ലഖ്നോ: യു.പി യിലെ ബദായൂനില്‍ അംഗന്‍വാടി ജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് ക്ഷേത്ര പൂജാരിയായ സത്യനാരായണന്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ ഗ്രാമത്തില്‍ ഒളിച്ചിരുന്ന പൂജാരിയെ നീണ്ട സമയത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് യു.പിയില്‍ അംഗന്‍വാടി ജീവനക്കാരിയായ 50കാരി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്.
ജനുവരി മൂന്നിന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. പിന്നീട് ക്ഷേത്രത്തിലെ പുരോഹിതനും സഹായികളായ രണ്ടു പേരും ചേര്‍ന്ന് ഇവരുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പൊട്ടക്കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂരമായ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാവുകയായിരുന്നു. പരാതി ഗൗരവമായെടുക്കാത്ത പൊലിസ് നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് കേസന്വേഷണത്തില്‍ അലംഭാവം കാണിച്ച ഒരു പൊലിസുകാരനെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.