സമരജീവികളെന്ന് പരിഹസിച്ചു മോദി

ന്യൂഡല്‍ഹി: മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചു പ്രധാനമന്ത്രി. സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കെത്താന്‍ ആഹ്വാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ ‘സമരജീവികളെ’ന്നും പരിഹസിച്ചു. പുതിയ പരിഷ്കരണങ്ങള്‍ നടപ്പാവുന്നതിന് അവസരം നല്‍കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച മോദി കര്‍ഷക സമരം കൊഴുപ്പിക്കുന്നത് സമരം തൊഴിലാക്കിയ സമരജീവികളാണെന്നും പറഞ്ഞു.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഉപസംഹരിക്കുകയായിരുന്നു മോദി. തൊട്ടു പിന്നാലെ സമരജീവികളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന കാര്യം മോദി മറക്കരുതെന്ന് സമരരംഗത്തുള്ള കര്‍ഷകമോര്‍ച്ച തിരിച്ചടിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളോട് പ്രതികരിക്കാതെ കര്‍ഷകരെ അപമാനിക്കുകയാണ് മോദി ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
മോദിയുടെ പ്രസംഗം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ ഒരു ഉറപ്പും നല്‍കാന്‍ തയാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സി.പി.എം., സിപി.ഐ., എല്‍.ജെ. ഡി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി എന്നീ പാര്‍ട്ടികളാണ് സഭ ബഹിഷ്കരിച്ചത്.