ഭൂതങ്ങള്‍ ഉണ്ടായതെങ്ങനെ? ഭൂതബാധ ഉണ്ടാകുന്നതെങ്ങനെ?

ഭൂതങ്ങളെ അശുദ്ധാത്മാക്കള്‍ എന്നു ബൈബിള്‍ വിളിക്കുന്നതിനാല്‍ ഇവ ആത്മാക്കളാണെന്നു വ്യക്തം. ഭൂതങ്ങള്‍ക്ക് ഒരുകാലത്ത് ശരീരമുണ്ടായിരുന്നെന്നും പിന്നീട് അവയ്ക്ക് ശരീരം നഷ്ടപ്പെടുകയാണുണ്ടായതെന്നും ഒരു വിശ്വാസമുണ്ട്. ഇവ ശരീരങ്ങള്‍ക്കുള്ളില്‍ കയറാന്‍ വെമ്പല്‍ കൂട്ടുന്നത് ഈ കാരണത്താലാണെന്നും പറയപ്പെടുന്നു. പക്ഷേ ബൈബിളില്‍ ഇതേപ്പറ്റി ഒന്നും കാണുന്നില്ല.
സാത്താന്‍റെ രാജ്യത്തെ പ്രജകളാണ് ഭൂതങ്ങള്‍. സാത്താനും അവന്‍റെ ദൂതന്‍മാരും ഒരിക്കല്‍ ദൈവദൂതന്‍മാരായിരുന്നു. മറ്റു ദൂതന്‍മാര്‍ക്കുളളതുപോലുള്ള ശരീരം ഇവര്‍ക്കുമുണ്ട്. എന്നാല്‍ ഭൂതങ്ങള്‍ക്കു ശരീരമില്ല. ആദിമ ഭൗമ പറുദീസയിലെ നിവാസികളുടെ ആത്മാക്കളാണ് ഭൂതങ്ങള്‍ എന്നു കരുതുന്നവരുണ്ട്. അതല്ല, നോഹയുടെ കാലത്തു ജീവിച്ചിരുന്ന രാക്ഷസരുടെ ആത്മാക്കളാണ് ഈ അശുദ്ധാത്മാക്കള്‍ എന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ ഭൂതങ്ങള്‍ ഉണ്ടായതെങ്ങനെ എന്ന് ദൈവവചനം പറയുന്നില്ല. ദൈവത്തിന്‍റെ വചനം ദൈവത്തിന്‍റെ മഹത്വം വര്‍ണ്ണിക്കാനുളളതാണ്. അതുകൊണ്ട് സാത്താനേക്കുറിച്ച് വളരെ കുറച്ചു പരാമര്‍ശങ്ങള്‍ മാത്രമേ ദൈവവചനത്തിലുള്ളു.
ഒരു മനുഷ്യന്‍റെ ശരീരത്തില്‍ ആറായിരത്തോളം ഭൂതങ്ങള്‍ വരെ അധിവസിച്ചതായി ബൈബിള്‍ പറയുന്നു. അതുകൊണ്ട് മനുഷ്യശരീരത്തില്‍ ഒന്നോ അധികമോ ഭൂതങ്ങള്‍ കടന്നുകൂടാം. പന്നികളെ ഭൂതം ബാധിച്ചതായി തിരുവചനത്തിലുളളതുകൊണ്ട് മൃഗങ്ങളേയും ഭൂതം ബാധിക്കാം എന്നു തീര്‍ച്ച. പക്ഷേ എങ്ങനെയാണ് ഭൂതം ബാധിക്കുന്നതെന്ന് ദൈവവചനത്തില്‍ വ്യക്തമായി പറയുന്നില്ല. അതുകൊണ്ട് തിരുവചനവെളിച്ചത്തില്‍ ഊഹാപോഹങ്ങള്‍ നടത്തുകയേ നിവൃത്തിയുള്ളു.
ഒരു വ്യക്തി പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതെങ്ങനെയാണെന്ന് ദൈവവചനം പറയുന്നുണ്ട്. കര്‍ത്താവായ യേശുക്രിസ്തുവിലുളള വിശ്വാസത്താല്‍ പാപമോചനം പ്രാപിച്ച വ്യക്തി പിതാവായ ദൈവത്തോട് യാചിക്കുമ്പോള്‍ ദൈവം അവന് പരിശുദ്ധാത്മാവിനെ അളവുകൂടാതെ നല്‍കും. ഇതിന് നേര്‍വിപരീതമായ അനുഭവമാണ് ഭൂതബാധ.
നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുളള അവകാശം ദൈവം എല്ലാ മനുഷ്യര്‍ക്കും നല്‍കിയിട്ടുണ്ട്. മനുഷ്യന്‍ സ്വയം തുറന്നു കൊടുക്കാതെ ദൈവത്തിനോ പിശാചിനോ മനുഷ്യന്‍റെയുളളില്‍ കടക്കാനാവില്ല. അതുകൊണ്ടത്രേ കര്‍ത്താവായ യേശുക്രിസ്തു വാതില്‍ക്കല്‍ നിന്നു മുട്ടുന്നതായി നാം കാണുന്നത്. യേശു മാന്യനായ അതിഥിയാണ്. അതുകൊണ്ട് യേശു വാതില്‍ക്കല്‍ നിന്നു മുട്ടുക മാത്രമേ ചെയ്യൂ. മനുഷ്യന്‍ വാതില്‍ തുറന്ന് ഉളളിലേക്കു ക്ഷണിച്ചാല്‍ മാത്രമേ യേശു ഉളളില്‍ കടക്കൂ. പക്ഷേ സാത്താന്‍ മാന്യനല്ല. കതക് ചവിട്ടി തുറന്ന് അകത്തു കയറാനും അവന്‍ തയ്യാറാണ്. പക്ഷേ ഉളളില്‍ നിന്നു മാത്രം തുറക്കാവുന്ന വിധത്തിലാണ് ദൈവം മനുഷ്യ ഹൃദയം സൃഷ്ടിച്ചിരിക്കുന്നത്. (ഹൃദയം എന്നതുകൊണ്ട് അക്ഷരാര്‍ത്ഥത്തിലുളള ഹൃദയം എന്നല്ല അര്‍ത്ഥമാക്കുന്നത്). അതുകൊണ്ട് മനുഷ്യന്‍ സ്വയം ഹൃദയം തുറന്നു കൊടുക്കണം. പക്ഷേ ഇവിടെയും ഒരു വ്യത്യാസമുണ്ട്. യേശു മാന്യനാകയാല്‍ മനുഷ്യന്‍ വാതില്‍ തുറന്നു ക്ഷണിച്ചാല്‍ മാത്രമേ ഉളളില്‍ കയറൂ. പക്ഷേ സാത്താന്‍ അല്പം പഴുതു കിട്ടിയാല്‍ ഉളളില്‍ കടക്കും. യേശുവിനോട് ഇറങ്ങി പോകാന്‍ പറഞ്ഞാല്‍ മറുത്തൊരു വാക്കു പറയാതെ യേശു പോകും. തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് ഗദരദേശത്തുളളവര്‍ പറഞ്ഞപ്പോള്‍ യേശു അവിടം വിട്ടുപോയത് ശ്രദ്ധിക്കുക. പക്ഷേ സാത്താന്‍ അങ്ങനെയല്ല. മനുഷ്യന്‍റെ ഉളളില്‍ കടന്നുകയറിയ സാത്താന്‍ അവിടെനിന്ന് ഇറങ്ങാതിരിക്കാനുളള സകല അടവുകളും പയറ്റും. അപ്പോസ്തലന്‍മാര്‍ ശാസിച്ചിട്ടുപോലും വിട്ടുപോകാതിരുന്ന ഭൂതമുണ്ടല്ലോ.
ഭൂതബാധയുണ്ടാകാന്‍ കാരണമെന്ത് എന്ന് മേല്പറഞ്ഞതില്‍ നിന്നു വ്യക്തമായിരിക്കും എന്നു കരുതുന്നു. മനുഷ്യന്‍ ക്ഷണിച്ചു വരുത്തിയിട്ടാണ് ഭൂതങ്ങള്‍ വന്നതും ബാധിച്ചതും. ഒരു കുട്ടിയും ജന്‍മനാ ഭൂതബാധിതനല്ല. പക്ഷേ പിന്നീട് നാം ഭൂതങ്ങളെ സ്വയം സ്വീകരിക്കയാണു ചെയ്യുന്നത്. ഉദാഹരണമായി, കുട്ടികളെ അടിമ വയ്ക്കുന്നവര്‍ ആ കുട്ടിയിലേക്ക് ഭൂതങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. ഏതു വിധത്തിലുളള അന്യദൈവാരാധനയും ഭൂതബാധക്കു കാരണമാകും. അന്യദൈവം എന്ന പട്ടികയില്‍ കന്യാമറിയവും വിശുദ്ധന്‍മാരും കടമറ്റത്തച്ചനും മറ്റും ഉണ്ടെന്നു തിരിച്ചറിയുക. യോഗാഭ്യാസം, റെയ്ക്കി, പ്രാണിക് ഹീലിംഗ്, വിവിധതരം ധ്യാനങ്ങള്‍ തുടങ്ങിയവയെല്ലാം സാത്താനെ ക്ഷണിച്ചുവരുത്തുന്ന പരിപാടികളാണ്. ജീവനുളള ദൈവത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടി ഹൃദയം തുറന്നാലും ഭൂതബാധയുണ്ടാകാം. ആകയാല്‍ സൂക്ഷിക്കുക.
ഭൂതബാധയുണ്ടായാല്‍ എന്തു ചെയ്യണമെന്നതാണ് മറ്റൊരു പ്രശ്നം. ഭൂതമിറക്കലുമായി ഉലകം ചുറ്റുന്ന വ്യാജന്‍മാരെ അകറ്റി നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സഭാശുശ്രൂഷകന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഉപവസിക്കുന്നതു നല്ലതാണ്. പക്ഷേ ഭൂതബാധയുളള വ്യക്തി ഉപവസിക്കരുത്. ഭൂതബാധ ഉണ്ടാകാന്‍ ഇടയാക്കിയ കാരണം കണ്ടുപിടിച്ച് പരിഹരിക്കുക. പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക. മനുഷ്യനു പരിഹരിക്കാന്‍ കഴിയുന്ന പാപങ്ങള്‍ക്ക് ദൈവം പരിഹാരം വരുത്തുകയില്ല എന്നു തിരിച്ചറിയുക. മനുഷ്യനോടു ചെയ്ത തെറ്റ് മനുഷ്യനോടും ദൈവത്തോടു ചെയ്ത തെറ്റ് ദൈവത്തോടും ഏറ്റു പറയുക. യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെടാനായി ഏല്പിച്ചു കൊടുക്കുക. അങ്ങനെ ശുദ്ധീകരണം വരുത്തിയ ശേഷം ഭൂതത്തില്‍ നിന്നുളള വിടുതലിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനുശേഷം ദുരാത്മാവിനോട് യേശുവിന്‍റെ നാമത്തില്‍ വിട്ടുപോകുവാന്‍ കല്പിക്കുക.
ആരാധനയെന്ന പേരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയാല്‍ ഭൂതം പേടിച്ച് ഇറങ്ങിപ്പോകും എന്ന ധാരണ തിരുത്തുക. ബഹളം കേട്ട് ഭൂതം ഭയപ്പെടുകയില്ല. യേശുവിന്‍റെ രക്തം എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നാല്‍ ഭൂതം ഭയപ്പെടുമെന്നതും തെറ്റിദ്ധാരണയാണ്. 91-ാം സങ്കീര്‍ത്തനത്തിന് മാന്ത്രികശക്തിയുണ്ടെന്ന ധാരണയും തിരുത്തുക. ഇത്തരം വേലകളൊന്നും ഭൂതത്തിന്‍റെ മുന്‍പില്‍ വിലപ്പോകില്ല. ഭൂതവുമായി സംസാരിക്കുന്നത് കഴിവതും ഒഴിവാക്കുക. ഒന്നും സംസാരിക്കാതിരിക്കയാണു നല്ലത്. അതാണു കര്‍ത്താവു കാണിച്ചുതന്ന മാതൃക. ഭൂതവുമായി മണിക്കൂറുകളോളം സംസാരിക്കയും അതൊക്കെ വീഡിയോയിലാക്കി മാലോകരെ കാണിക്കയും ചെയ്യുന്നവര്‍ തീകൊണ്ടു കളിക്കുകയാണ്. അവിശ്വാസികളെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന വാദത്തിലും കഴമ്പില്ല. കാരണം, വിശ്വാസം കേഴ്വിയാലും കേഴ്വി ദൈവത്തിന്‍റെ വചനത്താലുമാണ് ഉണ്ടാകേണ്ടത്. വിശ്വാസം ഭൂതത്തിന്‍റെ കലാപരിപാടി കണ്ടിട്ടു വരുന്നു എന്ന് ദൈവവചനത്തിലില്ല എന്നു ചുരുക്കം.
ഭൂതബാധിതരായ അവിശ്വാസികളില്‍ നിന്നു ഭൂതത്തെ ഇറക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകുകയില്ല. അവര്‍ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു കഴിഞ്ഞാല്‍ ഭൂതത്തിന് പിടിച്ചു നില്‍ക്കാനാവില്ല എന്നതുതന്നെ കാരണം. അവര്‍ യേശുവിനെ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ ഭൂതം പേടിച്ച് പുറത്തുചാടിയെന്നും വരാം. പക്ഷേ വിശ്വാസിക്ക് ഭൂതബാധ ഉണ്ടായാല്‍ ആ ഭൂതത്തെ ഇറക്കിവിടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകും. തക്കതായ കാരണം ഉളളതുകൊണ്ടായിരിക്കുമല്ലോ വിശ്വാസിയെ ഭൂതം ബാധിച്ചത്. ഭൂതബാധ ഉണ്ടായത് പുരോഹിതനാണെങ്കില്‍ രക്ഷപ്പെടാനുളള സാദ്ധ്യത വളരെ കുറവാണ്.
ഭൂതബാധിതന്‍ ഏതു ദേശക്കാരനാണെന്നതും പ്രാധാന്യമുളള കാര്യമാണ്. യേശുവിനേക്കുറിച്ച് ഏറെയൊന്നും കേട്ടിട്ടില്ലാത്ത ദേശത്തുളള ഭൂതങ്ങളെ ഇറക്കി വിടാന്‍ എളുപ്പമാണ്. യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ത്തന്നെ അവ ഭയന്നുവിറയ്ക്കും. പക്ഷേ വിശ്വാസികള്‍ ഏറെയുളള സ്ഥലങ്ങളില്‍ അധിവസിക്കുന്ന ഭൂതങ്ങളെ ഇറക്കിവിടാന്‍ ഏറെ പണിപ്പെടേണ്ടതായി വരും.
പിശാച്, ഭൂതം തുടങ്ങിയവയേക്കുറിച്ച് വളരെ കുറച്ചു മാത്രമേ ദൈവവചനത്തിലുളളൂ. അതുകൊണ്ട് എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുക എളുപ്പമല്ല. എങ്കിലും സാത്താന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം തിരുവചനത്തിലുണ്ട്. അതില്‍ അധികമായി ഒന്നും നമുക്ക് ആവശ്യമില്ലല്ലോ.