കോട്ടയം: കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയെ അപമാനിക്കുംവിധം ആള്‍ത്താരയില്‍നിന്ന് പരാമര്‍ശങ്ങള്‍ നടത്തിയ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരു ഫാ. മാത്യു നായ്ക്കാംപറമ്പില്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കോട്ടയം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ആണ് കേസ് അന്വേഷിച്ചത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതികളുടെ നിരപരാധിത്വം ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സിസ്റ്റര്‍ അഭയ കള്ളനെക്കണ്ട് ഭയന്ന് ഓടുമ്പോള്‍ കിണറ്റില്‍ വീണ് മരിച്ചതാണെന്ന ഫാ. നായ്ക്കാംപറമ്പിലിന്‍റെ വെളിപാട് രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്.
കോടതി ശിക്ഷിച്ച പ്രതികള്‍ നിരപരാധികളാണെന്ന് പറഞ്ഞ റിട്ട.ജഡ്ജി എബ്രഹാം മാത്യുവിന് പിന്നില്‍ റിട്ട. ജഡ്ജി സിറിയക് ജോസഫ് ആണെന്നും ജോമോന്‍ ആരോപിച്ചു.