മഡഗാസ്കറിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ലാസറിസ്റ്റ് സന്യാസ സമൂഹാംഗമായ മിഷണറി വൈദികന്‍ ഫാ. പെദ്രോ ഒപേക അതിരറ്റ സന്തോഷത്തിലാണിപ്പോള്‍. അദ്ദേഹത്തെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ അക്കാമസൊവായെയും സമാധാന നൊബേലിനു ശിപാര്‍ശ ചെയ്തു. സ്ലൊവേനിയായിലെ പ്രധാനമന്ത്രി ജാനസ് ജെന്‍സയാണ് ശിപാര്‍ശ നല്‍കിയത്.
മുപ്പതു വര്‍ഷം മുമ്പ് ഫാ. പെദ്രോ സ്ഥാപിച്ച അക്കാമസൊവാ (സൗഹൃദത്തിന്‍റെ നഗരം) കൂട്ടായ്മ വിദ്യാഭ്യാസം, ജോലി, പാര്‍പ്പിടം എന്നിവയിലൂടെ പാവപ്പെട്ടവരുടെ ജീവിതാന്തസ് ഉയര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ 2019 സെപ്റ്റംബറില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഈ കൂട്ടായ്മയ്ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.
സ്ലോവേനിയന്‍ അഭയാര്‍ത്ഥികളുടെ മകനായി അര്‍ജന്‍റീനയില്‍ ജനിച്ച ഫാ. പെദ്രോ ചെറുപ്പകാലത്തുതന്നെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ജീവികാരുണ്യപ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെട്ടിരുന്നു. 1975 ല്‍ വൈദികനായ അദ്ദേഹത്തെ മഡഗാസ്കറിന്‍റെ തലസ്ഥാനമായ അന്തനനാരിവോയിലെ വിന്‍സെന്‍ഷ്യല്‍ തിയോളജിക്കല്‍ സെമിനാരിയുടെ ഡയറക്ടറായി നിയമിച്ചു. ഇക്കാലയളവിലാണ് ഫാ. പെദ്രോ ഇവിടത്തെ ചേരികളിലെ മനുഷ്യരുടെ ശോചനീയവസ്ഥ അടുത്തറിഞ്ഞത്. വയറുനിറയ്ക്കാന്‍ കുപ്പത്തൊട്ടികള്‍ ചികയുന്ന മനുഷ്യരുടെ ഉന്നമനത്തിനായി അദ്ദേഹം കൂട്ടായ്മസ്ഥാപിച്ചു. പ്രദേശവാസികളെ കൃഷിപ്പണി പഠിപ്പിച്ചു. കൂടാതെ, കുട്ടിയായിരിക്കേ പിതാവില്‍ നിന്നുപകര്‍ന്നുകിട്ടിയ കല്‍പ്പണി വൈദഗ്ധ്യവും പ്രദേശവാസികള്‍ക്കു പകര്‍ന്നു. ഇതുവഴി അവര്‍ക്കു സ്വന്തമായി വീടു നിര്‍മിക്കാന്‍ ശേഷിയുണ്ടായി.
ഫാ. പെദ്രോയെ ദാരിദ്രത്തിനെതിരായ പോരാട്ടത്തിലെ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും ദീപ്തസ്തംഭം എന്നാണ് മഡഗാസ്കര്‍ പ്രസിഡന്‍റ് ഹെറി വിശേഷിപ്പിച്ചത്.