Sankeerthanam News

അന്‍പതിനായിരത്തിനുമേല്‍ പണം കൊണ്ടുപോകാല്‍ രേഖ വേണം

കോട്ടയം: തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ പണമിടപാടുകള്‍ നടത്തുന്നത് കൂടുതല്‍ കരുതലോടെയാവണമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
ബാങ്കുകള്‍, സഹകരണബാങ്കുകള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ എന്നിവയിലെ ഇടപാടുകള്‍ നിരീക്ഷണത്തിലാണ്. ഇവയ്ക്കെല്ലാം ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലും അന്‍പതോളം നിരീക്ഷണസംഘങ്ങള്‍ റോഡുകളില്‍ പരിശോധന നടത്തുകയും ചെയ്യും. സംഘത്തിന്‍റെ തലവന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ്. ഇദ്ദേഹത്തിന് തത്സമയം നടപടി സ്വീകരിക്കാം. യാത്രയില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈയിലുണ്ടെങ്കില്‍ അതിന്‍റെ ഉറവിടത്തിന്‍റെ രേഖകൈവശം വേണം.
ഒരു ലക്ഷം രൂപയ്ക്കുമുകളില്‍ നടക്കുന്ന എല്ലാ ബാങ്കിടപാടുകളും കര്‍ശനനിരീക്ഷണത്തിലാണ്.
രാഷ്ട്രീയവുമായി ബന്ധമില്ലെങ്കില്‍ക്കൂടി പണമിടപാടുകളില്‍ ജാഗ്രത പാലിക്കുന്നത് നോട്ടപ്പുള്ളിയാവാതിരിക്കാന്‍ നന്ന്. കൂടുതല്‍ തുകയുടെ ഇടപാടുകള്‍ക്ക് ചെക്ക്, നെറ്റ്ബാങ്കിംങ് സംവിധാനമായ ആര്‍.ടി.ജി.എസ്. ഉപയോഗിക്കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആര്‍.ടി.ജി.എസ്. മുഖേന നടക്കുന്ന ഇടപാടുകള്‍ നിരീക്ഷിക്കും. കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഇടപാടുകളും നിരീക്ഷണപരിധിയിലാണ്.
രണ്ടുമാസമായി ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ തിരഞ്ഞെടുപ്പുവേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ അവ ബാങ്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യണം. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യാം.