Sankeerthanam News

യാക്കോബായ സഭ റിലേ നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിനും പള്ളി കൈയേറ്റങ്ങള്‍ക്കുമെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ യാക്കോബായ സഭ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. സഭാ വര്‍ക്കിങ്ങ് കമ്മിറ്റിയംഗം സാബു പട്ടാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു.
ആരാധനാസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. മറ്റു പള്ളികളുടെ കേസില്‍ വന്ന വിധി ആ കേസില്‍ കക്ഷിയല്ലാത്ത സഭയുടെ ആയിരത്തോളം പള്ളികള്‍ക്കു ബാധകമാക്കിയത് ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണെന്ന് സാബു പട്ടാശ്ശേരിയില്‍ പറഞ്ഞു. സമരസമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പൊലിത്ത അധ്യക്ഷത വഹിച്ചു.
സഭ നടത്തുന്ന സമരം നീതി ലഭിക്കാനാണെന്നും സഭ സര്‍ക്കാരിന് എതിരാണെന്ന നിലയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പൊലിത്തയുടെ നേതൃത്വത്തില്‍ സമരസമിതി സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ്, ഫാ. ജോര്‍ജ് പറക്കാട്ടില്‍, ഡീക്കണ്‍ ജിബിന്‍ പുന്നശ്ശേരിയില്‍, സഭാ മാനേജിങ് കമ്മിറ്റിയംഗം ഏലിയാസ് കോനമ്പുറം, ജേക്കബ് ജോണ്‍ മങ്ങാട്ട്, ഡായി എബ്രഹാം മണര്‍കാട്, ടിജു തോമസ് മഞ്ഞനിക്കര, എന്‍.എം. കുര്യാക്കോസ് പുത്തന്‍കുരിശ് തുടങ്ങിയവരാണ് നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്.