വാവേയെ വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: ചൈനീസ് കമ്പനിയായ വാവേയുടെ നെറ്റ് വര്‍ക്കിങ്ങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്താനോരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂണില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷ പരിഗണിച്ചാണ് നടപടിയെന്നറിയുന്നു.
ജൂണ്‍ 15 മുതല്‍ ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ‘വിശ്വസനീയ കമ്പനികളില്‍ നിന്നു മാത്രമേ ടെലികോം ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുകയുള്ളുവെന്ന് ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍ക്ക് ആശ്രയിക്കാന്‍ പാടില്ലാത്ത കരിമ്പട്ടികയും ഇതോടൊപ്പം സര്‍ക്കാര്‍ ആവതരിപ്പിക്കും.
ഈ കമ്പനി ഇന്ത്യയിലെ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
നേരത്തെ അമേരിക്കയും രാജ്യസുരക്ഷയുടെ പേരില്‍ വാവേയ്ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഭാരതി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയുമാണ് കൂടുതലായി വാവേയുടെ ഗിയറുകള്‍ തങ്ങളുടെ നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നത്. മറ്റു കമ്പനികളെക്കാള്‍ കുറഞ്ഞ വിലയില്‍ ഉപകരണങ്ങള്‍ നല്‍കുന്നുവെന്നതാണ് വാവേ പോലുള്ള ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കാന്‍ കാരണം.