ജീവിതത്തിന്‍റെ നിഴല്‍

ബോബി ജോസ് കട്ടികാട്

സാമാന്യം ഭേദപ്പെട്ട ഒരു കളിക്കളമാണീ ഭൂമി. എല്ലാവരും ആരോടൊക്കെയോയുള്ള അന്തമില്ലാത്ത മത്സരത്തിലാണ്. ഒരു നുള്ള് നിര്‍മ്മമതയോടെ ഈ നഗരത്തെ കാണുക. അതിന്‍റെ ചടുലതയും, എന്തിന് നിരത്തിന് മീതെ പടരുന്ന ഈ പൊടിക്കാറ്റുപോലും മത്സരത്തിന്‍റെ ശരീരഭാഷയാണ്. ഈ തിടുക്കവും തിരക്കും ഒരു സാമാന്യ നിയമമായി പരിണമിച്ചതുകൊണ്ട് ഇപ്പോള്‍ ആര്‍ക്കുമതില്‍ വേവലാതി പോലുമില്ല.
നഗരത്തിരക്കിന്‍റെ എട്ടുവരിപ്പാത കുറുകെ കടക്കാന്‍ പമ്മിയും പരുങ്ങിയും നില്‍ക്കുന്ന വയോധികനായ ആ ബുദ്ധ ഗുരുവിനെ ഓര്‍മിക്കുന്നു. തെല്ലൊരു അനുഭാവം അയാളോടനുഭവപ്പെട്ട ഒരു ചെറുപ്പക്കാരന്‍ പൊലീസ് ഓഫീസര്‍ തന്‍റെ സഹജമായ ധാര്‍ഷ്ട്യത്തെ കൈവിടാതെ അയാളെ മറുകര കടത്തി. അപ്പോള്‍ ആ ചെറുപ്പക്കാരന്‍റെ മിഴികളില്‍ ഉറ്റുനോക്കി ശൈശവമായ നിഷ്കളങ്കതയോടെ അയാള്‍ ചോദിച്ചു: എന്‍റെ കാര്യം പോകട്ടെ, മുടന്തനായ ഒരു കുട്ടി നിങ്ങളുടെ എട്ടുവരിപ്പാതയെങ്ങനെ, എന്ന് കുറുകെ കടക്കും. സ്പ്രിന്‍റ് ട്രാക്കിനെ ഓര്‍മ്മിപ്പിക്കുന്ന തന്‍റെ ചടുല ജീവിതത്തില്‍ തന്‍റെ മനസിലൂടെയൊന്ന് കുറുകെ കടക്കുവാന്‍ കാത്തു നില്‍ക്കുന്ന ദുര്‍ബലരുടെ ഘോഷയാത്രയില്‍ അയാള്‍ ആത്മനിന്ദകൊണ്ടു പുകഞ്ഞു. പിന്നെ പ്രകാശിതനായി. കൃത്യനിഷ്ഠ, പ്ലാനിംഗ്, തിരക്ക്, ഊര്‍ജ്ജ്വസ്വലത, മാനേജ്മെന്‍റ്, പ്രായോഗികത . . . ഹൃദയമില്ലാത്ത മത്സരത്തിന് ചെല്ലപ്പേരുകളെത്ര? ഒളിമ്പിക്സിന്‍റെ കൊടിയടയാളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എല്ലാവരും കിനാവ് കാണുന്നത് കൂടുതല്‍ ഉയരം. കൂടുതല്‍ വേഗം . . . പരമാവധി മുപ്പതിനായിരം ദിനങ്ങള്‍ മാത്രമുള്ള ഒരാളുടെ വാഴ്വിലെ ഒടുക്കമില്ലാത്ത കളികള്‍! സഹശയനത്തിനുപോലും ചില പദങ്ങള്‍ ഉപയോഗിച്ചു കേള്‍ക്കുമ്പോള്‍ മനുഷ്യനായിരിക്കുന്നു എന്ന ഒരു കാരണം കൊണ്ടു തന്നെ ആത്മനിന്ദ അനുഭവപ്പെടുന്നു പലപ്പോഴും. അറിയുക എന്നൊരു പദമാണ് രതിക്കുവേണ്ടി വേദം മാറ്റി വയ്ക്കുന്നതെന്ന് ഓര്‍മ്മിക്കണം. ആ പ്രകാശത്തില്‍ നില്‍ക്കുന്നതുകൊണ്ടാവണം മീതെ പറഞ്ഞ സൂചനകള്‍ ഇത്രമേല്‍ ഭാരപ്പെടുത്തുന്നത്.
പരിണാമമായാലും ഉല്‍പത്തിയായാലും മനുഷ്യനോളം പഴക്കമുണ്ട് അവന്‍റെ മത്സരങ്ങള്‍ക്കും. കരുത്തുള്ളവരുടെ അതിജീവനമാണല്ലോ പ്രപഞ്ചത്തിന്‍റെ അലംഘനീയ നിയമം. പരസ്പരം പോരാടുന്ന രണ്ടു മക്കളുടെ കഥയോട് കൂടിയാരംഭിക്കുന്നു മനുഷ്യന്‍റെ വംശാവലി പുസ്തകം. കുറച്ചൊക്കെ വിനയം അനുഭവപ്പെടേണ്ട പ്രാര്‍ത്ഥനകള്‍പോലും അവര്‍ക്ക് മത്സരവേദികളാണ്. ആ മത്സരം സോദരഹത്യയില്‍ അവസാനിക്കുന്നു. പരസ്പരം പോരാടുന്ന അബ്രഹാമിന്‍റെയും ലോത്തിന്‍റെയും ഇടയന്മാര്‍. നിനക്ക് ഇഷ്ടമുള്ളിടത്തേയ്ക്ക് നീ പൊയ്ക്കൊള്ളുക. മറുവശത്തേയ്ക്ക് ഞാന്‍ നടന്നുകൊള്ളാം എന്നു പറഞ്ഞ അബ്രഹാം ആ കളിക്കളത്തില്‍ നിന്നു പിന്‍വാങ്ങും. അയാള്‍ വിശ്വാസത്തിന്‍റെ പിതാവായി രൂപാന്തരപ്പെടുന്നതിനു പിന്നില്‍ മത്സരങ്ങള്‍ തളര്‍ത്തിയ സമചിത്തതയും ഒരു കാരണമായിട്ടുണ്ടാവും. ചെറുപ്പം തൊട്ടേ യിസ്ഹാക്കിനെ വേദനിപ്പിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഇസ്മയില്‍. പിറവിയില്‍ തന്നെ ജ്യേഷ്ഠന്‍റെ കാല്‍പാദങ്ങളെ മുറുകെപിടിച്ച് പുറത്ത് വരുന്ന ഏശാവിന്‍റെ ഇരട്ട സഹോദരന്‍ യാക്കോബ്. ജോസഫിനെതിരെ മത്സരിക്കുന്ന പതിനൊന്നു ഉടപ്പിറന്നവര്‍. പഴയനിയമം പൊടിപാറുന്ന ഒരു കളിക്കളം തന്നെ.!
മനുഷ്യര്‍ മാത്രമല്ല തിര്യക്കുകളും മരങ്ങളുംപോലും മത്സരത്തിലേര്‍പ്പെടാറുണ്ടത്രേ. കിളിക്കൂട്ടില്‍ താഴെ വീണ ആ കിളിക്കുഞ്ഞ് അബദ്ധത്തില്‍ വീണതൊന്നുമല്ല. ചേട്ടായിമാര്‍ സംഘം ചേര്‍ന്ന് തിക്കിതിക്കിയിട്ടതാണ്. പുതുതായി ക്ലാസില്‍ വന്ന കുട്ടികളെ ഒരറ്റത്തുനിന്ന് തിക്കിതിക്കി ബഞ്ചില്‍ നിന്ന് താഴത്തിടുന്ന ഒരു നാടന്‍ റാഗിംഗു സമ്പ്രദായമുണ്ടായിരുന്നു പഠിച്ചിരുന്ന സ്കൂളില്‍. വന്‍ വൃക്ഷങ്ങളുടെ കീഴില്‍ പുല്‍നാമ്പുകള്‍ വളരാത്തതെന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് കൊഴിക്കുന്ന ഇലകളില്‍ ജീവനെ തടസപ്പെടുത്തുന്ന അപകടകരമായ അമ്ലരസങ്ങളുണ്ട്. ചുരുക്കത്തില്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കുന്നതുപോലെ ഒരാള്‍ക്ക് ഒരു ബലമുണ്ടെങ്കില്‍ അയാള്‍ എന്നെങ്കിലും അത് ഉപയോഗിക്കുക തന്നെ ചെയ്യും!
പ്രകൃതിനിയമം കണക്ക് തോന്നിക്കുന്നതുകൊണ്ടുമാത്രം എല്ലാ കാര്യങ്ങളും നീതീകരിക്കപ്പെടേണ്ടതുണ്ടോ. കുഞ്ഞ് അപ്പനോട് ചോദിച്ചതുപോലെ എന്‍റെയുള്ളില്‍ പരസ്പരം സദാ പോരാടുന്ന രണ്ടു കരടികളുണ്ട്. ഒടുവിലത്തെ വിജയം ആരുടെതാണ്. നീയേതിന് തീറ്റകൊടുക്കുന്നുവോ അത്! മറ്റേതിനെ പട്ടിണിക്കിട്ട് കൊല്ലുകയേ തരമുള്ളു. എന്നിട്ടും ഓര്‍മ്മവെച്ച കാലം മുതലിന്നോളം എന്‍റെ ചെറിയ ജീവിതത്തിന്‍റെ ദിശയെ നിയന്ത്രിക്കുവാന്‍ കടപ്പെട്ടവരെന്നു കരുതിയവര്‍ ഊട്ടിയത് നെഞ്ചിലെ മത്സരമെന്ന ഹിംസ്രജന്തുവിനെയായിരുന്നു. യാക്കോബിന്‍റെ അമ്മയായ റബേക്കായെപ്പോലെ. മക്കളെ മത്സരത്തില്‍ നിന്ന് മാറ്റി നടത്താനല്ല, അതില്‍ കക്ഷിചേരാനായിരുന്നു അമ്മയുടെ താല്പര്യം. തോല്‍പ്പിച്ചു വളരുകയെന്ന ചെവിട്ടോര്‍മ്മയ്ക്ക് ശൈശവത്തോളം പഴക്കമുണ്ട്. അനാരോഗ്യകരമായ താരതമ്യങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതത്തെ ഭാരപ്പെടുത്തിയവര്‍ നമ്മുടെ പുഞ്ചിരികളെ മോട്ടിച്ചെടുത്തു. ചിലപ്പോള്‍ തോന്നുന്നു തീരെ മാപ്പര്‍ഹിക്കാത്തവരാണവരെന്ന്. ഒരു മത്സരം അവസാനിപ്പിച്ചുവെന്നു നാം സമാശ്വസിക്കുമ്പോള്‍ അവര്‍ അടുത്ത മത്സരത്തിനുള്ള വിസില്‍ ഊതിത്തുടങ്ങുന്നു. അപൂര്‍വ്വം ചിലര്‍ അങ്ങനെയല്ലെന്നുള്ളത് എന്തൊരു സദ്വാര്‍ത്തയാണ്. പരീക്ഷയില്‍ ബോധപൂര്‍വ്വം തെറ്റുവരുത്തുന്ന ഒരു മകളെ അമ്മ ശകാരിക്കുമ്പോള്‍, ഇത്തവണ രണ്ടാമതെത്തിയാല്‍ സ്കൂള്‍ മാറ്റേണ്ടി വരുമെന്ന മാതാപിതാക്കന്മാരുടെ ഭീഷണിക്ക് വിധേയയായുള്ള കൂട്ടുകാരിക്ക് വേണ്ടിയാണതെന്ന് അവള്‍ വെളിപ്പെടുത്തുന്നു. ആ കൊച്ചുമക്കള്‍ക്ക് നെറ്റിയില്‍ ഒരു ചുംബനം. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന ചിത്രത്തിലെന്നപോലെ ചില കുഞ്ഞുങ്ങള്‍ ഓടുന്നത് രണ്ടാമതെത്താനാണ്. അബദ്ധത്തില്‍ തന്‍റെ അനിയത്തിക്കുഞ്ഞിന്‍റെ ചെരുപ്പ് കൊണ്ടുപോയി കളഞ്ഞ ഒരു പയ്യന്‍ ഒരു ഓട്ട മത്സരത്തിലെ രണ്ടാം സമ്മാനം ഒരു ജോഡി ഷൂ ആണെന്നു കണ്ട് അതില്‍ പങ്കുചേരുന്നതാണ് ചിത്രത്തിന്‍റെ തന്തു. വാശിയേറിയ മത്സരത്തില്‍ ദരിദ്രനായ കുട്ടി ഓടുന്നതിപ്പോള്‍ ഒന്നാമതെത്താനല്ല. അതുകൊണ്ടുതന്നെ ഓടി ഒന്നാമതായി എത്തുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ഭാരം ഉണ്ട്. പരാജയപ്പെട്ട വിജയമായിരുന്നു അത്.
കളികളൊക്കെ തണ്ടികളോടൊപ്പമാണ്. സ്വയം തുല്യരെന്ന് ഗണിക്കുന്നവര്‍ക്കിടയിലാണീ അങ്കമൊക്കെയും. ഒരേ പാഠം അഭ്യസിപ്പിക്കുന്നവര്‍, ഒരേ തൊഴിലിലേര്‍പ്പെടുന്നവര്‍ അങ്ങനെയങ്ങനെ. ശൗല്‍ ആയിരങ്ങളെ കൊന്നു ദാവീദ് പതിനായിരങ്ങളെ കൊന്നു എന്ന പാട്ടുകേള്‍ക്കവേ സ്വന്തം ഈഗോയ്ക്ക് പരുക്കേല്‍ക്കുന്ന സാധുമനുഷ്യര്‍ . . . ആ നിമിഷം ഇത്രനാള്‍ പുലര്‍ത്തിയ സൗന്ദര്യത്തിന്‍റെയും ഹൃദയവിശാലതയുടെയും ചെറുനാളങ്ങള്‍ കാറ്റില്‍ ഉലയുന്നു. ഒരു നവാഗതന്‍റെ ചിത്രം കൂടുതല്‍ ശ്രദ്ധയും അംഗീകാരവും നേടുന്നതുകണ്ട് ഋഷിതുല്യനായി ജീവിച്ച ആ ചിത്രകാരന്‍ ഉടലിലും, മനസ്സിലും തളര്‍ന്നു പോവുന്നത് കണ്ടില്ലേ. ഡാവിഞ്ചിയാണത്. പുതുതാരം മൈക്കള്‍ ആഞ്ചലോ! ചന്ദ്രനില്‍ ആദ്യം കാലുകുത്തിയതോടെ നീല്‍ ആസ്ട്രോംഗ് രണ്ടാമനായ കൂട്ടുകാരന് ശത്രുവായി. അങ്ങനെയല്ലാത്ത രണ്ടുപേര്‍ ഹിലാരിയും ടെന്‍സിംഗുമാണ്. മരണത്തോളം തങ്ങളിലാരാണാദ്യം ആ കൊടുമുടിയുടെ നെറുകയില്‍ ചവിട്ടിയതെന്നവര്‍ ഒരാളോടും പറഞ്ഞിട്ടില്ല. ഒന്നോര്‍ത്താല്‍ കൂലിപ്പണിക്കാരനായ ഒരു ഷെര്‍പ്പയുടെ പേര്‍ പരാമര്‍ശിക്കാതെ പോയാലും ഒരു കുഴപ്പവുമില്ല. എന്തിനു അന്യദേശങ്ങളില്‍ നിന്ന് ദൃഷ്ടാന്തകഥകള്‍ തിരയുന്നു – ആ തച്ചന്‍ തന്‍റെ ഉളിരാകുന്നത് എന്തുദ്ദേശ്യത്തിലാണ്. താഴെ മകനിരുന്നു ചിന്തേരിടുന്നുവെന്നോര്‍ക്കണം. ഇനി ഭാഗവതര്‍ പാടേണ്ട, ചുണ്ടനക്കിയാല്‍ മതിയെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ പിന്നെ ഞാനിനിയെന്തിനാടോ എന്ന് പറഞ്ഞ് ഭാരപ്പെട്ടിരിക്കുന്ന ഒരാള്‍, അഗസ്റ്റ്യന്‍ ജോസഫാണത് . . .
കളിയത്ര കളിയൊന്നുമല്ല. അതില്‍ ജീവിതത്തിന്‍റെ നിഴല്‍ വീണിട്ടുണ്ട്. നടുക്കുന്ന അത്തരം ഒരു സംഭവത്തെ ആധാരമാക്കി ഒരു ചലച്ചിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധമാണ് പശ്ചാത്തലം. ജര്‍മ്മന്‍ഭടന്മാര്‍ തങ്ങളുടെ പടയോട്ടങ്ങള്‍ക്കിടയില്‍ ഉക്രെയിനില്‍ തമ്പടിക്കുന്നു. നേരം പോക്കാന്‍ നാട്ടുകാരുമായി കളിയിലേര്‍പ്പെടുന്നു. ഫുട്ബോളിന്‍റെ ഉസ്താദുമാരാണ് നാട്ടുകാര്‍. ആദ്യമൊരു ക്യാമ്പൊക്കെയുണ്ട്. പട്ടാളക്കാര്‍ക്കും നാട്ടുകാര്‍ക്കും രണ്ടുതരം മെസ്സാണ്. വളരെ ദരിദ്രമായ ഭക്ഷണമാണ് രണ്ടാമത്തെ കൂട്ടര്‍ക്ക്. അങ്ങനെ ഏതാണ്ട് പട്ടിണിക്കിട്ട മനുഷ്യരുമായിട്ടാണ് മത്സരം ആരംഭിക്കുന്നത്. എന്നാല്‍ കളി തുടങ്ങിയപ്പോളവര്‍ പുലികളായി. ഉക്രെയിന്‍കാരുടെ മുന്നേറ്റം തുടരുമ്പോള്‍ തങ്ങള്‍ക്ക് പരാജയം താങ്ങുക സാദ്ധ്യമല്ലെന്ന് പട്ടാളമേധാവി അവരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ കളി തുടരുമ്പോള്‍ അതൊക്കെ അവര്‍ മറന്നുപോകും. ഒടുവില്‍ ജയാരവങ്ങള്‍ മുഴക്കുന്ന ഉക്രയിന്‍ ടീമിന്‍റെ നേരെ തന്‍റെ നിറതോക്കൊഴിക്കുന്ന പട്ടാളമേധാവി. കളിയെപ്പോലും കാര്യമായെടുക്കുന്നവരുടെ കാര്യത്തിന്‍റെ ഗതിയെന്തായിരിക്കും?
പുതിയ നിയമം ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രമാണ്. ആ ചന്തമവിടെ രൂപപ്പെട്ടത് സ്നേഹപൂര്‍വ്വം തോറ്റ മനുഷ്യരിലൂടെയാണ്. ഉടുപ്പെടുക്കുന്നവന് മേലങ്കി കൊടുക്കാന്‍ പഠിപ്പിക്കുന്ന പുസ്തകമാണത്. ഉടുപ്പ് പാവപ്പെട്ട മനുഷ്യന്‍റെ പണയവസ്തുവാണ്. അത് തിരികെ കിട്ടാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ നിങ്ങളാവട്ടെ മേലങ്കികൂടി വേണ്ടെന്ന് വെക്കുന്നു. അവകാശവും അര്‍ഹതയുമുള്ള മനുഷ്യര്‍ ബോധപൂര്‍വ്വം പിന്‍വാങ്ങുന്നു. ദൈവമായിരുന്നിട്ടും ദൈവികത കൊണ്ടു നടക്കേണ്ട കാര്യമായി കരുതാത്തയാള്‍ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്ന ക്രിസ്തുവില്‍ നിന്നാരംഭിക്കണമത്.