ബിഷപ്പിന്‍റെ ഭൗതിക ശരീരം ദഹിപ്പിച്ചു

തൃശൂര്‍: കാലം ചെയ്ത സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സി.എം.ഐ(91)യുടെ ഭൗതിക ശരീരം ലാലൂരിലെ വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് സീറോ മലബാര്‍ സഭയിലെ ഒരു ബിഷപ്പിന്‍റെ ഭൗതിക ശരീരം ദഹിപ്പിക്കുന്നത്. നാളിതുവരെ ബിഷപ്പുമാരെ സംസ്കരിച്ചത് പ്രത്യേക രീതിയില്‍ ഇരുത്തി ആയിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായിരുന്നതിനാല്‍ പാരമ്പര്യ സംസ്കാര രീതികള്‍ ഒഴിവാക്കാന്‍ സഭ നിര്‍ബന്ധിതമാകുകയായിരുന്നു. ഭൗതിക അവശിഷ്ടം ശേഖരിച്ച് മഞ്ചലിലാക്കി സി.എം.ഐ. ദേവമാതാ പ്രൊവിഷ്യന്‍ ഹൗസില്‍ കൊണ്ടുവന്നു. ദിവ്യബലിക്കു ബിഷപ്പ് മാര്‍ പോളി കണ്ണുകാടന്‍ നേതൃത്വം നല്‍കി. അരണാട്ടുകരയിലുള്ള ഭവനത്തില്‍ പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന ഭൗതികാവശിഷ്ടം നാളെ രാവിലെ അരണാട്ടുകര സെന്‍റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സംസ്കാര ശുശ്രൂഷയും നടക്കും.
ചടങ്ങുകള്‍ക്ക് ശേഷം ഭൗതികാവശിഷ്ടം കുറ്റൂര്‍ ദേവമാതാ പള്ളിയിലേക്കും തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കും കൊണ്ടുപോകും. മാന്നാനം, കൂനമ്മാവ്, ചെത്തിപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് സന്യാസ പരിശീലനവും പൂന പേപ്പല്‍ സെമിനാരി ബംഗളൂരു ധര്‍മ്മാരാം എന്നിവിടങ്ങളില്‍ നിന്ന് വൈദിക പരിശീലനവും നേടി.1960 മെയ് 17ന് പൗരോഹിത്യം സ്വീകരിച്ചു.1987 ഫെബ്രുവരി 22ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി.