
വിജോയ് സ്കറിയ പെരുമ്പെട്ടി
തലയെടുപ്പുള്ള ഒരദ്ധ്യാപകന്‍റെ പ്രസരിപ്പുള്ള മുഖവുമായി മലബാറു മുതല്‍ ഇങ്ങ് തലസ്ഥാനം വരെ
സുഹൃത്തുക്കളെയും ശിഷ്യഗണങ്ങളെയും സൃഷ്ടിച്ച കൈപ്പുഴരാജന്‍ എന്ന കെ.രാജന്‍ ഇന്ന് പുര്‍ച്ചെ വിടവാങ്ങി. സഭാ സാമൂഹിക സാഹിത്യ രംഗത്ത് തന്‍റേതായ ഇടം സൃഷ്ടിച്ച അദ്ദേഹം റാന്നിയിലും പരിസരങ്ങളിലും നിറസാനിധ്യമായിരുന്നു. വെണ്‍മയുള്ള മുടി ചീകിയൊതുക്കി തല ഉയര്‍ത്തി കര്‍മ്മ മണ്ഡലങ്ങളില്‍ വ്യാപൃതനാകുന്ന രാജന്‍ സാര്‍ ഏതൊരാളെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. ആത്മീയത പ്രകടനങ്ങളല്ലന്നും, നിശബ്ദ സേവനവും ദൈവ നിയോഗമാണന്ന തിരിച്ചറിവാണ് ആത്മീയ വഴികളെ പ്രകാശപൂര്‍ണ്ണമാക്കുന്നത് എന്ന് പഠിപ്പിച്ച സത്യാന്വേഷിയായിരുന്നു കൈപ്പുഴ രാജന്‍. അദ്ധ്യാപക ജോലിപോലെ തന്നെ കുട്ടികളുടെ ആത്മീയ പോഷണവും പ്രാധാന്യമേറിയതായി തിരിച്ചറിഞ്ഞ രാജന്‍ സാര്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയ സാന്മാര്‍ഗ്ഗിക വളര്‍ച്ചയ്ക്ക് തന്നാലാവോളമെല്ലാം ചെയ്യുമായിരുന്നു. ധാരാളം സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുള്ള അദ്ദേഹം സ്ക്രീന്‍ പ്രിന്‍റിങ്ങിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുവിശേഷ സന്ദേശങ്ങള്‍ സ്വയം പ്രിന്‍റ് ചെയ്ത് വിതരണം ചെയ്യുമായിരുന്നു.
കാല്‍ നൂറ്റാണ്ട് മുന്‍പാണ് ഞാന്‍ രാജന്‍ സാറിനെ പരിചയപ്പെടുന്നത്. സങ്കീര്‍ത്തനം വാര്‍ത്താ പത്രികയുടെ ആരംഭ നാളില്‍ തന്നെ അദ്ദേഹം റാന്നി കോര്‍ഡിനേറ്ററും ലേഖകനുമായി. സങ്കീര്‍ത്തനം പത്രാധിപ സമിതി അംഗങ്ങമായിരുന്ന ഷിബു മുള്ളുംകാട്ടില്‍, ഷാജി വിളയില്‍, പി.സി.തോമസുകുട്ടി, കെ.രാജന്‍ തുടങ്ങി ധാരാളമാളുകള്‍ സങ്കീര്‍ത്തനം പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായപ്പോള്‍ റാന്നിയില്‍ ഏറ്റവും പ്രചാരമുള്ള ക്രൈസ്തവ പ്രസിദ്ധീകരണമായി സങ്കീര്‍ത്തനം വളര്‍ന്നു. ലേഖനങ്ങളിലും വാര്‍ത്തകളിലും രാജന്‍ സാറിന്‍റെ പേര് ഞാനും ഷിബുവുംകൂടി ആലോചിച്ച് കൈപ്പുഴ രാജന്‍ എന്നാക്കിയത് ഒരു ചിരിയോടുകൂടിയാണ് സാര്‍ സ്വീകരിച്ചത്.
ജനറല്‍ കണ്‍വന്‍ഷനുകളിലെ സങ്കീര്‍ത്തനം സ്റ്റാളുകളില്‍ രാജന്‍ സാറും റാന്നിയച്ചായനുമായിരുന്നു നടത്തിപ്പുകാര്‍. കഴിഞ്ഞ കുമ്പനാട് കണ്‍വന്‍ഷനിലും ശാരീരിക ക്ഷീണം വകവയ്ക്കാതെ രാജന്‍സാര്‍ സ്റ്റാളിലെത്തി കൗണ്ടറിലിരുന്നു. സുവിശേഷ സാഹിത്യ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യത്തിന്‍റെ പ്രകടനംകൂടിയായിരുന്നു അത്.
സാഹചര്യങ്ങള്‍ക്കപ്പുറം സാധ്യതകള്‍ കണ്ടെത്തിയ അദ്ദേഹം ജൈവ കൃഷിയുടെ പ്രചാരകന്‍കൂടിയായിരുന്നു. മികച്ച ജൈവകര്‍ഷകനുള്ള ആദരവ് കരസ്ഥമാക്കിയ അദ്ദേഹം ജൈവ കീടനാശിനികളും ജൈവ വളങ്ങളും സ്വയം നിര്‍മ്മിച്ചിരുന്നു.
മുഖംനോക്കാതെ വിമര്‍ശിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്ന രാജന്‍സാറിന്‍റെ വേര്‍പാടോടുകൂടി നഷ്ടമാകുന്നത് സഭാരംഗത്തെ വൈകൃതങ്ങള്‍ക്കെതിരെ ശബ്ദിച്ച ധീരനായ ആത്മിയനെയാണ്.