
സങ്കീര്‍ത്തനം ലേഖകന്‍
അടുത്ത നാല്‍പ്പതു വര്‍ഷത്തിനകം മനുഷ്യകുലം കൂട്ട വന്ധ്യതയ്ക്കിരയാവുമെന്ന് എപ്പിഡമോളജിസ്റ്റ് ഷാന്ന സ്വാന്‍ മുന്നറിയിപ്പു നല്‍കുന്നു. പുരുഷന്മാരിലെ ബീജത്തിന്‍റെ ഉത്പാദനശേഷി പകുതികൊണ്ട് കുറയുമെന്നും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നുമാണ് ഷാന്ന ‘ കൗണ്ട് ഡൗണ്‍ ‘ എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യരില്‍ കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി മക്കളുടെ ശേഷിയിലുണ്ടാവുന്ന കുറവിനെ കണക്കുകള്‍ നിരത്തി പറയുന്നുണ്ട് ഈ പുസ്തകം. 2060 ആകുമ്പോഴേക്കും പുരുഷന്മാരില്‍ വലിയ ഒരു വിഭാഗത്തിന് കുട്ടികളെ ഉത്പാദിപ്പിക്കാന്‍ വേണ്ട ആരോഗ്യമുള്ള ബീജങ്ങള്‍ ഉണ്ടാവില്ലെന്നും പുസ്തകം മുന്നറിയിപ്പു നല്‍കുന്നു.
മനുഷ്യരില്‍ ബീജത്തിന്‍റെ ശേഷി വര്‍ഷങ്ങള്‍ കഴിയുന്തോറും കുറഞ്ഞു വരുന്നതായി നേരത്തെയും പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1973 മുതല്‍ 2011 വരെയുള്ള കാലത്തിനിടയ്ക്ക് പുരുഷ ബീജങ്ങള്‍ 50 മുതല്‍ 60 ശതമാനം വരെ കുറഞ്ഞെന്ന് 2017 ല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. അതായത് പ്രതിവര്‍ഷം രണ്ടു ശതമാനം വരെ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1990 കളിലാണ് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്.

ആരോഗ്യമുള്ള ബീജത്തിന്‍റെ അളവ് കുറയുകയെന്നാല്‍ പ്രകൃത്യ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇതു വായിക്കുന്ന ആളുകളുടെ പേരക്കുട്ടികള്‍ക്ക് ആരോഗ്യമുള്ള ബീജങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന മുന്നറിയിപ്പാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്. ഭൂരിഭാഗം ദമ്പതികള്‍ക്കും 2045 ആകുമ്പോഴേക്കും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഗര്‍ഭധാരണത്തിനായി സ്വീകരിക്കേണ്ടിവരുമെന്ന് സാരം.
ഭക്ഷണം, വ്യായാമം, പൊണ്ണത്തടി, പുകവലി, മദ്യപാനം തുടങ്ങിയ പലതും ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിനൊപ്പം ഭ്രൂണാവസ്ഥയിലിരിക്കെ രാസവസ്തുക്കളുമായുണ്ടാവുന്ന സമ്പര്‍ക്കവും മനുഷ്യരിലെ വന്ധ്യതയ്ക്കു കാരണമാവുന്നുവെന്ന് ഷാന്ന സ്വാനിന്‍റെ പുസ്തകം പറയുന്നു.
ഭക്ഷണത്തിലും പാനീയങ്ങളിലും വായുവിലും മേയ്ക്കപ്പ് സാധനങ്ങളിലെല്ലാം രാസവസ്തുക്കളുണ്ട്. ഇവയില്‍ പലതും മനുഷ്യഹോര്‍മോണുകളെ സാരമായി ബാധിക്കുന്നവയാണ്. മാതാവിന്‍റെ വയറ്റില്‍ ഭ്രൂണാവസ്ഥയിലിരിക്കെ രാസവസ്തുക്കളുടെ ഇടപെടലുകള്‍കൊണ്ട് സംഭവിച്ച മാറ്റങ്ങളാണ് പിന്നീട് വ്യക്തികള്‍ വളരുമ്പോള്‍ വന്ധ്യതയടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഓരോ തലമുറ കഴിയുംതോറും ചുറ്റുമുള്ള ഹാനികരമായ രാസവസ്തുക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്.
ഹാനികരമായ മനുഷ്യനിര്‍മ്മിത രാസവസ്തുക്കള്‍ നിയന്ത്രിച്ചാല്‍ ഈ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് ഷാന്ന സ്വാന്‍ നല്‍കുന്ന മുന്നറിയിപ്പ്.