ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍, ഒ.ടി.പി. പ്ലാറ്റ്ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തയ്യാറാക്കി. ഇവയ്ക്കുമേലുള്ള നിയന്ത്രണത്തിനും സ്വയം നിയന്ത്രണത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
രാജ്യത്തിന്‍റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കത്തിന്‍റെ ഉറവിടം സാമൂഹിക മാധ്യമസ്ഥാപനങ്ങള്‍ വ്യക്തമാക്കണം. പരാതിക്കിടയാക്കിയ ഉള്ളടക്കം 36 മണിക്കൂറിനുള്ളില്‍ നീക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. വാര്‍ത്താപോര്‍ട്ടലുകള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും ടെലിവിഷന്‍ പരിപാടികളുടെ പ്രോഗ്രാം കോഡും പാലിക്കണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.
സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിവര സാങ്കേതിക (ഇന്‍റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എതിക്സ് കോഡ്) ചട്ടങ്ങള്‍ -2021 വിവര സാങ്കേതികവിദ്യാ മന്ത്രാലയം തയ്യാറാക്കി. വാര്‍ത്താവിതരണ മന്ത്രാലയമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് സാമൂഹിക മാധ്യമങ്ങള്‍ക്ക് കോഡ് ഓഫ് എത്തിക്സും മൂന്ന് തട്ടിലുള്ള പരാതി പരിഹാര സംവിധാനങ്ങളും നിലവില്‍വരും. എന്നാല്‍ സ്വയം നിയന്ത്രണത്തിന് ഊന്നല്‍ നല്‍കിയാണ് ചട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ ഉപയോക്താക്കളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രബലമെന്നും അല്ലാത്തവയെന്നും രണ്ടായി തിരിച്ചാണ് ചട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രബലമായ സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിബന്ധനകളുണ്ട്. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഈ വിഭാഗത്തിന് മൂന്നു മാസം സാവകാശം നല്‍കിയിട്ടുണ്ട്. മറ്റുവിഭാഗങ്ങളിലെ നിയന്ത്രണങ്ങളും സ്വയം നിയന്ത്രണങ്ങളും വിജ്ഞാപനം പുറത്തുവന്നാലുടന്‍ നിലവില്‍ വരും.