
സങ്കീര്‍ത്തനം ലേഖകന്‍
കോവിഡ് രോഗബാധിതമായി മരിച്ചയാളുടെ മൃതദേഹം മതവിശ്വാസ പ്രകാരവും ആചാരാനുസൃതവുമായി സംസ്കരിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
വീട്ടില്‍വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയേയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണം. ആശുപത്രിയില്‍വച്ചാണ് മരിക്കുന്നതെങ്കില്‍ അവിടെ നല്‍കിയ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്ക് മൃതദേഹം കൈമാറും. ബന്ധുക്കള്‍ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് സ്ഥലത്തേക്ക് കൊണ്ടുപോകാം. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപന അധികൃതര്‍ സഹായിക്കും.
പോസ്റ്റുമോര്‍ട്ടം അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാന്‍ അനുമതിയില്ല. ആശുപത്രി വാര്‍ഡില്‍നിന്ന് മൃതദേഹം മാറ്റും മുന്‍പ് സുരക്ഷാ മുന്‍കരുതലുകളോടെ ബന്ധുക്കള്‍ക്ക് കാണാം. കോവിഡ് പരിശോധനാഫലത്തിന് കാക്കാതെ മൃതദേഹം വിട്ടുനല്‍കും.
മതഗ്രന്ഥ പാരായണം, തീര്‍ഥം തളിക്കല്‍ തുടങ്ങി മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ അനുവദിക്കും. പി.പി.ഇ.കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്‍ററിയന്‍മാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാനും ശ്മശാനത്തിലേക്കും മറ്റും കൊണ്ടുപോകാനും അനുവദിക്കുകയുള്ളു. കുഴിക്ക് കുറഞ്ഞത് ആറടി താഴ്ച വേണം. വ്യക്തിയോട് കാണിക്കുന്ന എല്ലാ ബഹുമാനവും മൃതദേഹത്തോടും കാണിക്കണം. കൂടെ ബന്ധുക്കള്‍ ഉണ്ടെങ്കിലും ഇല്ലങ്കിലും ഇത് ഉറപ്പാക്കാനാവണം.