സ്ത്രീകള്‍ക്കു ദേവാലയ ശ്രൂഷയില്‍ കൂടുതല്‍ പങ്കാളിത്തം

വത്തിക്കാന്‍ സിറ്റി: ദേവാലയ മദ്ബയില്‍ ശുശ്രൂഷിക്കാനും തിരുകര്‍മ്മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കി. “സ്പിരിത്തൂസ് ദോമിനി” എന്ന പേരുള്ള ഈ ഉത്തരവ് ലത്തീന്‍ സഭാ നിയമത്തിന്‍റെ കാനോനാ 230, ഖണ്ഡിക 1 ഭോദഗതി ചെയ്തുകൊണ്ടാണ് പ്രാബല്യത്തിലാകുന്നത്.
അള്‍ത്താര ശുശ്രൂഷകരായി പാശ്ചാത്യ കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചട്ടപ്രകാരം ഈ ശുശ്രൂഷകള്‍ ഏല്‍പിച്ചു നല്‍കുവാനുള്ള വ്യവസ്ഥകള്‍ നിലവില്‍ വരികയാണ്. 1972-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ഈ ശുശ്രൂഷകളെ പൗരോഹിത്യപദവിക്കു പ്രാരംഭമായുള്ള ചെറുചട്ടങ്ങളായി പരിഗണിക്കുന്നതു നിര്‍ത്തലാക്കിയിരുന്നു. അതുകൊണ്ട് പുതിയ ഭേദഗതികളെ സ്ത്രീകളുടെ പൗരോഹിത്യ പദവിയിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതില്ല.
ആള്‍ത്താര, വചന ശുശ്രൂഷകള്‍ ചെയ്യാന്‍ ലത്തീന്‍ സഭയിലെ അല്‍മായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യഅവസരം കൈവന്നിരിക്കുകയാണ്.