സ്വര്‍ഗ്ഗത്തില്‍ നമുക്ക് അന്യോന്യം തിരിച്ചറിയാന്‍ കഴിയുമോ? – എബി മാത്യു റാന്നി
ചില തെറ്റിദ്ധാരണകള്‍ ഈ ചോ ദ്യത്തിന്‍റെ പിന്നില്‍ ഉണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ട് അല്പം വിശദമായി മറുപടി പറയാം.
ദേഹം (യീറ്യ),ദേഹി , ആത്മാവ് എന്നിങ്ങനെ മൂന്നു ഘടകങ്ങളുള്ളവനാണ് മനുഷ്യന്‍. (1 തെസ.5:23, എബ്രാ.4:12.) യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ട് അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി. അങ്ങനെ മനുഷ്യന്‍ ജീവനുള്ള ദേഹി ആയിത്തീര്‍ന്നു. (ഉല്പ.2:7). ദേഹവും ആത്മാവും തമ്മില്‍ ചേരുമ്പോഴാണ് ദേഹി ഉണ്ടാകുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പിരിയുമ്പോള്‍ ദേഹി ഇല്ലാതാകുന്നു.
മനുഷ്യന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? പൊടി പണ്ട് ആയിരുന്നതുപോലെ പൊടിയിലേയ്ക്ക് തിരികെ ചേരുന്നു. ആത്മാവ് അതിനെ നല്‍കിയ ദൈവത്തിങ്കലേയ്ക്ക് മടങ്ങിപ്പോകുന്നു. (സഭാ.12:7). ശരീരവും ആത്മാവും തമ്മില്‍ വേര്‍പിരിയുമ്പോള്‍ ദേഹി ഇല്ലാതാകുകയും ചെയ്യുന്നു.
കര്‍ത്താവ് മടങ്ങി വരുമ്പോഴാണ് വിശുദ്ധര്‍ ഉയിര്‍ക്കുന്നത്. അതുകൊണ്ട് കര്‍ത്താവിന്‍റെ മടങ്ങി വരവിന് മുന്‍പുള്ള കാലമെന്നും അതിനു ശേഷമുള്ള കാലമെന്നും രണ്ടായി തിരിച്ച് ഈ വിഷയം പഠിക്കണം.
കര്‍ത്താവിന്‍റെ മടങ്ങിവരവിനു മുന്‍പുള്ള കാലത്ത് മരിച്ചു പോകുന്ന വിശുദ്ധര്‍ എവിടേയ്ക്ക് പോകുന്നു? അത് കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചതാണ്. പഴയനിയമ വിശുദ്ധന്മാര്‍ മരണശേഷം പാതാള പറുദീസയിലേയ്ക്കാണ് പോയിരുന്നത്. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പഴയ നിയമ വിശുദ്ധന്മാരുടെ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോയി. (എഫെ. 4:8-10) പുതിയ നിയമ കാലത്തെ വിശുദ്ധര്‍ മരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ അടുത്തെത്തും. രക്ഷിക്കപ്പെടാത്തവര്‍ അധമപാതാളത്തിലേയ്ക്കാണ് പോകുന്നത്.
പാതാളത്തില്‍ കിടക്കുന്ന ധനവാന്‍ മേല്‍പ്പോട്ടു നോക്കി അബ്രഹാമിനേയും ലാസറിനേയും തിരിച്ചറിഞ്ഞു. ലാസറിനെ ധനവാന് പരിചയമുണ്ട്. പക്ഷേ ഒരിക്കലും കണ്ടിട്ടില്ലാത്ത അബ്രഹാമിനേപ്പോലും ധനവാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് മനുഷ്യാത്മാവിന് മറ്റു മനുഷ്യാത്മാക്കളെ തിരിച്ചറിയാം എന്ന് വ്യക്തമാകുന്നു. ഇക്കാലത്ത് മരിച്ചു പോകുന്ന വിശുദ്ധര്‍ക്കും മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിയും എന്ന് കരുതാം. കാരണം, പഴയനിയമകാലത്തും പുതിയനിയമകാലത്തും മനുഷ്യാത്മാവിന് മാറ്റമൊന്നും വരുന്നില്ല. പുതിയ നിയമ വിശുദ്ധര്‍ ദേഹം വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടി ആയിരിക്കുന്ന സമയത്ത് അവിടെയുള്ള മറ്റ് മനുഷ്യാത്മാക്കളെ തിരിച്ചറിയുകയും സംസാ രിക്കുകയും മറ്റും ചെയ്യും. പത്രോസിനേയും പൗലോസിനേയും മറ്റും കാണുകയും സംസാരിക്കുകയും ചെയ്യാം. ഭാഷയുടെ പ്രശ്നവും ഉണ്ടാകുകയില്ല.
കര്‍ത്താവ് മടങ്ങി വരുമ്പോള്‍ വിശുദ്ധരുടെ ആത്മാക്കള്‍ മടങ്ങി വരുകയും ഉയിര്‍ത്തേഴുന്നേറ്റ ശരീരത്തില്‍ പ്രവേശിക്കയും ചെയ്യും. ശരീരവും ആത്മാവും തമ്മില്‍ ചേരുമ്പോള്‍ ദേഹിയും ഉണ്ടാകും. അങ്ങനെ ദേഹവും ദേഹിയും ആത്മാവും ഉള്ളവരായി വിശുദ്ധര്‍ കര്‍ത്താവിനോടൊപ്പം വസിക്കും. ശരീരമുള്ള മനുഷ്യരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ലല്ലോ.
ഉയിര്‍ത്തെഴുന്നേറ്റ വിശുദ്ധര്‍ ആദ്യത്തെ ഏഴു വര്‍ഷം കര്‍ത്താവിനോടൊപ്പം മദ്ധ്യാകാശത്തായിരിക്കും. അതിനു ശേഷമുള്ള ആയിരം വര്‍ഷം കര്‍ത്താവിനോടൊത്ത് ഈ ഭൂമിയില്‍ ഭരണം നടത്തും. അതിനുശേഷം ഭൂമി അഗ്നിയാല്‍ നശിക്കും. പിന്നീട് പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. പുതിയ യെരൂശലേം എന്ന നഗരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേയ്ക്ക് ഇറങ്ങി വരും. ഈ നഗരത്തിലാണ് വിശുദ്ധര്‍ പിന്നീട് വസിക്കുക. പുതിയ യരൂശലേമിലെ വാസം എത്രക്കാലമാണ് എന്ന് വ്യക്തമല്ല. മാത്രമല്ല, മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ എപ്പോഴെങ്കിലും നിത്യവാസത്തിനായി എത്തുമോ എന്നും ബൈബിള്‍ വ്യക്തമാക്കുന്നില്ല. മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ദൈവത്തിനുള്ളത്. അതില്‍ ഇടപെടുന്നത് ശരിയല്ല.
സ്വര്‍ഗ്ഗം എന്ന സ്ഥലത്ത് എല്ലാവിധ സുഖസൗകര്യങ്ങളോടുംകൂടി എന്നെന്നും വാഴാം എന്നാണ് പലരും കരുതുന്നത്. പക്ഷേ അതല്ല ബൈബിള്‍ പറയുന്നത്. ഉയിര്‍പ്പു വരെയുള്ള കാലത്ത് കര്‍ത്താവിനോടൊപ്പം (ആത്മാവ് മാത്രമായി) കഴിയുന്നതാണ് ആദ്യഘട്ടം. ഉയിര്‍പ്പു കഴിഞ്ഞ് ദേഹവും ദേഹിയും ആത്മാവും ഉള്ളവരായി ഏഴുവര്‍ഷം മദ്ധ്യാകാശത്ത്. അതുകഴിഞ്ഞ് ആയിരം വര്‍ഷം ഈ ഭൂമിയില്‍. പിന്നീടുള്ള കാലം പുതിയ യരൂശലേമില്‍. ഇത്രയുമാണ് ബൈബിള്‍ പറയുന്നത്.
അന്യോന്യം തിരിച്ചറിയുമോ എന്നതാണല്ലോ പ്രസക്തമായ ചോദ്യം. കേവലം ആത്മാവ് മാത്രമായിരിക്കുന്ന കാലത്തുപോലും തിരിച്ചറിയാന്‍ കഴിയുമെന്ന് ധനവാന്‍റെ അനുഭവം തെളിയിക്കുന്നു. അതുകൊണ്ട് ഉയിര്‍പ്പിനുശേഷമുള്ള കാലത്ത് ദേഹവും ദേഹിയും ആത്മാവുമുള്ള പൂര്‍ണ്ണ മനുഷ്യനായി മാറുമ്പോള്‍ അന്യോന്യം തിരിച്ചറിയുക എന്നത് അല്പംപോലും ബുദ്ധിമുട്ടുള്ള കാര്യമല്ല. മറുരൂപമലയില്‍ വച്ച് പത്രോസിനും യാക്കോബിനും യോഹന്നാനും അല്പസമയത്തേയ്ക്ക് ഇത്തരം ഒരു അനുഭവമുണ്ടായി. ആരും പരിചയപ്പെടുത്തിക്കൊടുക്കാതെ തന്നെ അവര്‍ക്ക് മോശെ, ഏലിയാവ് എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞു. അബ്രഹാം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയവരോടൊപ്പം വിശുദ്ധന്മാര്‍ പന്തിക്കിരിക്കും എന്ന് കര്‍ത്താവ് പറഞ്ഞതും ഓര്‍ക്കുക.
മരണശേഷം ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകുമെന്ന് ഒരു ഏകദേശ ധാരണ മാത്രമാണ് മിക്കവര്‍ക്കും ഉള്ളത്. അതാണ് പ്രശ്നമാകുന്നത്. ആത്മാവെന്നു പറഞ്ഞാല്‍ പുകപോലെ എന്തോ ഒന്ന് എന്നുംകൂടി ധരിക്കുന്നതോടെ എല്ലാം തികഞ്ഞു. ഈ ധാരണ തിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകുന്നത് ആത്മാവ് മാത്രമല്ല, ദേഹവും ദേഹിയും ആത്മാവുമുള്ള പൂര്‍ണ്ണ മനുഷ്യനാണ്. മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള കാലത്തു മാത്രമാണ് ആത്മാവായി മനുഷ്യന്‍ കഴിയുന്നത്. വിശുദ്ധര്‍ കര്‍ത്താവിന്‍റെ വരവിലും പാപികള്‍ അന്ത്യ ന്യായവിധിക്കുമുന്‍പും ഉയിര്‍ക്കും. പിന്നീടുള്ള കാലത്ത് ദേഹവും ദേഹിയും ആത്മാവും ഉള്ളവരായി നിത്യ സന്തോഷമോ നിത്യ ശിക്ഷാവിധിയോ പ്രാപിക്കും.