സൗദിയില്‍ ഇനി വനിത ജഡ്ജിമാരും

ദമ്മാം: സൗദി അറേബ്യ വനിതകളെ ജഡ്ജിമാരായി നിയമിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി വനിതകളെ ജഡ്ജിമാരായി നിയമിക്കാന്‍ ഒരുങ്ങുന്നതായി മാനവവിഭവശേഷി സാമൂഹിക-വികസന മന്ത്രാലയത്തിലെ സ്ത്രീ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍സാഹിദ് അറിയിച്ചു.
നിയമ – നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ മികച്ച പരിശീലനം സിദ്ധിച്ച വനിതകളെയാണ് നിയമിക്കുന്നത്. ഈയടുത്ത് 100 ഓളം വനിതാ നോട്ടറി ഉദ്യോഗസ്ഥകളെ നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ചും ശൂറാ കൗണ്‍സില്‍ അടക്കമുള്ള ജനപ്രാതിനിധ്യ സഭകളില്‍ പ്രാതിനിധ്യം കൂട്ടിയും വനിതാ ശാക്തീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരുന്നു.