കുടുംബബന്ധങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലമാണിന്ന്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും മാറ്റം സംഭവിക്കുന്നു. ഇന്നലത്തെ തലമുറയുടെ കാഴ്ചപ്പാടുകളും മൂല്യസങ്കല്പങ്ങളും ഇന്നത്തെ തലമുറ അതേപടി സ്വീകരിക്കുന്നില്ല. മൂല്യങ്ങള്‍ക്കു കുഴമറിച്ചില്‍ ഉണ്ടായിരിക്കുന്നു. ഇന്നലത്തേതു ശരിയെന്നു കരുതുന്നവര്‍ ഇന്നത്തേതെല്ലാം ശരിയെന്നു വിശ്വസിക്കുന്നില്ല. തലമുറകള്‍ മാറി വരുമ്പോള്‍ അവര്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തെറ്റും ശരിയും ഏതാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരിക്കുന്നു ഇന്നത്തെ സമൂഹം.
ആധുനിക തലമുറ ചെയ്യുന്നതെല്ലാം തെറ്റാണെന്നും പഴയതലമുറ ചെയ്തിട്ടുള്ളതെല്ലാം ശരിയാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവുമെന്നു തോന്നുന്നില്ല. നമുക്കെന്തോ കൈമോശം വന്നിരിക്കുന്നു. നമ്മുടെ കുടുംബത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. സമൂഹം മാറുന്നതനുസരിച്ച് നമ്മുടെ കുടുംബവും മാറുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ നിന്ന് അണുകുടുംബ വ്യവസ്ഥിതികളിലേയ്ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നമുക്കു മാറേണ്ടി വന്നു. തൊഴില്‍പരമായ കാരണങ്ങളാണ് അതിനു വഴിയൊരുക്കിയത്.
അണുകുടുംബം സ്വതന്ത്രമാണ്. അതിലെ അംഗങ്ങളും സ്വതന്ത്രരാണ്. പുരുഷനും സ്ത്രീക്കും സ്വാതന്ത്ര്യം മാത്രമല്ല സമത്വവുമുണ്ട്. കൂട്ടുകുടുംബവ്യവസ്ഥിതികളില്‍ പുരുഷന്‍റെ ആധിപത്യത്തിലായിരുന്നു കാര്യങ്ങള്‍ നടന്നുവന്നിരുന്നതെങ്കില്‍ അണുകുടുംബവ്യവസ്ഥിതികളില്‍ പുരുഷന്‍റെ ആധിപത്യം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുക മാത്രമല്ല ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. അണുകുടുംബത്തിന്‍റെ സാമൂഹിക ജീവിതം സംഘര്‍ഷനിര്‍ഭരമാണ്. സമൂഹത്തിന്‍റെ മുന്നേറ്റത്തിനൊപ്പം മുന്നേറാന്‍ കഴിയാത്തതാണ് അണുകുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി.
ആധുനിക കുടുംബങ്ങള്‍ക്ക് ഇന്നത്തെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ കുടുംബസങ്കല്പം തന്നെ മാറിമറിയും. കുടുംബം തന്നെ ഇല്ലാതാകുന്ന ഒരു കാലം വരും. വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും മക്കളും കൊച്ചു മക്കളും എന്നു ചിന്തിച്ചിരുന്ന ഒരു കാലത്തു നിന്ന് അപ്പനും അമ്മയും മക്കളും എന്നു ചിന്തിക്കുന്ന ഒരു കാലത്തേക്ക് നമ്മള്‍ മാറിയെങ്കിലും ആ സങ്കല്പം എത്ര പെട്ടെന്നാണ് മാറ്റത്തിനു വിധേയമായത്!
നമ്മുടെ കുടുംബത്തെ ഇന്നു നിര്‍വചിച്ചാല്‍ അപ്പനും അമ്മയും ഇന്നു വേറെ കുടുംബമാണ്. മക്കള്‍ വേറെ കുടുംബമാണ്. കൊച്ചുമക്കളും വേറെ കുടുംബമാണ്. സമൂഹം മാറിയപ്പോള്‍ കുടുംബങ്ങള്‍ ശിഥിലമായി. സമൂഹത്തിനു മാറാതെ നിവൃത്തിയില്ല. കുടുംബത്തിനും അതനുസരിച്ചു മാറേണ്ടിവരും. പാശ്ചാത്യരാജ്യങ്ങളില്‍ പിതൃത്വവും മാതൃത്വവും ഇല്ലാത്ത കുടുംബങ്ങള്‍ ധാരാളം വര്‍ധിച്ചു വരുന്നുണ്ട്. പിതാവാരാണ്, മാതാവാരാണ് എന്നറിയാതെ ധാരാളം കുട്ടികള്‍ അവിടെയെല്ലാം വളരുന്നുണ്ട്. അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ മുമ്പില്‍ ഒരു കുടുംബമില്ല. കുടുംബത്തില്‍ നിന്നു ലഭിക്കേണ്ട മൂല്യങ്ങളും അവര്‍ക്ക് അന്യമായിരിക്കും. പാശ്ചാത്യ സമൂഹം മാത്രമാണ് ഇത്തരമൊരു വേറാക്കൂറില്‍ വളര്‍ന്നു വരുന്നതെന്നു നമ്മള്‍ കരുതേണ്ട. ഇവിടെ ഈ കേരളത്തില്‍ ജീവിക്കുന്ന നമ്മളും വേറാക്കൂറിന്‍റെ തുരുത്തിലാണ് വളര്‍ന്നുവരുന്നത്. ഒരു വ്യക്തിക്കും ആരോടും കൂറില്ല എന്തെങ്കിലും കൂറുണ്ടെങ്കില്‍ അവനവനോട് മാത്രമായി അതു പരിമിതപ്പെട്ടിരിക്കുന്നു.
കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ നൂറ്റാണ്ടില്‍ തന്നെ നമ്മുടെ അണുകുടുംബങ്ങളില്‍ അണുബോംബുകള്‍ നിപതിക്കുമെന്നതില്‍ സംശയമില്ല. കുടുംബങ്ങള്‍ ഇല്ലാതാകുന്ന ഒരു വ്യവസ്ഥിതി ഇവിടെയും സംജാതമായിക്കൂടെന്നില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ക്രൈസ്തവസഭകള്‍ ഏറ്റെടുത്തു നടത്തേണ്ടത്.
ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചു നടത്തേണ്ടിയിരിക്കുന്നു. സഭകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നു പള്ളികളും ആരാധനാ മന്ദിരങ്ങളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്. അതും ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ആരാധനാകേന്ദ്രങ്ങളില്‍ മനുഷ്യകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരികയാണ്. മനുഷ്യന്‍റെ സംഘര്‍ഷങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും അവിടെ ഉത്തരം ലഭിക്കുന്നില്ല.
കുടുംബത്തെ നിലനിര്‍ത്താന്‍ മൂല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും കാഴ്ചപ്പാടും പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. സാമൂഹിക ജീവിതത്തില്‍ ആധ്യാത്മികാനുഭവം കരുപ്പിടിപ്പിക്കാന്‍ പുതിയ തലമുറകളെ പ്രാപ്തരാക്കുന്ന ഒരു പ്രവര്‍ത്തനശൈലി സഭകളും സമാരംഭിക്കേണ്ടിയിരിക്കുന്നു.