ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതികളില്‍ ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് പാര്‍ലമെന്‍റ് രണ്ടാമതും സമയം നീട്ടിനല്‍കി. ലോക്സഭ ഏപ്രില്‍ ഒമ്പതുവരെയും രാജ്യസഭ ജൂലയ് ഒമ്പതുവരെയുമാണ് സമയം നീട്ടിനല്‍കിയത്. ഇതോടെ പൗരത്വനിയമഭേദഗതി നടപ്പാക്കുന്നത് വീണ്ടും വൈകുമെന്നുറപ്പായി.
പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങള്‍ ചോദ്യംചെയ്ത് സുപ്രീംകോടതിയിലും ഹര്‍ജികളുണ്ട്. ബില്‍ പാസായാല്‍ ചട്ടങ്ങള്‍ ആറുമാസത്തില്‍ കൂടുതല്‍ വൈകാന്‍ പാടില്ല. വൈകിയാല്‍ ബന്ധപ്പെട്ട മന്ത്രാലയം കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍നിന്ന് സമയം നീട്ടിവാങ്ങണം. നിയമത്തില്‍ ആഭ്യന്തരമന്ത്രാലയം ചട്ടങ്ങള്‍ തയാറാക്കിയെങ്കിലും നിയമത്തിലെ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്നുള്ള അന്തിമ നിലപാടറിയാന്‍ കാത്തിരിക്കുകയാണെന്നാണറിയുന്നത്.