വാഹനങ്ങളിലെ അലങ്കാരവസ്തുക്കളും നിയമവിരുദ്ധം

തിരുവനന്തപുരം: ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഇനി നിയമവിരുദ്ധം. മുന്‍വശത്തെ വിന്‍ഡ് സ്ക്രീനിന്‍റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നതുമൂലം ഡ്രൈവറര്‍മാരുടെ കാഴ്ച തടസ്സപ്പെടുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്.
പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെ വെക്കുന്നതും കുറ്റകരമാണ്. കുഷ്യനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ്ങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.