സഭാനേതൃത്വം പറയുന്നിടത്ത് വോട്ടുചെയ്യുന്ന അപ്പൂപ്പന്‍താടികളോ ക്രൈസ്തവര്‍!?

ഏബ്രഹാം മാത്യു
Shepherd leading his goats and sheep at sunset time

കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില ശബ്ദങ്ങളുണ്ട്. ഓരോ ജാതിയും സമുദായവും എവിടെ എന്നതാണ് അതിലൊന്ന്. അവര്‍ ആരെ പിന്‍തുണയ്ക്കുന്നു എന്ന അര്‍ത്ഥത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. കൂട്ടത്തില്‍ കാണുന്ന ഒരു പ്രധാന പരാമര്‍ശമാണ് ക്രൈസ്തവ വോട്ടുകള്‍ സംബന്ധിച്ചുള്ള നിരീക്ഷണങ്ങള്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോയി, അല്ലെങ്കില്‍ പോയില്ല, അല്ലെങ്കില്‍ നിഷ്ക്രിയമായി എന്നും ഇത്തവണ ക്രൈസ്തവ വോട്ടുകള്‍ പ്രത്യേക മുന്നണികള്‍ക്ക് കിട്ടും എന്നും ക്രൈസ്തവ വോട്ടുകള്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ഏറുന്നു എന്നും ഒക്കെയുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ഇതിന്‍റെ യാഥാര്‍ത്യം എന്താണ്? ക്രൈസ്തവ വോട്ടുകള്‍ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണന്നും എന്നെപ്പോലുള്ളവര്‍ക്ക് മനസിലാകുന്നില്ല. ക്രൈസ്തവ വോട്ടുകള്‍ എന്നത് ക്രിസ്ത്യാനികളായി ജനിച്ചവരുടെ വോട്ടുകളാണോ അതോ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ വോട്ടുകള്‍ ആണോ? അതോ ക്രൈസ്തവ നാമധാരികളുടെ വോട്ടാണോ? അതോ പുരോഹിത വര്‍ഗ്ഗത്തിന്‍റെ വോട്ടാണോ?
ക്രൈസ്തവ വോട്ടുകള്‍ എന്നത് ഒരു പെട്ടിയില്‍ അടച്ചുവച്ചിരിക്കുന്ന ഒരുപെട്ടി വോട്ടാണോ? ഏതെങ്കിലും ഒരു മുന്നണിയോ പാര്‍ട്ടിയോ പറയുമ്പോള്‍ ആ ഭാഗത്തേക്ക് തിരിയാന്‍ എന്താ ക്രൈസ്തവര്‍ക്ക് പൊതുവെ ചിന്താശേഷിയില്ലേ? ബോധ്യങ്ങളില്ലേ? ധാരണയില്ലേ? ബുദ്ധിയില്ലേ? നിരീക്ഷണത്തിനുള്ള കഴിവില്ലേ? ക്രൈസ്തവരായാലും ക്രൈസ്തവേതരര്‍ ആയാലും ശരി ചിന്താശേഷിയുള്ള മനുഷ്യര്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് അവരുടെ ചിന്തയുടെയും ധാരണയുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാണ്. ചിലര്‍ വോട്ട് ചെയ്തില്ലന്നുംവരും. ക്രൈസ്തവ വോട്ടുകളെല്ലാം പ്രത്യേകം ഒരു വശത്തേക്ക് പോകുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒരു പാര്‍ട്ടിക്ക് കിട്ടി എന്നീതരത്തിലുള്ള നിരീക്ഷണം വിഢിത്തരമായിട്ടാണ് തോന്നുന്നത്.
ക്രൈസ്തവര്‍ ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യണം എന്ന് പറഞ്ഞാല്‍ ആ വഴിക്ക് പറക്കുന്ന ഒരു അപ്പൂപ്പന്‍താടിയാണോ ക്രൈസ്തവ വോട്ടറന്‍മാര്‍? ഏതെങ്കിലും സഭയോ സഭാ അധികൃതരോ പറയുന്നിടത്തേക്ക് മാത്രം വോട്ടു ചെയ്യുന്നവരാണോ ക്രൈസ്തവര്‍? അങ്ങനെയെങ്കില്‍ എത്രമാത്രം എളുപ്പമായിരുന്നു കാര്യങ്ങള്‍. ഏതെങ്കിലും സഭാ നേതാക്കളെയോ, സമുദായ നേതാക്കളെയോ മാത്രം പ്രീണിപ്പിച്ചാല്‍ മതിയാരുന്നല്ലോ. അവര്‍ നയിക്കുന്ന വിഭാഗം വോട്ടുചെയ്താല്‍ ഏതു മുന്നണിക്കും വിജയിക്കാനാകും. ഇതൊക്കെ അസംഭവ്യമാണ്. ആളുകളെ പറ്റിക്കാന്‍ പറയുന്നതാണ്.
ഒരു ന്യൂനപക്ഷത്തിന് സഭാ നേതാക്കളോട് വിധേയത്വം ഉണ്ടാകാം. അവര്‍ ന്യൂന പക്ഷം മാത്രമാണ്. ഇവിടെ മറ്റൊരു കാര്യം കൂടെ നാം ഓര്‍മ്മിക്കേണ്ടതുണ്ട്, ക്രൈസ്തവ സഭാ നേതൃത്വവും ക്രൈസ്തവ വിശ്വാസികളും കാലാകാലങ്ങളായി രണ്ട് ധാരയില്‍ പോകുന്നവരാണ്. ഇത് ചരിത്രപരമാണ്. വിശ്വാസം സ്വകാര്യമാണ്. ക്രൈസ്തവ സഭാ നേതൃത്വം എന്നത് ഒരു സംഘടനയുടെ സംഘാടകന്മാരാണ്.
ഏതെങ്കിലും ഒരു പാസ്റ്ററോ അച്ചനോ ബിഷപ്പോ പറയുന്നിടത്ത് വോട്ടുചേയ്യുന്നവരല്ല ക്രൈസ്തവര്‍. ഏതെങ്കിലും സഭാനേതാക്കളുമായി ചര്‍ച്ച നടത്തി വോട്ടെല്ലാം തങ്ങളുടെ പെട്ടിയില്‍ വീഴ്താമെന്ന മോഹം മൗഢ്യമാണ്.
അഭയാകേസിന്‍റെ വിധിയെ സഭാ നേതൃത്വം പിന്‍തുണച്ചില്ല. സി.ബി.ഐ. കോടതിയെപ്പോലും സംശയിക്കുന്ന നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ കത്തോലിക്കാസഭയില്‍പെട്ട പുരോഗമനവാദികളായ, ജനാധിപത്യവാദികളായ, പൗരാവകാശത്തില്‍ വിശ്വസിക്കുന്നവര്‍ ആ വിധിയെ സ്വാഗതം ചെയ്തു. പൊതുവെ ക്രൈസ്തവ സമൂഹം സി.ബി.ഐ. കോടതി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. സഭാനേതൃത്വം ഒരു വഴിക്ക്, സഭാ വിശ്വാസികള്‍ മറ്റൊരു വഴിക്ക് എന്നത് അഭയക്കേസ് വിധിയിലൂടെതന്നെ നമുക്ക് ബോധ്യമാകും. സഭാനേതൃത്വം പറയുന്ന നിലപാടുകളിലേക്ക് ആട്ടിയോടിക്കപ്പെടുന്ന, പെട്ടിയില്‍ അകപ്പെടുന്ന കുഞ്ഞാടുകള്‍ അല്ല വിശ്വാസികള്‍. ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനായി സഭാ നേതാക്കള്‍ക്കൊപ്പം നില്‍ക്കും എന്നല്ലാതെ സഭാ നേതാക്കളുടെ രാഷ്ട്രീയ വിശ്വാസത്തെ വിശ്വാസികള്‍ സംരക്ഷിക്കില്ലന്നാണ് എന്‍റെ ബോധ്യം.