സി.വി.ബാലകൃഷ്ണന്‍റെ സാഹിത്യത്തില്‍ സത്യവേദപുസ്തകത്തില്‍ നിന്നുള്ള ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട്

1980 – ലെ ആ ദിവസം സി.വി.ബാലകൃഷ്ണന് ഇപ്പോഴും ഓര്‍മ്മയുണ്ട്. ജനുവരിയിലെ ഒരു പകല്‍ വേളയില്‍ കല്‍ക്കത്തയിലെ പുരാതനമായ സെന്‍റ് പോള്‍സ് കത്തീഡ്രല്‍ ഹാളില്‍ ഒറ്റയ്ക്ക് ബൈബിള്‍ വായിച്ചിരുന്ന ദിവസം. ബൈബിള്‍ തുറന്നുവച്ച് അനേകം ഓര്‍മ്മകളില്‍ നഷ്ടപ്പെടുകയായിരുന്നു മനസ്സ്. തികഞ്ഞ നിശ്ശബ്ദതയിലും ശാന്തിയിലും ഓര്‍മ്മകളുടെ ഒരു കാറ്റു വീശുന്നതും വാക്കുകള്‍ ഇലകളായി മനസ്സിലേയ്ക്കു പറന്നുവീഴുന്നതായും അപ്പോള്‍ തോന്നിയിരിക്കണം.
സി.വി.ബാലകൃഷ്ണന്‍റെ സാഹിത്യത്തില്‍ സത്യവേദപുസ്തകത്തില്‍ നിന്നുള്ള ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട്. വാക്കുകളില്‍ വിശുദ്ധിയും വിലാപവും നിറയുന്നു. ആത്മാവില്‍ വചനത്തിന്‍റെ സാന്ത്വനം. തന്‍റെ ബൈബിള്‍ വായനയെക്കുറിച്ച് സി.വി.ബാലകൃഷ്ണന് ചിലതൊക്കെ പറയാനുണ്ട്.
എത്രയോ വര്‍ഷം മുന്നേ ഞാന്‍ ബൈബിള്‍ വായിക്കുന്നുണ്ട്. ഞങ്ങളുടെ ഗ്രാമത്തില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. ക്രിസ്തുമതവിശ്വാസിയായ ഒരു അദ്ധ്യാപിക ഞങ്ങളുടെ നാട്ടില്‍ കുടിയേറി ഒരു ഈഴവനെ വിവാഹം ചെയ്ത് പാര്‍ത്തിരുന്നു. വല്ലപ്പോഴും സുവിശേഷ വേലക്കാര്‍ ബാന്‍റ് വാദ്യവുമായി വലിയൊരു ആരവമുണ്ടാക്കി ഞങ്ങളുടെ തെരുവിലൂടെ നടന്നു. കിഴക്കന്‍ മലയോരത്തുള്ള ഒരു സ്കൂളില്‍ ജോലി ചെയ്യാന്‍ പോയപ്പോഴാണ് ഞാന്‍ ക്രിസ്തീയ ജീവിതം നേരിട്ടനുഭവിക്കുന്നത്. ചെറുപുഴയ്ക്കടുത്തുള്ള കമ്പല്ലൂര് ഒരു കുടിയേറ്റ ഗ്രാമമായിരുന്നു. അന്നു കാണുന്ന ഓരോ കാഴ്ചകളും എനിക്ക് പുതുതായിട്ടു തോന്നി. കോട്ടയം പാലാ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരായിരുന്നു അവര്‍. അവരുടെ ഭാഷ, പെരുമാറ്റ രീതികള്‍, പ്രാര്‍ത്ഥനകള്‍ എല്ലാം എനിക്ക് വിചിത്രമായി തോന്നി.
ചെറുപ്പം തൊട്ടേ എനിക്ക് മതബോധമുണ്ടായിരുന്നില്ല. ഞങ്ങളുടേത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബമൊന്നുമായിരുന്നില്ല. എന്നാല്‍, മതത്തിന്‍റെ ചട്ടക്കൂടിലല്ല ഞങ്ങള്‍ വളര്‍ന്നത്. എന്നാല്‍, പില്‍ക്കാലത്ത് എന്നെ സ്വാധീനിച്ച ഒരു മതാത്മകത ക്രിസ്തീയതയുടേതാണ്.
ലിബറേഷന്‍ തിയോളജി എന്നത് ബൈബിള്‍ വായിക്കാനുള്ള വ്യത്യസ്തമായ ഒരു രീതിയാണ്. ചരിത്രത്തിലെ ക്രിസ്തുവും ഔദ്യോഗിക സഭയുടെ ക്രിസ്തുവും രണ്ടാണ്. യഥാര്‍ത്ഥ ക്രിസ്തു സഭയ്ക്ക് പുറത്താണ്. പ്രൗഢമായ അള്‍ത്താരകളിലേയ്ക്ക് ക്രിസ്തു ഇറങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ക്രിസ്തു തീര്‍ച്ചയായും ഒരു വെണ്ണക്കല്‍ പ്രതിമയല്ല. ഔദ്യോഗിക സഭയുടെ പുരോഹിതന്മാര്‍ കാഴ്ചവയ്ക്കുന്ന ദിവ്യബലിയിലേയ്ക്കോ കുര്‍ബാനകളിലേയ്ക്കോ ക്രിസ്തുവിന്‍റെ സ്നേഹവും കടാക്ഷവും കടന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
സഭ സമ്പത്തിന്‍റെ പക്ഷത്താണ്, ദരിദ്രപക്ഷത്തല്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇന്ന് പ്രവര്‍ത്തിക്കുന്നത് മൂലധന സമാഹരണത്തിനുവേണ്ടി യാണ്. സാമൂഹ്യസേവനം ഒരു പു കമറ മാത്രമാണ്. മുതലാളിത്തത്തിന്‍റെ ഏറ്റവും നഗ്നമായ ചൂഷണരീതികളാണ് സഭ ഇന്നു കൈക്കൊള്ളുന്നത്. അതിന്‍റെ നിര്‍ദ്ദയത്വം മുഴുവന്‍ ഇന്ന് സഭ കാണിക്കുന്നുണ്ട്.
കണ്ണാടിക്കടല്‍, ആമേന്‍, ആമേന്‍ തുടങ്ങിയ ക്രൈസ്തവ ബോദ്ധ്യത്തിന്‍റെ വെളിച്ചത്തില്‍ എഴുതപ്പെട്ടവയൊക്കെ വളരെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അക്രൈസ്തവനായ ഒരാള്‍ ക്രി സ്തുവിനെക്കുറിച്ച് സംസാരിക്കുകയും സഭയെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആരോപണം. ക്രിസ്തുമതവിശ്വാസിയായിരുന്നിട്ടും പൊന്‍കുന്നംവര്‍ക്കിയുടെ വിമര്‍ശനങ്ങള്‍ സഭ സഹിച്ചിരുന്നില്ല. ധനികനായ ക്രി സ്ത്യാനി ഒരു അസംഭവ്യതയാണ് എന്നു ബര്‍ണാഡ്ഷാ മുന്‍പ് പറഞ്ഞിട്ടുണ്ട്. മാര്‍പ്പാപ്പയും ഔദ്യോഗിക സഭയിലെ മറ്റ് പുരോഹിതന്മാരും സത്യക്രിസ്ത്യാനികളാണ് എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ബൈബിളിന്‍റെ വെളിച്ചത്തില്‍, ആത്മാവില്‍ ശുദ്ധിയുള്ള എത്രപേര്‍ ഇന്ന് ക്രിസ്തുമതത്തിലുണ്ട്? അപൂര്‍വ്വംചിലരെ മാത്രമേ സത്യക്രിസ്ത്യാനികളായി, അന്യാദൃശമായ സ്നേഹത്തിന്‍റെ വക്താക്കളായി നമുക്ക് കണ്ടെത്താന്‍ കഴിയൂ.