കുട്ടികളോടുള്ള ക്രൂരത കേരളത്തില്‍ വര്‍ദ്ധിക്കുന്നു

കുട്ടികളോടുള്ള ക്രൂരത കേരളത്തില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടപകള്‍ വ്യക്തമാക്കുന്നു. ബാലാവകാശ നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും നിലനില്‍ക്കുമ്പോഴും കണ്ണില്‍ ചോരയില്ലാത്ത അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്ക് ഇരയായത് 18,456 കുട്ടികളാണ്. നവംബര്‍ വരെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യ്തത് 3226 കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതികളും ബോധവത്കരണ പരിപാടികളും നടപ്പാക്കിയിട്ടും അതിക്രമങ്ങള്‍ കുറയുന്നില്ല.
സ്വന്തം വീടുകളിലാണ് കുട്ടികള്‍ കൂടുതലും അതിക്രമത്തിനിരയാകുന്നത്. ഇതില്‍ 90 ശതമാനം കേസുകളിലും അടുത്ത ബന്ധുക്കളാണ് പ്രതികള്‍.
തൃപ്പൂണിത്തുറയില്‍ സഹോദരി ഭര്‍ത്താവ് ഒമ്പത് വയസ്സുകാരനെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചതും മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാമതും അതിക്രമത്തിന് ഇരയായാതുമാണ് ഒടുവിലെ സംഭവങ്ങള്‍. ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2726 പോക്സോ കേസുകളാണ്.