
ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നല്‍കാന്‍ കോടതികള്‍ തയ്യാറാവരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്.
സ്വവര്‍ഗ ലൈഗികത സുപ്രീംകോടതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കിയിരുന്നു. കേസ് ഏപ്രില്‍ 20-ന് ഹൈക്കോടതിയില്‍ പരിഗണിക്കും.
സ്വവര്‍ഗ വിവാഹം അംഗീകരിച്ചാലുണ്ടാകുന്ന കുടുംബപ്രശ്നങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പുരുഷന്‍ ഭര്‍ത്താവും സ്ത്രീ ഭാര്യയും അതിലുണ്ടാകുന്ന കുട്ടികളുമുള്‍പ്പെടുന്ന ഇന്ത്യയുടെ കുടുംബ സങ്കല്‍പ്പവുമായി അതിനെ താരതമ്യം ചെയ്യാനാവില്ല. വ്യക്തിബന്ധവുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്.
രാജ്യത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് പരിശുദ്ധി കല്‍പിക്കപ്പെടുന്നുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്‍റെ നിയമപരമായ അംഗീകാരം എന്നതിലുപരി നമ്മുടെ രാജ്യത്ത് പുരാതനമായ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, നാട്ടുനടപ്പുകള്‍, സംസ്കാരം, സാമൂഹികമൂല്യങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് വിവാഹം നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് അടുത്തിടെ പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു.