ആഹ്ലാദിക്കുവാനൊരവസരം

ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ആഹ്ലാദിക്കുക. പുതിയ നിയമത്തില്‍ “അഗാല്ലിയ” എന്ന ഗ്രീക്കുപദം ‘ആഹ്ലാദിക്കുക’ എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഈ വാക്കിന്‍റെ അര്‍ത്ഥം സന്തോഷത്താല്‍ ഏറ്റവും അധികം ആഹ്ലാദിക്കുക എന്നാണ്. വാടിയമുഖവുമായി നെഹമ്യാവ് രാജസന്നിധിയില്‍ വന്നപ്പോള്‍ എന്തോ അസാധാരണമായ പാകപ്പിഴ സംഭവിച്ചു
എന്നു രാജാവ് മനസ്സിലാക്കിയതായി നെഹമ്യാവ് പറഞ്ഞു:- “ഞാന്‍ … അവന്‍റെ സന്നിധിയില്‍ കുണ്ഠിതനായിരുന്നില്ല. രാജാവ് എന്നോട്: നിന്‍റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ, ഇതു മനോദു:ഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു” (നെഹ.2:2). എന്നാല്‍ രാജസന്നിധിയില്‍ വാടിയ മുഖം കാട്ടിയതുകൊണ്ട് നെഹമ്യാവ് ഏറ്റവും ഭയപ്പെട്ടു. അവന്‍ ഭയപ്പെടുവാന്‍ കാരണം രാജസന്നിധിയില്‍ വാടിയ മുഖവുമായി വന്നാല്‍ അത് രാജഭരണത്തില്‍ അവന്‍ അസന്തുഷ്ടനാണെന്നുള്ളതിന്‍റെ സൂചനയായി കരുതപ്പെടും. രാജാവിന് ഇത് സഹിക്കുവാന്‍ കഴിയാത്ത അപമാനമായി തോന്നും. എന്നാല്‍ പെട്ടെന്നു തന്നെ നെഹമ്യാവ് ഉത്തരം നല്‍കി. രാജഭരണവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് തന്‍റെ വാടിയമുഖത്തിനു കാരണം എന്ന്.
രാജസന്നിധിയില്‍ വാടിയമുഖവുമായി കടന്നു വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. എന്നാല്‍ രാജാവിന്‍റെ പുരോഹിതവര്‍ഗ്ഗമായ പുതിയ നിയമ ക്രിസ്ത്യാനികള്‍ ധാരാളം പേര്‍ വിഷണ്ണവും, ശോകമൂകവുമായ ഭാവത്തോടുകൂടി കടന്നുവരുന്നു. അങ്ങനെ ചെയ്യുന്നത് ദൈവത്തെ അപമാനിക്കുകയാണ്. കര്‍ത്താവിന്‍റെ കരുതലിലും നടത്തിപ്പിലും സന്തുഷ്ടരല്ല എന്നാണതിന്‍റെ അര്‍ത്ഥം. രാജാധി രാജനായ ക്രിസ്തുവിന്‍റെ സന്നിധിയില്‍ എന്നും ആഹ്ലാദം ഉണ്ട്. ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ ചിരിക്കും (ലൂക്കൊ.6:21). പ്രവാസത്തില്‍ നിന്ന് തിരികെ വന്ന യിസ്രായേല്‍ ജനത്തിന് ഇത് അനുഭവവേദ്യമായി. എങ്കില്‍ പ്രവാസികളായവരെ, തിരഞ്ഞെടുത്ത ദൈവസ്നേഹത്തിന്‍റെ മുന്‍പില്‍ അനുഭവസ്ഥര്‍ക്ക് ആഹ്ലാദിക്കുവാന്‍ വകയില്ലാതിരിക്കുമോ? ചിന്തിക്കുക.
രാജാവിന്‍റെ മക്കളായി ജനിക്കുവാനുള്ള അനുമതി നമുക്ക് ദാനം ചെയ്തതിന് നാം നന്ദി ഉള്ളവരായി ആഹ്ലാദിക്കണം. ദൈവത്തിന്‍റെ ജനത്തോട് “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍… നിങ്ങള്‍ സന്തോഷിക്കണം” എന്നു കൂടെകൂടെ യഹോവ പറഞ്ഞിരുന്നു (ആവ.12:12). യിസ്രയേല്‍ ജനത്തെ യഹോവ കണ്ടുമുട്ടുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത് – ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍ കൊണ്ടുവരണം. നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങളും നിങ്ങളുടെ പുത്രിമാരും, പുത്രന്‍ മാരും നിങ്ങളുടെ ദാസന്‍മാരും, ദാസിമാരും… സന്തോഷിക്കേണം” എന്നു പറഞ്ഞു (ആവ.12:11,12). എങ്കില്‍ ദൈവത്തെ ആരാധിക്കുവാനായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് കടന്നു ചെല്ലുമ്പോള്‍ നാം അവിടെ ആഹ്ലാദത്തോടെ ചെല്ലണം എന്ന് ദൈവം കല്‍പ്പിക്കുന്നു. ദാവീദ് ഇത് മനസ്സിലാക്കിയിട്ടാണല്ലോ “അവന്‍റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍” എന്നു പാടിയത് (സങ്കീ.100:4). യിസ്രായേല്‍ പെരുന്നാളുകള്‍ ആചരിക്കുമ്പോള്‍ സന്തോഷിക്കുമായിരുന്നു… “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍… സന്തോഷിക്കേണം.”.. (ലേവ്യ.23:40).
ആഹ്ലാദിക്കുക എന്നാല്‍ നന്ദിയും സ്തുതിയും കരേറുന്ന പ്രക്രിയയാണ്. നാം ആര്‍ക്കെങ്കിലും ഒരു സമ്മാനം കൊടുത്താല്‍ സന്തോഷവും നന്ദിയുമാണ് മുഖത്ത് ആഹ്ലാദമായി പ്രതിഫലിക്കുന്നത്. അതുപോലെ നാം ദൈവമുന്‍പാകെ ആഹ്ലാദിക്കുമ്പോള്‍ അവന്‍ നമുക്കു നല്‍കിയ രക്ഷയുടെ സന്തോഷത്തെയും നന്ദിയെയുമാണ് പ്രകടിപ്പിക്കുന്നത്. ഭയഭക്തി എന്നാല്‍, “നിശ്ശബ്ദത” ആണെന്ന ആശയം വളരെ അധി കം സഭകളില്‍ കണ്ടുവരുന്നത് (പഠിപ്പിക്കുന്നത്) നിര്‍ഭാഗ്യകരമെന്നേ പറയാന്‍ സാധിക്കൂ. ക്രിസ്തുവിനെ അറിഞ്ഞ സമൂഹമായിരിക്കണം സഭാ കൂടിവരവില്‍ ഏറ്റവും അധികം സന്തോഷം പ്രകടമാക്കുന്നവര്‍. സഭായോഗങ്ങള്‍ സ്തോത്രത്തിന്‍റെയും സ്തുതിയുടെയും ആഘോഷമായിരിക്കണം. അപ്പോള്‍ അത് മറ്റ് അനേകരെ ആകര്‍ഷി ക്കും. കാരണം അത് ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന്‍റെ പ്രതിഫലനം കൂടിയാണല്ലോ. ആധുനിക സഭകളില്‍ ഗാംഭീര്യവും ഘനഭാവവും നിറഞ്ഞു നില്‍ക്കുകയാണ്. അങ്ങനെയുള്ള സ്ഥാനമാണ് നിര്‍ജ്ജീവ ആരാധനയുടെ സ്ഥലം. ആകയാല്‍ ഇതിനൊരു വിരാമം ഉണ്ടാകേണ്ടതിന് നമുക്ക് ആഹ്ലാദത്തിന്‍റെയും ചൈതന്യത്തിന്‍റെയും ഉറവിടമായിത്തീരാന്‍ തീരുമാനം എടുക്കാം. ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് പലവഴികള്‍ നമുക്കുണ്ട്. ശോകാത്മകമായ ചരമ ഗീതങ്ങള്‍ പോലെയുള്ള പാട്ടുകള്‍ ആരാധനാ സമയത്ത് ഒഴിവാക്കുക. സന്തോഷം പകരുന്ന പാട്ടുകള്‍പാടി ദൈവത്തില്‍ ആനന്ദിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള പിരിമുറുക്കങ്ങളില്‍ നിന്നു വിമുക്തി ലഭിയ്ക്കുവാനും അവന്‍റെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പരിപൂര്‍ണ്ണത അനുഭവിയ്ക്കുവാനും സാധിയ്ക്കും. ആരാധനയ്ക്കു കൂടി വരുമ്പോള്‍ ആകുലതകള്‍ അതിനോട് ചേര്‍ ക്കാതെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയുടെ ഉന്നത ഭാവം നമ്മില്‍ ജനിപ്പിക്കണം. നാം വസിക്കുന്ന ലോകം ദു:ഖം നിറഞ്ഞ ഒരു സ്ഥലമാണ്. ലോകത്തെ ജയിച്ച വിശ്വാസത്തിന്‍റെ ഉടമകളാണെന്ന ബോധം നമുക്ക് അനിവാര്യമാണ്. കാരണം നാം ലോകത്തിന്‍റെ വെളിച്ചം ആണല്ലോ.