
അനി
ഓഫീസിലെത്താന്‍ വൈകിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ലീന രഹസ്യമായി പറഞ്ഞു: ‘രാവിലത്തെ തിരക്കുകള്‍ അറിയാമല്ലോ. പിന്നെ ഇപ്പോള്‍ മോളെ സ്കൂളിലാക്കുന്നത് ഞാന്‍ തന്നെയാണ്. മുന്‍പ് അയ ല്‍പക്കത്തെ ഒരു ആറാം ക്ലാസുകാരന്‍റെ കൂടെയാണ് സ്കൂളില്‍ വിട്ടിരുന്നത്. ചുറ്റുപാടും നടക്കുന്നതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു പേടി. എവിടെയും പീഡന വാര്‍ത്തകളേയുള്ളു. കുഞ്ഞല്ലേ എന്ന ചിന്തയൊന്നുമില്ല, ആര്‍ക്കും. അതും പലപ്പോഴും ഇതിനൊക്കെ ശ്രമിക്കുന്നത് പത്തോ പന്ത്രണ്ടോ ഒക്കെ വയസുള്ള ആണ്‍കുട്ടികളും. കുഞ്ഞിനെ പറഞ്ഞയച്ചിട്ട് ഇവിടെയെത്തിയാലും എനിക്കൊരു മനസമാധാനവുമില്ല.’
പണ്ട് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളായിരുന്നു ഓരോ രക്ഷിതാവിന്‍റെയും ഉത്കണ്ഠ. ഇന്ന് ഒരു പെണ്‍കുഞ്ഞ് പിറന്നു വീഴുമ്പോള്‍ മുതല്‍ അമ്മയുടെ നെഞ്ചില്‍ കനലെരിഞ്ഞു തുടങ്ങും. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളെ യു.പി.സ്കൂളില്‍ പഠിക്കുന്ന അയല്‍പക്കത്തെ കുട്ടിയോടൊപ്പം സ്കൂളിലേയ്ക്ക് അയയ്ക്കുമ്പോള്‍ പോലും ഇന്ന് ഏതൊരു അമ്മയും പലവട്ടം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുറ്റപ്പെടുത്താനാവില്ല. അനുഭവങ്ങള്‍ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്. പത്തോ പന്ത്രണ്ടോ വയസുള്ള കുട്ടിയെപ്പറ്റി നമുക്കൊരു ബോധ്യമുണ്ട്. കണ്ണിലും മനസിലും നിഷ്കളങ്കതകള്‍ മാത്രം നിറയുന്ന പ്രായം. ഈ പ്രായത്തില്‍ അവന്‍ മൂന്നോ നാലോ വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുമെന്നും കൊലപ്പെടുത്തുമെന്നും ചിന്തിയ്ക്കാന്‍ ഏതാനും വര്‍ഷം മുന്‍പ് നമ്മുടെ മൂല്യബോധം അനുവദിക്കുമായിരുന്നില്ല. പക്ഷേ, ഇന്ന് സംഭവങ്ങളുടെ ബാഹുല്യം കൊണ്ടാവാം ഇത്തരം സംഭവങ്ങള്‍ സാധാരണത്വം നേടിയിരിക്കുന്നു.
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുട്ടിത്തം നഷ്ടമായിരിക്കുന്നു. ജീവിതത്തിന്‍റെ വേഗതയും തിരക്കും ഏറിയപ്പോള്‍ നമുക്ക് കുട്ടികളെ ശ്രദ്ധിയ്ക്കാന്‍ സമയം തികയാതെയായി. ഇതു മറയ്ക്കുവാനായി നാം അവര്‍ക്കു മുന്നില്‍ തുറന്നു കൊടുത്തത് ടെലിവിഷന്‍റെയും കംപ്യൂട്ടറിന്‍റെയുമൊക്കെ മായികലോകമാണ്. കുട്ടികളാവട്ടെ പുതിയ ലോകം നന്നായി ആസ്വദിച്ചു. പഴയ കളികളും സൗഹൃദങ്ങളുമൊക്കെ അവരില്‍ നിന്ന് അകലെയായി. ഈ മായിക പ്രപഞ്ചത്തിലേയ്ക്ക് അവരുടെ കാഴ്ചകളും ചിന്തകളും മനസും ചുരുങ്ങി. കേബിള്‍ ടി.വി യും ഇന്‍റര്‍നെറ്റുമൊക്കെ ചേര്‍ന്ന് ഏത് തരം കാഴ്ചകളും കുട്ടികളുടെ വിരല്‍ തുമ്പിലെത്തിച്ചു.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്‍റെ കാലയളവില്‍ ഈ കാഴ്ചാനുഭവങ്ങള്‍ അവരുടെ വികാര വിചാര മണ്ഡലങ്ങളെയാണ് കടന്നാക്രമിച്ച് കീഴ്പ്പെടുത്തുന്നത്.
57% ടെലിവിഷന്‍ പരിപാടികളും മാനസികാരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന അതിഭീകരമായ അക്രമദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. സെക്സ് സംബന്ധമായ പരാമര്‍ശങ്ങളാവട്ടെ ഏറ്റവും സാധാരണമായിരിക്കുന്നു. 89% പരിപാടികളിലും ഇത്തരം പ്രതിപാദനങ്ങളുണ്ട്. മുതിര്‍ന്നവരുടേതെന്നോ കുട്ടികളുടേതെന്നോ തരംതിരിവില്ലാതെ ഇവയെല്ലാം കുട്ടികള്‍ക്ക് പ്രാപ്യവുമാണ്. സെക്സ് ഉള്‍പ്പെടെ, ജീവിതകാഴ്ചപ്പാടുകളെ സംബന്ധിച്ച് ഇവ വികലമായ പല ധാരണകളും ഇളം മനസുകളില്‍ കുത്തിനിറയ്ക്കും. നിരന്തരം കാണുന്നതും കേള്‍ക്കുന്നതുമൊക്കെ പരീക്ഷിച്ചറിയാനുള്ള വ്യഗ്രത ഉപബോധമനസില്‍ മുളപൊട്ടുക സ്വാഭാവികം. അതുകൊണ്ടാണ് 4 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനുശേഷം കട്ടിലിന്‍റെ അടിയില്‍ ഒളിപ്പിയ്ക്കാനുള്ള മനസ്ഥൈര്യം 7-ാം ക്ലാസുകാരന് ഉണ്ടാവുന്നത്.
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 2500 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളെ നിരീക്ഷിച്ചതിനുശേഷം ഇവ കുട്ടികളുടെ വ്യക്തിത്വത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് പഠനം നടത്തി. റ്റി.വി.പരിപാടികളില്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്ന വയലന്‍സ് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുന്നു. ഈ കാഴ്ചകളില്‍ കുരുങ്ങുന്ന മനസ് സ്വയമറിയാതെ ഇവരെ ആക്രമണോത്സുക സ്വഭാവത്തിലേയ്ക്ക് നയിക്കാം. പരസഹായമില്ലാതെ ഒരു കൊലപാതകം നടത്താന്‍ വരെ അവര്‍ പ്രാപ് തരാകുന്നു. മാത്രമല്ല, ഇത്തരം കാഴ്ചകള്‍ നിരന്തരം കാണുന്ന കുട്ടികള്‍ക്ക് ഒരു ഭീകരദൃശ്യം മുന്നില്‍ കാണുമ്പോഴും ഒരു പരിധിവരെ നിസ്സംഗരായിരിക്കാന്‍ കഴിയും. ഈ കെട്ടുകാഴ്ചകളുടെ അതിപ്രസരം ഇവരെയെത്തിക്കുന്നത് യാ ഥാര്‍ത്ഥ്യവും മിഥ്യയും കൂടിക്കലര്‍ന്ന, അല്ലെങ്കില്‍ തിരിച്ചറിയാനാവാത്ത ഒരു അവസ്ഥയിലാണ്. സ്ക്രീനിലെ അസാമാന്യവും അമാനുഷികവുമായ പ്രകടനങ്ങള്‍ വിശ്വസിക്കുന്ന കുട്ടികള്‍ ഇവയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് യഥാര്‍ത്ഥ ജീവിതത്തെ നോക്കിക്കാണുക. ഈ മാദ്ധ്യമങ്ങള്‍ എത്രമാത്രം കുട്ടികളുടെ മനസില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമായിരുന്നു ഏതാനും നാളുകള്‍ക്ക് മുന്‍പുണ്ടായ ഒരു സംഭവം. ‘ശക്തിമാന്‍’ എന്ന സൂപ്പര്‍ നാച്വറല്‍ കഥാപാത്രത്തിന്‍റെ ആരാധകരായ കുട്ടികള്‍ പല സ്ഥലങ്ങളിലും സാഹസകൃത്യങ്ങള്‍ക്കു മുതിര്‍ന്നു. ചിലര്‍ വലിയ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്കു ചാടി. ശക്തിമാന്‍ തങ്ങളെ രക്ഷിയ്ക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പിന്നീട് ഈ കഥാപാത്രം തന്നെ ടെലിവിഷനിലൂടെ പ്രത്യക്ഷപ്പെട്ട് ഇത് ഒരു കെട്ടുകഥമാത്രമാണെന്ന് കുട്ടികളെ വിശ്വസിപ്പിക്കേണ്ടിവന്നു.
ടെലിവിഷനിലെയും സിനിമയിലെയുമൊക്കെ കഥാപാത്രങ്ങളെ അനുകരിക്കുന്ന കുട്ടികള്‍ മാനുഷികമൂല്യങ്ങളേക്കാളേറെ, അവരുടെ രൂപഭാവങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്.
ഇതിനു പുറമെ ഇടത്തരക്കാരന്‍റെ വീടുകളില്‍പോലും കംപ്യൂട്ടര്‍ സാധാരണമായതോടെ പുറംലോകത്തെ പാടേ അവഗണിച്ച് കുട്ടികള്‍ ഇതിനടിമകളായി. കുട്ടികളുടെ മുറിയില്‍ കംപ്യൂട്ടര്‍ വാങ്ങി വയ്ക്കുന്ന മാതാപിതാക്കള്‍ അവര്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് ചിന്തിക്കാറുമില്ല.
നമ്മുടെ കുട്ടികള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നുവെങ്കില്‍ കുറ്റക്കാര്‍ നാം തന്നെയാണ്.