റാന്നി: വിവാദ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതിവകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടി. ബിലിവേഴ്സ് ചര്‍ച്ചിന്‍റെ ആസ്ഥികളെല്ലാം മരവിപ്പിക്കുമെന്നുമറിയുന്നു. ബിലിവേഴ്സ് ചര്‍ച്ചിനെതിരായ നികുതികേസിലാണ് ഏതാണ്ട് രണ്ടായിരം ഏക്കറോളം വരുന്ന ഭൂമി കേന്ദ്ര ഏജന്‍സി കണ്ടുകെട്ടുന്നത്. അഞ്ഞൂറ് കോടിയുടെ ഫെമാ കേസ് ആദായനികുതിവകുപ്പ് ബിലിവേഴ്സ് ചര്‍ച്ചിനെതിരെ ചുമത്തിയിട്ടുണ്ട്. നികുതി അടച്ചില്ലങ്കില്‍ ഭൂമി നഷ്ടമാകും.
ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടുവച്ച ഭൂമിയാണിത്. ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ശബരിമലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അദാനി ഗ്രൂപ്പിനു മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ചെറുവള്ളിയില്‍ വിമാനത്താവളം ഉണ്ടാകുന്നത് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വരുമാനത്തെ ബാധിക്കാമെന്നതിനാല്‍ ബിലിവേഴ്സ് ചര്‍ച്ചിനെതിരെയുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ വമ്പന്‍ ബിസിനസ് ശക്തികളാണോ എന്ന സംശയവും ഉയരുന്നുണ്ട്.