അക്ഷരങ്ങളിലൂടെ ആത്മ പരിവര്‍ത്തനം നല്‍കിയ ഇടയന്‍ ഓര്‍മയായി

കോട്ടയം: അക്ഷരങ്ങളിലൂടെ ആത്മ പരിവര്‍ത്തനം നല്‍കിയ ഇടയന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ വിവിധ മേഖലയിലുള്ളനര്‍ മാന്നാനം ആശ്രമപള്ളിയിലേക്ക് ഒഴുകിയെത്തി. നൂറ്റിയാറാം വയസ്സിലും പത്രാധിപരായിരിക്കെയാണു ഫാ.ജോസഫ് കോണ്‍സ്റ്റന്‍റൈന്‍ മണലേല്‍ സി.എം.ഐ.യുടെ വിയോഗം. എഴുത്ത്, എഡിറ്റിംഗ്, പ്രൂഫ്റീഡിങ്ങ്, അച്ചടി, പായ്ക്കിംഗ്, പോസ്റ്റിംഗ് തുടങ്ങി എല്ലാ ചുമതലകളും അര നൂറ്റാണ്ടിലേറെ തനിച്ചു കൈകാര്യം ചെയ്തുവന്ന ഇദ്ദേഹം ദൈവശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ തുടങ്ങിയ തലങ്ങളില്‍ തിളങ്ങിയ മഹാപ്രതിഭയാണ് ഇന്നലെ വിടവാങ്ങിയത്. കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് എന്നിവയുടെ സ്ഥാപക നേതാവായിരുന്നു.
കോട്ടയം പുല്ലരിക്കുന്നിലുള്ള ജീവധാരയുടെ ഓഫീസിലായിരുന്നു താമസം. ഇതിനുള്ളില്‍ ലോകോത്തര വിജ്ഞാനശാഖകളിലെ അമൂല്യ ഗ്രന്ഥശേഖരമുണ്ടായിരുന്നു. ചില അലമാരകള്‍ നിറയെ മലയാളത്തിലും ഇംഗ്ലീഷിലുമായി ഫാ.ജോസഫ് കോണ്‍സ്റ്റന്‍റൈന്‍ മണലേല്‍ എഴുതിയ ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നു. ദൈവശാസ്ത്രം, തത്വശാസ്ത്രം, സാമൂഹിക ശാസ്ത്രം, കഥ, നോവല്‍ കവിത, വേള്‍ഡ് ക്ലാസിക്കുകള്‍, ചരിത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ടായിരുന്നു.
ജീവധാര അടുത്തകാലത്ത് ഇംഗ്ലീഷ് എഡിഷന്‍ തുടങ്ങിയതിനാല്‍ സെമിനാരികളിലും വത്തിക്കാനില്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളിലും അയച്ചുകൊടുക്കുകയെന്നത് അച്ചന്‍ വലിയൊരു ദൗത്യമായി കരുതി. അതിനായി ജീവധാര അങ്കണത്തില്‍ തന്നെ പുല്ലരിക്കുന്ന് പി.ഒ എന്ന പേരില്‍ ഒരു പോസ്റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നു.
1970 ലാണ് ഇന്ത്യയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞര്‍ ഒരുമിച്ചുകൂടി ജീവധാര തിയോളജിക്കല്‍ സൊസൈറ്റി ആരംഭിച്ചത്. ഇതിനെ പോഷിപ്പിക്കാന്‍ അന്നത്തെ കൂട്ടായ്മ തുടങ്ങിയതാണ് ജീവധാര മാസിക. ഫാ. കോണ്‍സ്റ്റാന്‍റൈനൊപ്പം ദൈവശാസ്ത്രജ്ഞരായ ജോണ്‍ ബ്രിട്ടോ ചെത്തിമറ്റം, സാമുവല്‍ രായന്‍, സെബാസ്റ്റ്യന്‍ കാപ്പന്‍, കെ. ലൂക്ക് എന്നിവരായിരുന്നു ആദ്യ പത്രാധിപസമിതി. പണ്ഡിതനിരയില്‍ ജോണ്‍ ചെത്തിമറ്റം, കുര്യന്‍ കുന്നുംപുറം, ജോര്‍ജ് സൊറെസ് പ്രഭു, ജോസഫ് പാത്രപാങ്കല്‍, ഫെലിക്സ് പൊടിമറ്റം, ഫെലിക്സ് വില്‍ഫ്രെഡ്,പോള്‍ പുത്തനങ്ങാടി, മാത്യു വെള്ളാനിക്കല്‍, മത്യാസ് മുണ്ടാടന്‍, കുഞ്ചെറിയ പത്തില്‍, സെബാസ്റ്റ്യാന്‍ പൈനാടത്ത്, ജോര്‍ജ് കാരക്കുന്നേല്‍, മാത്യു പൈകട, സേവ്യര്‍ കൂടപ്പുഴ, ഡൊമനിക് വെളിയത്ത്, ജേക്കബ് പാറപ്പള്ളി തുടങ്ങിയവരൊക്കെ ജീവധാരയോടു സഹകരിച്ചു. ഇംഗ്ലീഷ് പരിശോധകരായി പ്രഫ. സി.എ. ഷെപ്പെഡ്, പ്രഫ.കെ.ടി. സെബാസ്റ്റ്യന്‍ തുടങ്ങിയ പ്രമുഖരും സഹകാരികളായി.
സഹോദരീപുത്രനും പ്രമുഖ ദൈവശാസ്ത്രഅധ്യാപകനുമായ റവ. ഡോ. കുഞ്ചെറിയ പത്തിലിനൊടൊപ്പമായിരുന്നു പുല്ലരിക്കുന്ന് ജീവധാരയില്‍ അച്ചന്‍റെ താമസം. അച്ചന്‍റെ വേര്‍പാടോടുകൂടി അക്ഷര സ്നേഹത്തിന്‍റെ വേറിട്ട ഒരു യുഗമാണ് അവസാനിക്കുന്നത്.