രോഗ വ്യാപനം രൂക്ഷം, കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം
കോട്ടയം: കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്‍വന്‍ഷനുകളും മറ്റ് ഒത്തുചേരലുകളും ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു. ക്രൈസ്തവ സഭകള്‍ ഈ കാര്യത്തില്‍ മാതൃകകാട്ടണമെന്നാണ് സഭാ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയാകളിലും മറ്റും കണ്‍വന്‍ഷനുകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് വിശ്വാസികള്‍ പോസ്റ്റുകളിടുന്നത് ഇതിനു തെളിവാണ്. ഇപ്പോള്‍ നടത്തുന്ന കണ്‍വന്‍ഷനുകളില്‍ നൂറ് ആളുകള്‍ക്ക്, പരമാവധി ഇരുന്നൂറ് ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അതും വായ മൂടികെട്ടിയും അകലം പാലിച്ച് ഇരുന്നും പരസ്പരം സ്പര്‍ശിക്കാതെയും ഒക്കെയാണ് പരിപാടിയില്‍ പങ്കെടുക്കെണ്ടത്. പരിപാടിയില്‍ സംബന്ധിക്കുന്ന ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടങ്കില്‍ അത് മറ്റു പലര്‍ക്കും പിടിപെടുകയും ചെയ്യാം. ഇത്തരം നിര്‍ണ്ണായക സാഹചര്യത്തില്‍ നാമമാത്ര ആളുകളെ കൂട്ടി ഒരു ചടങ്ങുപോലെ കണ്‍വന്‍ഷന്‍ നടത്തുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. കോവിഡ് വ്യാപനം അവസാനിക്കുമ്പോള്‍ മുന്‍ കാലങ്ങളിലേതുപോലെ വലിയ ഒത്തുചേരലുകള്‍ നടത്താമെന്നിരിക്കെ രോഗം കൂടുതല്‍ പടര്‍ത്താന്‍ സാദ്ധ്യതയുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കി ക്രൈസ്തവ സഭകള്‍ മാതൃക കാട്ടണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ഐ.പി.സി.ക്കുപിന്നാലെ ഈ മാസം 11 – 14 വരെ നടക്കുന്ന എ.ജി പുനലൂര്‍ കണ്‍വന്‍ഷനും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ നടത്തിയാല്‍ മതിയെന്ന് സഭാ നേതൃത്വം തീരുമാനിച്ചു. ഐ.പി.സി. സഭയുടെ കുമ്പനാട് കേന്ദ്ര ഓഫീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂട്ടി. ഇവിടെ നടക്കേണ്ട കുമ്പനാട് കണ്‍വന്‍ഷന്‍ ഡിജിറ്റല്‍ ആയാണ് നടത്തിയത്. ഇതിനെതിരെ ചിലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നെങ്കിലും ആ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതായി ഇപ്പോഴത്തെ രോഗ വ്യാപനം. കണ്‍വന്‍ഷന്‍ മാറ്റിവച്ച ഐ.പി.സി. സഭാ നേതൃത്വത്തിന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ, കോവിഡ് രോഗ വ്യാപനം രൂക്ഷമായ കേരളത്തിലും മഹാരാഷ്ട്രയിലും കേന്ദ്ര സംഘം വീണ്ടും സന്ദര്‍ശനം നടത്തും എന്നറിയുന്നു. രാജ്യത്തെ ആകെ രോഗികളില്‍ എഴുപത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കേന്ദ്ര സംഘത്തില്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്തരും ഡല്‍ഹി ലേഡി ഹാര്‍ഡിങ്ങ് മെഡിക്കല്‍ കോളജിലെ വിദഗ്ധരും ഉണ്ടാകും. കോവിഡ് പ്രതിരോധ നടപടികളിലുണ്ടായ വീഴ്ച കേന്ദ്ര സംഘം പരിശോധിക്കും. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,07,66,245 ആയി. ഒറ്റ ദിവസത്തിനിടെ 94 പേര്‍ കൂടി രോഗം ബാധിതരായി മരിച്ചു.