Sankeerthanam News

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കര്‍ണാടകയിലെ എല്ലാ ജില്ലകളിലും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കര്‍ണാടകയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച അര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കേറ്റില്ലാതെ വരുന്നവര്‍ കര്‍ണാടകയില്‍ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറന്‍റീനില്‍ കഴിയുകയും വേണം. പോസിറ്റിവായാല്‍ സ്വന്തം ചെലവില്‍ ക്വാറന്‍റീനില്‍ തുടരണം. നെഗറ്റീവായ ശേഷമേ പുറത്തുവിടൂ. ഇടക്കിടെ കേരളത്തില്‍ പോയിവരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോ തവണ വരുമ്പോഴും ആര്‍.ടിപി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. അതിര്‍ത്തി ജില്ലകളില്‍നിന്ന് പ്രതിദിനം കേരളത്തില്‍ പോയിവരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രണ്ടാഴ്ചയിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നോഡല്‍ ഓഫിസര്‍മാര്‍ക്ക് കൈമാറണം.