Sankeerthanam News

കോവിഡ് അവസാനിക്കാറായെന്ന് വെറുതെ പറയരുത് ഐ.എം.എ.

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി അവസാനിക്കാറായെന്നു പ്രചരിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് പ്രതിസന്ധി അവസാനിച്ചുകൊണ്ടിരിക്കുന്നു എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഞായറാഴ്ച പറഞ്ഞത്. ഡല്‍ഹിയില്‍ കോവിഡ് പ്രതിസന്ധി അവസാനത്തോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഐ.എം.എ. മുന്നറിയിപ്പ് നല്‍കിയത്.
രാഷ്ട്രീയക്കാരും സര്‍ക്കാരും തെറ്റായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നാണ് ഐ.എം.എ. ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധി അവസാനിക്കാറായി എന്ന തരത്തില്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച നടത്തുന്നത് വേദനാജനകമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയും ഐ.സി.എം. ആറും ആണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും ഐ.എം.എ. പ്രസ്താവനയില്‍ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് 740 മുന്‍നിര പ്രവര്‍ത്തകരാണ് ഇതുവരെ മരിച്ചത് ജനങ്ങള്‍ സാമൂഹ്യഅകലം പാലിക്കാനും മാസ്ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണം. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 മുതല്‍ 45 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.