പുരാതന ബൈബിള്‍ ചുരുള്‍ കണ്ടെത്തി

ടെല്‍ അവീവ്: പുരാതന ബൈബിള്‍ ലിഖിതങ്ങള്‍ അടങ്ങിയ ചുരുള്‍ ശകലങ്ങള്‍ ഇസ്രയേലി ഗവേഷകര്‍ യൂദയന്‍ മരുഭൂമിയിലെ ഗുഹയില്‍ നിന്നു കണ്ടെത്തി. 2,000 വര്‍ഷത്തെ പഴക്കം അനുമാനിക്കുന്നു. എഴുപതു വര്‍ഷം മുമ്പ് ചാവുകടല്‍ ചുരുളുകള്‍ ലഭിച്ച ശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്.
കേവ് ഓഫ് ഹൊറര്‍ എന്ന ഗുഹയില്‍നിന്നാണ് ഡസന്‍ കണക്കിനു തുകല്‍ ചുരുള്‍ശകലങ്ങള്‍ ലഭിച്ചത്. ബൈബിളിലെ സഖറിയാ, നാഹൂം പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ഗ്രീക്കിലാണ് എഴുത്ത്. എന്നാല്‍, ദൈവത്തിന്‍റെ നാമം മാത്രം ഹീബ്രുവിലാണ്. രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബര്‍കോഖ്ബാ വിപ്ലവത്തില്‍ പരാജയപ്പെട്ട് മരുഭൂമിയില്‍ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്ന് അനുമാനിക്കുന്നു. ബി.സി നാലാം നൂറ്റാണ്ടില്‍ അലക്സാണ്ടര്‍ യൂദയാ കീഴ്പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ.
വിപ്ലവകാലത്ത് യഹൂദന്മാര്‍ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കുഞ്ഞിന്‍റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വര്‍ഷം പഴക്കമുള്ളതും നാരുകള്‍ കൊണ്ടുണ്ടാക്കിയതുമായ ഒരു കൂട്ട എന്നിവയും കേവ് ഓഫ് ഹൊററില്‍ നിന്നു കണ്ടെത്തി. 1948 മുതല്‍ യൂദയന്‍ ഗുഹകളില്‍ നിന്ന് ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ അനേകം ചുരുള്‍ ശകലങ്ങളും 40 അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. മരുഭൂമിയിലെ ഗുഹകള്‍ കൊള്ളയടിക്കപ്പെടുന്നത് തടയാനുള്ള നീക്കത്തിനിടെയാണ് വീണ്ടും ചുരുളുകള്‍ കണ്ടെത്തിയത്.
ബി.സി മൂന്ന്, എ.ഡി ഒന്ന് നൂറ്റാണ്ടുകള്‍ക്കിടെ രചിക്കപ്പെട്ട ഈ ചുരുളുകള്‍, ബൈബിള്‍ പുസ്തകങ്ങളുടെ ലഭ്യമായ ഏറ്റവും പഴക്കമുള്ള പകര്‍പ്പുകളാണ്.