സ്നേഹത്തില്‍ നിന്ന് വെറുപ്പിലേക്ക് അധികദൂരമൊന്നുമില്ല

വിനായക് നിര്‍മ്മല്‍
സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അതൊക്കെയും സംഭവിച്ചത്. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം അതിലെ ഒരാള്‍ മറ്റേ ആള്‍ക്ക് ഇങ്ങനെയെഴുതി. കഴിഞ്ഞ ദിവസം സംഭവിച്ചുപോയതിനെയെല്ലാം ഞാന്‍ വെറുക്കുന്നു. ഇനി എനിക്ക് നിന്നോടും അതു മാത്രമേയുള്ളു.
വായിച്ചമാത്രയില്‍ നടുക്കമാണ് തോന്നിയത്. സ്നേഹത്തോടെ ചെയ്തിരുന്നവയെല്ലാം എത്ര പെട്ടെന്നാണ് വെറുപ്പിന്‍റെ ആവരണം അണിയുന്നത്. സ്നേഹിക്കുമ്പോള്‍ അയാള്‍ ആബോധാവസ്ഥയിലായിരുന്നോ. അതോ വെറുപ്പാണോ അയാളെ സുബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്? അറിയില്ല. സ്നേഹിക്കാന്‍ മാത്രമല്ല വെറുക്കാനും കാരണങ്ങളുണ്ട്. വ്യക്തിബന്ധങ്ങളില്‍.
സ്നേഹത്തില്‍ നിന്ന് വെറുപ്പിലേക്ക് അധികദൂരമൊന്നുമില്ല. ഏറിയാല്‍ ദാ, ഒന്നു കൈനീട്ടാന്‍ കഴിയുന്നത്രദൂരം. എന്നിട്ടും നാം കരുതുന്നു ചില സ്നേഹങ്ങളെല്ലാം നിത്യമായിരിക്കുമെന്ന്. വെറുപ്പിന്‍റെ കറകള്‍ അവയിലൊരിക്കലും പുരളുകയില്ലെന്ന്, പക്ഷേ സ്നേഹംപോലെ വെറുപ്പും യാഥാര്‍ത്ഥ്യമാണ്. എത്ര പെട്ടെന്നാണ് വെറുപ്പ് മനസ്സിലെ മുഴുവന്‍ വെളിച്ചവും കെടുത്തിക്കളയുന്നത്. എത്രമേല്‍ സ്നേഹിച്ചിരുന്നവരായിരുന്നു നമ്മള്‍. പക്ഷേ എത്രയോ അകലേയ്ക്ക് നാം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കാരണം നമുക്കിടയില്‍ വെറുപ്പ് ഒരു പര്‍വ്വതംപോലെ ഉയര്‍ന്നുനില്‍ക്കുന്നു. വെറുപ്പ് മഞ്ഞുമലയാകുമ്പോള്‍ അതുരുകിത്തീരും. പക്ഷേ വെറുപ്പ് പര്‍വതമാകുമ്പോള്‍ അതൊരിക്കലും ഉരുകിത്തീരില്ല. നാം അതിനെ കീഴടക്കിയേ മതിയാവൂ. പല വ്യക്തിബന്ധങ്ങളിലെയും വെറുപ്പ് മഞ്ഞുമലകളല്ല പര്‍വതങ്ങളോ കൊടുമുടികളോ ഒക്കെയാണ്. ഒരുപക്ഷെ ഏറെ സ്നേഹിക്കപ്പെടുന്നവര്‍ക്കിടയിലായിരിക്കാം വെറുപ്പ് രൂപപ്പെടുന്നത്. ഒരുകാലത്ത് ഒരിക്കല്‍ സ്നേഹിച്ചുപോയതുകൊണ്ട് നാം വെറുത്തുപോകുന്നു. ഒരു ബസ് യാത്രക്കിടയില്‍ ഒരാള്‍ അമാന്യമായി ഇടപെട്ടാല്‍ അയാളോട് തോന്നുന്നത് ദേഷ്യമോ നീരസമോ ആണ്. ഒരു രാത്രിക്ക് അപ്പുറം അത് ഹൃദയത്തില്‍ നിലനില്‍ക്കാറുമില്ല. കാരണം അയാള്‍ നമ്മുടെയാരുമല്ല. അതുപോലെയല്ല എന്നും കാണുന്നവര്‍ക്കിടയിലെ വെറുപ്പ്. അതുകൊണ്ടുതന്നെ ഏറെ അടുത്തുപോയവര്‍ക്കിടയിലാണ് വെറുപ്പിന്‍റെ വേരുകള്‍ ആഴത്തിലുള്ളത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍, മാതാപിതാക്കളും മക്കളും തമ്മില്‍, രക്തബന്ധങ്ങള്‍ തമ്മില്‍, ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ തമ്മില്‍… കാരണം മനസ്സും ശരീരവും പങ്കുവച്ചവരായിരുന്നു. എന്നാല്‍ ഇന്ന്…
എത്ര ആന്തരിക സൗഖ്യധ്യാനം കൂടിയാലും ചില സൗഹൃദങ്ങളില്‍ നിന്ന് വെറുപ്പിന്‍റെ കറകള്‍ മാഞ്ഞുപോകുന്നതേയില്ല. സ്നേഹവും വെറുപ്പും ജീവിതത്തിന്‍റെ ഭാഗമാണ്. സ്നേഹിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെങ്കിലും നാം വെറുത്തുപോകുന്നു. സ്നേഹത്തിന്‍റെ അവസ്ഥാന്തരമാണ് വെറുപ്പ്.
സ്നേഹിക്കുന്നതിനേക്കാളേറെ വെറുക്കാന്‍ എളുപ്പമാണ്. സ്നേഹിക്കുന്നതിന്‍റെ മറുവശമാണ് വെറുപ്പ്. ചിലരെ നാം വെറുക്കുന്നത് അവരിലെ കുറവുകളുടെ പേരിലാണ്. ചില സ്വഭാവപ്രത്യേകതകളുടെ പേരിലാണ്. ചില സംഭവങ്ങളുടെ പേരിലാണ്. ചില ആശയങ്ങളുടെ പേരിലാണ്.
എന്നാല്‍ ഒരാളിലെ നന്മയും ആയാള്‍ വെറുക്കപ്പെടുന്നതിന് കാരണമാകാറുണ്ട്. ക്രിസ്തുവും ഗാന്ധിജിയുമൊക്കെ കൊലചെയ്യപ്പെട്ടതിന് പിന്നില്‍ അവരുടെ നന്മയോടുള്ള ഒരു സമൂഹത്തിന്‍റെ അസഹിഷ്ണുതയും പ്രധാനഘടകമായിരുന്നു. എന്നാല്‍ അവനവനെ തന്നെ വെറുക്കുന്നവരുമുണ്ട്. വളരെ അപകടകരമായ മനോഭാവമാണ് അത്. സ്വയം സ്നേഹിക്കാതെ പോകുമ്പോള്‍, സ്വയം ആത്മാഭിമാനം നഷ്ടപ്പെടുമ്പോള്‍, സ്വന്തം വീഴ്ചകളോട് ഒരിക്കലും സമരസപ്പെടാതെ പോകുമ്പോള്‍ സ്വയം വെറുത്തുപോകുന്നവരാണ് ജീവിതത്തെ നിഷേധിക്കുന്നത്. ഞാന്‍ ജീവിതത്തെ വെറുക്കുന്നു. നിന്നെ സ്നേഹിച്ചു പോയതിനെ വെറുക്കുന്നു. ഇനി ഞാന്‍ സ്നേഹിക്കുന്നത് മരണത്തെ മാത്രം. ഇങ്ങനെ ചില ആത്മഹത്യകുറിപ്പുകള്‍ കണ്ടിട്ടില്ലേ…..
വെറുപ്പിനെ ക്രിസ്തു കാണുന്നത് കൊലപാതകത്തിന് സമാനമായിട്ടാണ്. സഹോദരനെ വെറുക്കുന്നത് കൊലപാതകത്തിന് തുല്യമെന്നാണ് യോഹന്നാന്‍ ശ്ലീഹാ വിശേഷിപ്പിക്കുന്നത്. സഹോദരനെ ഭോഷന്‍ എന്ന് വിളിക്കുന്നതുപോലും ശിക്ഷിക്കപ്പെടാനുള്ള കാരണമാണ് ക്രിസ്തുവിന്. വെറുപ്പ് എത്രത്തോളം വേറുക്കപ്പെടേണ്ടതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പക്ഷേ ഒരു തരത്തിലുള്ള വെറുപ്പ് മാത്രമേ ആത്മീയ തലത്തില്‍ ക്രിയാത്മകമാകുന്നുള്ളു, ലോകത്തോടുള്ള വെറുപ്പ്. ലോകത്തോടുള്ള മമതയാണ് നമ്മെ ലോകത്തിലുള്ളതിനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നത്. ലോകം എത്രത്തോളം പ്രിയങ്കരമാകുന്നുവോ അത്രത്തോളം ലോകത്തിലുളളതിനെ നാം വെറുക്കുന്നു. എന്‍റെ ഹിതങ്ങള്‍ക്ക് വിരുദ്ധമായി നീ പ്രവര്‍ത്തിക്കുമ്പോള്‍ നിന്നെ എനിക്ക് ചിലപ്പോള്‍ വെറുക്കേണ്ടതായിവരും. നീയും ഞാനും തമ്മില്‍ സ്വാര്‍ത്ഥപൂരിതമായ ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും എനിക്ക് നിന്നെ വെറുക്കേണ്ടതായിവന്നേക്കാം. ലോകത്തില്‍ ജീവിക്കുമ്പോഴും ലോകത്തിന്‍റേതായതിനെ വെറുക്കുന്നവരാണ് സന്യാസികള്‍. എല്ലാം വേണ്ടെന്ന് വയ്ക്കുന്നവര്‍. നിര്‍മ്മത എന്ന വാക്കിനെ അക്ഷരംപ്രതിനിറവേറ്റാന്‍ സന്നദ്ധരായവര്‍. ബന്ധങ്ങള്‍ക്കിടയിലെ വെറുപ്പിനെ കഴിയുന്നത്ര അകറ്റിനിര്‍ത്തുക. വെറുക്കാന്‍ നമുക്കിനിയും അവസരങ്ങളുണ്ട്. പക്ഷേ സ്നേഹിക്കാന്‍ നമുക്ക് ഈ നിമിഷം മാത്രമേയുള്ളൂ. ഈ നിമിഷം സ്നേഹിക്കാന്‍ സന്നദ്ധരാകുമ്പോള്‍ വെറുപ്പ് അകന്നുപോകും. വെറുപ്പുകൊണ്ട് ഈ ലോകത്തിന് നാശനഷ്ടങ്ങളേ സംഭവിച്ചിട്ടുള്ളൂ. വെറുപ്പില്‍ നിന്ന് ഈ ലോകത്തിന് ഒരു നന്മയും മുളയെടുത്തിട്ടുമില്ല. വെറുപ്പിനെ വെറുക്കുന്നവരാകുക. വെറുപ്പ് നെഗറ്റീവാണ്. സ്നേഹം പോസിറ്റീവും.