന്നതോടെ കുറഞ്ഞ വിലയ്ക്ക് വിളകള്‍ വില്‍ക്കേണ്ടിവരും . പൊതു വിതരണസമ്പ്രദായം കാലക്രമേണ നില്‍ക്കുന്നതോടെ ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചു കയറും. കര്‍ഷക ആത്മഹത്യകളും പട്ടിണിമരണങ്ങളും പെരുകുമെന്നും കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിശദീകരിച്ചു.