കണ്‍വന്‍ഷനുകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു

കോട്ടയം: രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നതിനാല്‍ യോഗങ്ങളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ ആളുകളും രോഗികളാകുന്നത്. ഈ സാഹചര്യത്തില്‍ കണ്‍വന്‍ഷനുകളും മറ്റ് ഒത്തുചേരലുകളും കഴിവതും ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയില്‍ ഇപ്പോള്‍ പ്രതിദിന രോഗികള്‍ മൂവായിരത്തില്‍ താഴെയെത്തിയിട്ടുണ്ട്. ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ കേരളം നാലാമതാണ്. മഹാരാഷ്ട്ര (20,03,657), കര്‍ണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) സംസ്ഥാനങ്ങളാണ് കേരളത്തിനു മുകളില്‍.
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനജീവിതം സാധാരണ നിലയില്‍ മാറിയതും ഉയര്‍ന്ന ജനസാന്ദ്രതയും രോഗവ്യാപനസാധ്യത ഉയര്‍ത്തുന്നു. സമ്പക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കാന്‍ കാരണം ഇതാകാം.
രോഗമുക്തരാകുന്നവരുടെ നിരക്ക് ഇപ്പോള്‍ 91.54 ശതമാനമാണ്. മരണനിരക്ക് 0.41 ശതമാനത്തില്‍ നിര്‍ത്താനാകുന്നുണ്ട്. ദേശീയതലത്തില്‍ മരണനിരക്ക് 1.5 ശതമാനത്തോളമാണ്.