കാറല്‍ ബാര്‍ത്തിനെ മറക്കാതിരിക്കാം

രുപതാം നൂറ്റാണ്ടിലെ പ്രശസ്തനും പ്രഗല്‍ഭനുമായ ദൈവശാസ്ത്രജ്ഞന്‍ കാറല്‍ ബാര്‍ത്ത് 1886 മെയ് 10നു സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസല്‍ എന്ന സ്ഥലത്തു ജനിച്ചു. 18-ാം വയസ്സില്‍ ബേണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. 23-ാം വയസ്സില്‍ സ്വിസ് റിഫോംഡ് സഭയിലെ വൈദികനായി. റിലിജിയസ് സോഷ്യലിസ്റ്റ് പ്രസ്ത്ഥാനവുമായി ബന്ധം പുലര്‍ത്തി. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു.
ബേണ്‍യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടശേഷം എഴുതിയ 12 വാല്യങ്ങളുള്ള ഗ്രന്ഥ പരമ്പരയാണ് ‘ചര്‍ച്ച് ഡോഗ് മാറ്റിക്സ്.’ റോമര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനത്തോടെയാണ് കാറല്‍ ബര്‍ത്ത് ദൈവശാസ്ത്രരംഗത്ത് ശ്രദ്ധേയനാകുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഗല്‍ഭലനായ ദൈവശാസ്ത്രചിന്തകന്‍ ഷ്ളയര്‍ മാഖര്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ആ സ്ഥാനം ബാര്‍ത്തിനു ലഭിച്ചു. ബാര്‍ത്ത് രൂപപ്പെടുത്തിയ ദൈവശാസ്ത്ര പദ്ധതിക്ക് ‘നിയോ ഓര്‍ത്തഡോളജി’ എന്നു പറയുന്നു. എമില്‍ ബ്രൂണര്‍, റെയ്നാള്‍ഡ് നീബര്‍ എന്നിവര്‍ ഈ ചിന്താധാരയെ പരിപോഷിപ്പിച്ചു.
പീയൂഷ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായത്തില്‍ തോമസ് അക്വിനാസിനു ശേഷമുള്ള വലിയ ദൈവശാസ്ത്രജ്ഞനാണ് കാറല്‍ ബാര്‍ത്ത്. പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞനായിരുന്നിട്ടും വാള്‍ട്ടെര്‍ കാസ്പറെ പോലുള്ള കത്തോലിക്ക ദൈവശാസ്ത്രജ്ഞന്മാരെയും ബാര്‍ത്തിന്‍റെ ചിന്തകള്‍ സ്വാധീനിച്ചു.
ലിബറലിസത്തിന് കടുത്ത പ്രഹരവുമായാണ് ബാര്‍ത്തിന്‍റെ ചിന്തകള്‍ വരുന്നത്. ഡയലെറ്റിക്കല്‍ ദൈവശാസ്ത്രത്തിനു പ്രാധാന്യം കൊടുത്ത ബാര്‍ത്ത് വിശ്വാസത്തിനും ദൈവവെളിപ്പാടിനും പ്രാധാന്യം നല്‍കി.
മനുഷ്യന്‍ രൂപപ്പെടുത്തിയ വിശ്വാസ സംഹിതകളെയല്ല, ദൈവം സംസാരിക്കുന്നതാണ് മനുഷ്യന്‍ കേള്‍ക്കേണ്ടത് എന്ന് ബാര്‍ത്ത് പറഞ്ഞു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ ശരിയായ അറിവല്ല ബൈബിളിന്‍റെ ഉള്ളടക്കം, മനുഷ്യനെപ്പറ്റിയുള്ള ദൈവത്തിന്‍റെ അറിവാണ് എന്നാണ് ബാര്‍ത്തിന്‍റെ ചിന്ത. ലിബറല്‍ ദൈവശാസ്ത്രജ്ഞന്മാരുടെ ചരിത്രപുരുഷനായ ക്രിസ്തുവിനെയല്ല ക്രിസ്തു സംഭവത്തിലെ ദൈവപുത്രനായ ക്രിസ്തുവിനെ കേന്ദ്രീകരിച്ച ചിന്തകള്‍ക്കാണ് ബാര്‍ത്ത് ഊന്നല്‍ നല്‍കിയത്.
ദൈവശാസ്ത്രത്തിന്‍റെ ചുരുക്കം എന്താണ് എന്ന ചോദ്യത്തിന് ബാര്‍ത്ത് നല്‍കിയ മറുപടി: യേശു എന്നെ സ്നേഹിക്കുന്നു എന്ന് ഞാന്‍ അറിയുന്നു, കാരണം ബൈബിള്‍ എന്നോട് അങ്ങനെ പറയുന്നു എന്നായിരുന്നു.
നവീകൃത ദൈവശാസ്ത്രചിന്തയിലൂടെ ഒരു നൂറ്റാണ്ടും അതിനപ്പുറവും ആദ്ധ്യാത്മിക മണ്ഡലത്തെ ദീപ്തമാക്കിയ ‘നിയോ ഓര്‍ത്തഡോക്സി’ ഇന്നും പ്രസക്തമാണ്. 1969 ഡിസംബര്‍ 10ന് ബാര്‍ത്ത് അന്തരിച്ചു.