വിജോയ് സ്കറിയ
നമ്മുടെ ജീവിതത്തിലേറെയും തെറ്റിദ്ധാരണകള്‍ ആണ്. നമ്മെ കുറ്റപ്പെടുത്താനുള്ള കാരണങ്ങള്‍ ചികയാനാണ് സമൂഹത്തിന് താത്പര്യം എന്നു തോന്നിപ്പോകും. പലപ്പോഴും നമ്മുടെ വാക്കുകള്‍ക്ക് നാം നല്‍കിയതിനപ്പുറമുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നു. നമ്മുടെ വ്യക്തിത്വത്തിന് തന്നെ പുതുഭാഷ്യങ്ങള്‍ ഉണ്ടാവുന്നു.
ആര്‍ക്ക് ആരെയാണ് മനസിലാക്കണമെന്നുള്ളത്? സ്നേഹം പോലും ബാഹ്യപ്രകടനങ്ങളില്ലെങ്കില്‍ അറിയാതെ പോവുന്ന അവസ്ഥ നിസ്സഹായമല്ലേ. മറ്റൊരാളുടെ ഇഷ്ടങ്ങളിലും താത്പര്യങ്ങളിലും കൂടി മാത്രം സഞ്ചരിക്കുന്നതാണോ സ്നേഹത്തിന്‍റെ സ്വഭാവം? സ്വന്തമായ ഒരു അഭിപ്രായപ്രകടനം, ധീരമായ ഒരു കാല്‍വയ്പ് – അതിനെയെങ്ങനെ സ്നേഹത്തില്‍ നിന്നുള്ള അകന്നുപോകലായി വ്യാഖ്യാനിക്കാന്‍ കഴിയും? പലപ്പോഴും ഇത്തരം സാഹചര്യങ്ങളാണ് നമ്മെ വല്ലാത്ത ധര്‍മ്മസങ്കടത്തിലെത്തിക്കുക. കാരണം സ്നേഹം ഒരിക്കലും പറഞ്ഞു ബോധ്യപ്പെടുത്താവുന്ന ഒന്നല്ലല്ലോ.
ഒരുപക്ഷേ, ഓരോരുത്തര്‍ക്കും അവരവരുടെ ശരികള്‍ മാത്രം പ്രസക്തമാകുന്നതുകൊണ്ടാവാം. ഇവിടെ നമുക്ക് സാഹചര്യങ്ങളെ പഴിക്കാം.
സ്നേഹത്തിന് എപ്പോഴും ഒരു ശാഠ്യമുണ്ട്, തനിക്ക് പ്രിയപ്പെട്ടവരൊക്കെ തന്‍റെ ഇഷ്ടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന്. മറിച്ചുണ്ടാവുന്ന ഓരോ ചലനങ്ങളും അതുകൊണ്ടാവും അസ്വസ്ഥതകളാവുന്നത്. പക്ഷേ, സ്നേഹം സ്വാര്‍ത്ഥത മാത്രമാണോ? അപ്പോഴല്ലേ സ്നേഹബന്ധങ്ങളില്‍ പോലും വിള്ളലുകള്‍ വീണു തുടങ്ങുന്നത്? എതിര്‍ത്തു പറയുന്ന ഒരു വാക്ക്, ആശയപരമായ ഒരു വിയോജിപ്പ് ഇതൊക്കെ പലപ്പോഴും ബന്ധങ്ങളില്‍ കരിനിഴലായി പടരുന്നു. പഴയ സ്നേഹത്തിന്‍റെ സ്ഥാനം തെറ്റിദ്ധാരണകള്‍ കൈയടക്കുന്നു. ഫലമോ, ദൃഢമെന്ന് അഭിമാനിച്ചിരുന്ന ചില കണ്ണികള്‍ ദുര്‍ബലമായി ഒടുവില്‍ അറ്റുപോവുന്നു. പക്ഷേ, കൊച്ചു കൊച്ചു ശാസനകളെയും വിയോജിപ്പുകളെയുമൊക്കെ സ്നേഹത്തിന്‍റെ അവകാശങ്ങളായി കാണാന്‍ നമുക്കു കഴിയാത്തതെന്തുകൊണ്ടാണ്?
പലപ്പോഴും നമ്മുടെ വഴികളില്‍ നിയന്ത്രണങ്ങളാവുന്ന വ്യക്തികളോട് നമ്മള്‍ അസഹിഷ്ണുക്കളാവും. ഒരു പക്ഷേ, അവരുടെ കരുതലുകള്‍ പോലും നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള വിലങ്ങുതടികളായി തോന്നും. നമ്മുടെ ഉയര്‍ച്ചകളില്‍ നമ്മള്‍ ഇവരെ തടസങ്ങളായി എണ്ണും. പക്ഷേ, അപ്പോഴും നമ്മള്‍ കാണാതെ പോവുന്ന ഒന്നുണ്ട്. കര്‍ക്കശമായ പെരുമാറ്റങ്ങള്‍ക്കപ്പുറത്ത് അലയടിക്കുന്ന സ്നേഹത്തിന്‍റെ സാഗരം. ആ സ്നേഹത്തിന്‍റെ ഉത്കണ്ഠകളില്‍ നിന്നാണ് കരുതലുകള്‍ ഉണ്ടാവുന്നതെന്ന് നമ്മള്‍ ഓര്‍ക്കാറേയില്ല. നമ്മുടെ നന്മയായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യമെന്ന് ഒരു പക്ഷേ വളരെ വൈകിയാവും നമ്മള്‍ തിരിച്ചറിയുക.
എല്ലാറ്റിലും പ്രശ്നം ഒന്നു തന്നെയാണ്. ഒരാള്‍ മറ്റൊരാളെ അറിയാതെ പോവുന്നു. വിളിച്ചുപറയുന്ന വാക്കുകളിലൂടെയല്ലാതെ, നമ്മുടെ ഹൃദയത്തെ തൊട്ടറിഞ്ഞിട്ടുള്ളവര്‍ എത്ര ചുരുക്കമാണ്. ജീവിതത്തിലേയ്ക്ക് കടന്നുവരുന്നവരൊക്കെ നമ്മെ മനസിലാക്കുമെന്ന് നാം ആഗ്രഹിക്കും. പക്ഷേ, നിര്‍ണായക നിമിഷങ്ങളില്‍ അ വരും മറ്റുപലരെയും പോലെ ന മുക്കു നേരെ ആക്ഷേപശരങ്ങളയയ്ക്കും. സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയുമൊക്കെ പേരില്‍ നാം കാണിക്കുന്ന പരിഗണനകള്‍ പോലും എത്രയോ വട്ടം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
സ്വന്തം ജീവിതത്തിന്‍റെ ചെറിയ കൂടുകളില്‍ ഒതുങ്ങുന്ന നമ്മുടെ മനസുകള്‍ക്ക് മറ്റൊരാളുടെ വികാരവിചാരങ്ങള്‍ പ്രസക്തമാകുന്നതെങ്ങ നെ? അതുകൊണ്ട് നമുക്ക് നഷ്ടമാവുന്നതാവട്ടെ, സ്നേഹത്തിന്‍റെ ഏറ്റവും ദിവ്യമായ മുഹൂര്‍ത്തങ്ങളും.