കാപട്യം ഇല്ലാത്ത മനുഷ്യസ്നേഹി

ഷിബു മുള്ളംകാട്ടിൽ

രാവിലെ ഫോണിന്‍റെ ബെല്ലടിശബ്ദംകേട്ടാണ് ഞാൻ ഉണർന്നത്. മറുതലക്കൽ കൈപ്പുഴ രാജൻസാർ. “ഷിബു , എന്ത് മണ്ടത്തരമാണ് കാണിച്ചത്…അയാളെപ്പറ്റിഎന്തിനാണ്എഴുതുവാൻ പോയത്? തല്ക്കാലം സൂക്ഷിച്ചുവേണം പുറത്തുപോകുവാൻ…” സങ്കീർത്തനം വാർത്താപത്രികയിൽ 1998 ല്‍ ഞാൻ എഴുതിയ ‘മനുഷ്യദൈവത്തെ’കുറിച്ചുള്ള ഫീച്ചർ വായിച്ചപ്പോഴാണ് അതിന്‍റെ പ്രത്യാഘാതം രാജൻസാർ അറിയിച്ചത്. മനുഷ്യദൈവത്തിന്‍റെ അനുയായികളുടെ ആക്രമണസ്വഭാവം മുൻകൂട്ടിഅറിയിച്ചത് എന്നോടുള്ള ആഴമായ സ്നേഹംകൊണ്ടായിരുന്നു.

പ്രായത്തിൽ പിതൃതുല്യൻ എങ്കിലും രാജൻ സാർ എനിക്ക് നല്ല സ്നേഹിതൻ ആയിരുന്നു. നർമ്മം പറയുന്ന, പൊട്ടി ചിരിക്കുന്ന , ദീർഘമായി സംസാരിക്കുന്ന കൂട്ടുകാരൻ! എന്‍റെ ഓരോ രചനകളും വിലയിരുത്തി അതിന്‍റെ ശരിതെറ്റുകൾ ബോധ്യപ്പെടുത്തുന്ന തുറന്ന മനസിന്‍റെ ഉടമ. ഞങ്ങൾ നാട്ടുകാർ ആണെങ്കിലും രാജൻ സാർ തന്‍റെ അനുമോദനങ്ങൾ പലപ്പോഴും കത്തിലൂടെ അറിയിച്ചിരുന്നു.

സ്കൂൾ അദ്ധ്യാപകൻ എങ്കിലും സാഹിത്യ പ്രവർത്തനം രാജൻ സാറിന് ആവേശമായിരുന്നു. ഗുഡ്‌ന്യൂസ് വാരികയുടെ പ്രതിനിധിയായി മലബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചത് ചീഫ് എഡിറ്റർ സി വി മാത്യു സാർ അനുസ്മരിച്ചു. സങ്കീർത്തനം വാർത്താപത്രിക ആരംഭിച്ചപ്പോൾ രാജൻ സാർ അതിന്‍റെ മുൻനിരയിൽ ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിൽ എവിടെ സ്റ്റാൾ ഇട്ടാലും അതിന്‍റെ ചുമതല ഭംഗിയായി നിർവഹിക്കും. ഒപ്പം റാന്നി അച്ചായൻ എന്ന പി സി തോമസുകുട്ടിയും ചേരും. അരവും അരവും ചേരുമ്പോൾ കിന്നരം എന്ന് പറയുന്നതുപോലെ രണ്ടുപേരുംകൂടി അവിടെ ഇളക്കി മറിക്കും. ആ സ്റ്റാളിനു മുന്നിൽകൂടി പോകുന്നവരെ എല്ലാം വരിക്കാരാക്കുന്ന കെമിസ്ട്രി അവർക്കു മാത്രം സ്വന്തം! റാന്നി അച്ചായൻ കഴിഞ്ഞ വർഷം യാത്രയായി…ഇപ്പോൾ രാജൻ സാറും. റാന്നിയിലെ മിക്കവാറും എല്ലാ വിശ്വാസ ഭവനങ്ങളും സങ്കീർത്തനം വാർത്താപത്രികയുടെ വരിക്കാർ ആയിരുന്നു.

ചെറിയ വാക്കുകൾകൊണ്ട് വലിയ ആശയങ്ങൾ കൈമാറുന്ന രചനകളാണ് രാജൻ സാറിന്‍റെ പ്രത്യോകത. വലിച്ചുവാരി എഴുതുന്നവർ വായിക്കപ്പെടുകയില്ല എന്ന് അദ്ദേഹം പറയുമായിരുന്നു.
അനീതിക്കും അനാത്മീകതക്കും എതിരെ ശക്തമായി പ്രതികരിച്ചു. “ലജ്ജയായതിൽ മാനം തോന്നുന്നു” എന്ന തലകെട്ടിൽ എഴുതിയ ലേഖനം അതിലൊന്നാണ്. സുവിശേഷീകരണം ലക്ഷ്യമാക്കി സ്ക്രീൻ പ്രിന്‍റിങ് പഠിച്ചു, നിരവധി ലഖുലേഖകൾ പുറത്തിറക്കി. ‘ചിരിക്കുമ്പോൾ തന്നെ ഹൃദയം ദുഃഖിച്ചിരിക്കാം’ എന്ന ലഖുലേഖ ഏറെ ശ്രദ്ദേയമായി. കെ രാജൻ റാന്നി എന്ന പേരിലാണ് അദ്ദേഹം വാർത്തകളും ലേഖനങ്ങളും അയച്ചുകൊണ്ടിരുന്നത്. വിജോയ് സ്കറിയയും ഞാനും കൂടി ചേർന്ന് കൈപ്പുഴ രാജൻ എന്ന തൂലിക നാമം ആക്കിയപ്പോൾ അദ്ദേഹം നിറചിരിയോടെ സ്വീകരിച്ചു.

നല്ല വായനക്കാരൻ കൂടി ആയിരുന്നു രാജൻ സാർ. കുമ്പനാട് കൺവെൻഷന് പോകുമ്പോൾ പത്രങ്ങളുടെ സ്റ്റാളുകൾ സന്ദർശിച്ചു വരിസംഖ്യ നൽകും. പ്രസിദ്ധീകരണങ്ങളിൽ വരുന്ന രചനകളുടെ യോജിപ്പും വിയോജിപ്പും പത്രാധിപരെ കത്തിലൂടെ അറിയിക്കുക ശീലമായി. ആരുടേയും മുഖത്തുനോക്കി നിലപാടുകൾ പറയുവാൻ മടിയില്ല. ഐ പി സി ശാലേം സഭയുടെ സെക്രട്ടറി ആയി ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു. അദ്ധ്യാപകവൃത്തിയിൽനിന്നും വിരമിച്ച ശേഷവും വിവിധ മേഖലകളിൽ സജീവമായി. ജൈവ കൃഷിയിലും രാജൻ സാർ കഴിവ് തെളിയിച്ചു.

രാജൻ സാറിന്‍റെ ഭാര്യ ലീലാമ്മ ആന്‍റി സൗമ്യവതിയാണ്. ഏക മകൻ ഓസ്ബോൺ എന്‍റെ അടുത്ത സ്നേഹിതനാണ്. പിതാവിന്‍റെ വിശ്വസ്തതയും ആത്മാർത്ഥതയും മകനിൽ ദർശിക്കാം. കൊച്ചുമക്കൾ ചിഞ്ചു, ബിഞ്ചു എന്നിവരെ അവരുടെ കുട്ടിക്കാലത്തു ‘കണ്ണും കരളും’എന്നാണ് രാജൻ സാർ
വിളിച്ചിരുന്നത്. കാപട്യം ഇല്ലാത്ത തികഞ്ഞ ഒരു ആത്മീയനെ നമുക്ക് നഷ്ട്ടമായി. നിത്യതയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ പ്രിയപ്പെട്ട രാജൻ സാറിന് വിട ചൊല്ലുന്നു…