ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയെന്ന് പരാതിപ്പെട്ടതായി വെളിപ്പെടുത്തല്‍

തന്‍റെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയതിനെക്കുറിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിന് മുന്‍പ്തന്നെ ദേശിയ അന്വേഷണ ഏജന്‍സിയോട് പരാതിപ്പെട്ടതായി സഹപ്രവര്‍ത്തകന്‍ ഫാ.സോളമന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ ലാപ്ടോപ്പില്‍നിന്നും ലഭിച്ചെന്ന് പറയപ്പെടുന്ന ചില രേഖകള്‍ അദ്ദേഹത്തിന്‍റെയല്ലന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടന്ന് സ്ഥാപിക്കുവാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും ഫാ. സ്റ്റാന്‍സ്വാമി പറഞ്ഞതായും ഫാ.സോളമന്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് ഫാ. സ്റ്റാന്‍ സ്വാമി 3 പ്രാവശ്യം മൊഴി നല്‍കിയിരുന്നു.
വയോധികനായ സ്റ്റാന്‍ സ്വാമിക്ക് കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് കൃത്രിമം കാട്ടുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും താനാണ് അക്കാര്യം ബോധ്യപ്പെടുത്തിയതെന്നും ഫാ. സോളമന്‍ പറഞ്ഞു. എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മലയാളി റോണ വില്‍സന്‍റെ കംപ്യൂട്ടറില്‍ ഹാക്കറന്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് അമേരിക്കയിലെ ഫോറന്‍സിക്ക് സ്ഥാപനം കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു.