ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു; സഭാ കൂടിവരവുകള്‍ അനിശ്ചിതത്വത്തില്‍

ദുബായ്: വിവാഹങ്ങള്‍, സ്വകാര്യ ഒത്തുചേരലുകള്‍, മറ്റ് സാമൂഹിക ചടങ്ങുകള്‍ എന്നിവയിലെല്ലാം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി 27 മുതല്‍ ഇത്തരം പരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം. ദുബായ് സപ്രീംകമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സഭാ കൂടിവരവുകള്‍ അനിശ്ചിതത്വത്തില്‍ ആകുകയാണ്. ചടങ്ങുകളില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഒത്തുചേരുന്നതെന്ന് ഉറപ്പാക്കണം. ഹോട്ടല്‍, വീട്, മറ്റ് വേദികളിലെല്ലാം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇത് ബാധകമാണ്.
എല്ലാ വിനോദപരിപാടികളും ദുബായില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളും ടൂറിസം വകുപ്പ് പിന്‍വലിച്ചു.
ഈ മേഖലയില്‍ അടുത്തിടെ 200 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാഴ്ചക്കുള്ളില്‍ 20 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. കപ്പലുകളിലെയും അബ്ര മുതലായവയിലെയും വിനോദ പരിപാടികളും ഭക്ഷ്യവില്‍പ്പനയും നിര്‍ത്തി. ജിം. ഫിറ്റ്നസ് കേന്ദ്രം എന്നിവിടങ്ങളില്‍ സാമൂഹിക അകലം രണ്ടില്‍നിന്ന് മൂന്ന് മീറ്ററാക്കി. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ ഫെബ്രുവരി 19 വരെ ഒഴിവാക്കിയിട്ടുണ്ട്.
ദുബായിലെ കഫേകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഭക്ഷണശാലകളില്‍ എത്തുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി പ്രഖ്യാപിച്ചു.