കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തുറന്ന സമീപനമാണുള്ളതെന്നു നിയമസഭ തെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ കെ.സി.ബി.സി വ്യക്തമാക്കി. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായുള്ള കര്‍മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും തയാറാകണമെന്നതാണു സഭയുടെ താത്പര്യം.
കേരളത്തിന്‍റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അതു നിര്‍വഹിച്ചു രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും ക്രിയാത്മകമായി സഹകരിക്കാന്‍ തയാറാകണം.
പല കാര്യങ്ങളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃകയാവുകയും ചെയ്യുന്നതുപോലെ കേരളജനത രാഷ്ട്രീയപ്രവര്‍ത്തനത്തിനും മാതൃകയാകണം.
സ്വതന്ത്രമായും രാജ്യനന്മയെകരുതിയുള്ള ശരിയായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം. ഇടുങ്ങിയ സാമുദായിക – വര്‍ഗീയ- മത-പാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജന പ്രതിനിധികളെയാണ് കേരളത്തിന് ആവശ്യം.
അനേക കാലങ്ങളായി ക്രൈസ്തവസമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുള്ളതാണ്.
ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നാക്കക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കി അവരെ പൊതു സമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ല.
ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്ത് നാടിന്‍റെ നന്മയ്ക്കു ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് തങ്ങളുടെ സമ്മതിദാനം നിര്‍വഹിക്കേണ്ടതെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ സംയുക്തമായാണു പ്രസ്താവന പുറപ്പെടുവിച്ചത്.