Sankeerthanam News

രാഷ്ട്രീയ നിലപാടെടുക്കുമെന്ന് സൂചന നല്‍കി യാക്കോബായ സഭ

കോലഞ്ചേരി: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കാന്‍ യാക്കോബായ സഭാ സുന്നഹദോസ് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കി. സഭയുടെ ഔദ്യോഗിക സമിതികളും അഖില മലങ്കര വൈദിക യോഗവും ചേര്‍ന്ന ശേഷമുള്ള സഭാ സുന്നഹദോസില്‍ രാഷ്ട്രീയ നിലപാടില്‍ വ്യക്തമായ തീരുമാനമെടുക്കും. അതുവരെ മൂന്നു മുന്നണികളോടും സമദൂര സമീപനമായിരിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച സഭാ മെത്രാപ്പെലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. എറണാകുളമടക്കം സ്വാധീനമുള്ള ജില്ലകളില്‍ സഭ രാഷ്ട്രീയ തീരുമാനമെടുത്താല്‍ അത് ഭരണതലത്തില്‍ പ്രകടമാകും. സഭ മൂന്നു മുന്നണികളിലും പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് കെ.ടി. തോമസിനോട് ആവശ്യപ്പെട്ടതനുസരിച്ച് നിയമനിര്‍മാണം നടത്താനാണ് കരട് ബില്ല് സമര്‍പ്പിച്ചത്. പ്രതിപക്ഷം എതിര്‍ക്കില്ലെന്നു പറഞ്ഞിട്ടും ബില്ല് പാസായില്ല. അതിനു പിന്നില്‍ മറുഭാഗത്തിന്‍റെ ഗൂഡാലോചനയുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നു മാത്രമല്ല രാഷ്ട്രീയ വിലപേശലുമില്ല. സഭയില്‍ എല്ലാ രാഷ്ട്രീയത്തില്‍ പെട്ടവരുമുണ്ട്. എന്നാല്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സഭയ്ക്ക് ഒരു രാഷ്ട്രീയമുണ്ടായേക്കാമെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.
നീതിപീഠങ്ങളില്‍നിന്നു സഭയ്ക്ക് ലഭിക്കാത്ത നീതി നടപ്പാക്കിത്തരാന്‍ ഭരണാധികാരികള്‍ സന്നദ്ധരാകണം. അതുകൊണ്ടാണ് സഭ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും ഇടവക പള്ളികളില്‍ ഉച്ചവരെ ഉപവാസ പ്രാര്‍ത്ഥനകള്‍ നടത്താനും പുത്തന്‍കുരിശ് പാത്രിയാര്‍ക്കാസെന്‍ററില്‍ ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചു.