കേരളത്തില്‍ ക്രൈസ്തവ മുസ്ലീം ഭിന്നതയുണ്ടോ?

ചിത്രത്തിന് ഇമാന്‍ നബിഹ്നോട് കടപ്പാട്

ഏബ്രഹാം മാത്യു
കഴിഞ്ഞ കുറച്ചു കാലമായി കേരളത്തില്‍ പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരു വിഷയമാണ് ക്രൈസ്തവ മുസ്ലീം ഭിന്നത എന്നത്. ഇവിടുത്തെ ക്രൈസ്തവ സഭകളും മുസ്ലീം സമുദായവും കാര്യമായ അഭിപ്രായഭിന്നതകളുണ്ടെന്ന നിലയില്‍ വലിയ രീതിയില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് മുന്‍കൈയെടുക്കുന്നത് കേരളത്തിലെ ചില പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് എന്നത് എല്ലാവര്‍ക്കുമറിയാം. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു സംഘര്‍ഷം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.
ക്രൈസ്തവരായ ചില ആളുകളുടെ സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളില്‍ മുസ്ലീം വിഭാഗത്തിനെതിരെ വലിയതോതിലുള്ള ആക്ഷേപങ്ങള്‍, ആരോപണങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ നടക്കുന്നുണ്ട്. തിരിച്ചും ഉണ്ടാകാം.
ഏതായാലും രണ്ടു വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാനുള്ള വലിയ നീക്കം കേരളത്തില്‍ രാഷ്ട്രീയ കക്ഷികള്‍ മുന്‍കൈ എടുത്തു നടത്തുന്നു എന്നത് നമ്മുടെ നാട് എങ്ങോട്ട് പോകുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ഇത്തരമൊരു സംഘര്‍ഷമുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കുകയും സംയമനം പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യെണ്ടത് രാഷ്ട്രീയകക്ഷികളാണ്.
ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മില്‍ കേരളത്തില്‍ യാതൊരു സംഘര്‍ഷവുമില്ല. ചരിത്ര പരമായി പോലുമില്ല. ചില സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദയുണ്ടായിട്ടുണ്ട്.
രക്തസാക്ഷികളെ ആഗ്രഹിക്കുന്നവരും രക്തസാക്ഷികളെ സൃഷ്ടിക്കുന്നവരുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ക്രൈസ്തവമുസ്ലീം സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുകയും അതില്‍നിന്നും നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുമാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. രണ്ട് ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം ചെറുക്കപ്പെടേണ്ടതാണ്.
നമ്മള്‍ ജീവിക്കുന്നത് ബഹുസ്വരസമൂഹത്തിലാണ്. നൂറ്റാണ്ടുകളായി സ്നേഹത്തോടെ ജീവിച്ചവരാണ് ഇവിടുത്തെ ക്രൈസ്തവരും മുസ്ലിംങ്ങളും. നാളിതുവരെ ഉണ്ടാകാത്ത സ്പര്‍ദ തിരഞ്ഞെടുപ്പുകാലഘട്ടത്തില്‍ എങ്ങനെയാണുണ്ടായത്?
മുസ്ലിം സമുദായം കൂടുതല്‍ അവസരങ്ങളും ആനുകൂല്യങ്ങളും പിടിച്ചുപറിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അവരെ സ്പോണ്‍സര്‍ ചെയ്യുന്നത് പാര്‍ട്ടികളാണ്. ഏതെങ്കിലും ഒരു സമുദായം വളരുന്നുവെങ്കില്‍ അതവരുടെ കഠിനാധ്വാനം കൊണ്ടാണെന്നതാണ് വസ്തുത. കഠിനാധ്വാനത്തിലൂടെ വളര്‍ന്നവരാണ് ക്രൈസ്തവരും. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ വിമുഖരായിരിക്കുന്ന കാലത്ത് ക്രൈസ്തവ പെണ്‍കുട്ടികള്‍ വിദ്യനേടി കടല്‍ കടന്നു പോയി ജോലി ചെയ്ത് സാമ്പത്തിക ഭദ്രരായത് മറക്കാതിരിക്കുക.
അദ്ധ്വാനിച്ച് വലുതാകുന്നവര്‍ പരസ്പരം പോരാടിക്കണമെന്നാഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ഇത്തരം രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുകയാണ് ഉദാത്തമായ ദൗത്യം.

ഏബ്രഹാം മാത്യു