മഹാവ്യാധിക്കൊപ്പം മഹാമാരിയും;
കേരളത്തിലാകെ കെടുതി

സങ്കീര്‍ത്തനം ലേഖകന്‍
കൊറോണ മഹാവ്യാധിയുടെ ദുരിതത്തിനിടയില്‍ കേരളത്തിലാകെയുണ്ടായ മഴയും കാറ്റും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചതിനാല്‍ അതിശക്തമായ കാറ്റും മഴയും കടലാക്രമണവും തുടരുകയാണ്. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍പ്പോര്‍ട്ട്റോഡ് പൂര്‍ണ്ണമായി കടലെടുത്തു. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ളതാനാല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
ഒരാഴ്ചയായി നീളുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി ഒട്ടുമിക്കവരും ബുദ്ധിമുട്ടുകളിലാണ്. ഈ മാസം 23 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. രോഗവ്യാപന തോത് അനുസരിച്ചാകും ലോക്ഡൗണ്‍ തുടര്‍ന്ന് നീട്ടുന്ന കാര്യത്തില്‍ തീരുമാനമാകുക. കേരളത്തില്‍ ജനജീവിതം സാധാരണനിലയിലെത്താന്‍ ആഴ്ചകള്‍ പിന്നിടുമെന്ന് ഉറപ്പായി.
സംസ്ഥാനത്ത് പൊതുഗതാഗതം ഇല്ലാത്തത് സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂലിപ്പണിയും ഇതര നിത്യജോലികളും ചെയ്യുന്നവര്‍ കടുത്ത ആശങ്കയിലാണ്. വ്യാപാരികളും ചെറുകിട വ്യവസായികളും സാമ്പത്തികമായി തകര്‍ന്നു. മൊറട്ടോറിയം പ്രഖ്യാപിക്കാത്തതിനാല്‍ ബാങ്ക് ലോണ്‍ എടുത്തവര്‍ കൂടുതല്‍ ദുരിതത്തിലാണ്.
ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പുരോഹിത വിഭാഗവും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഒട്ടുമിക്ക സഭകളും പുരോഹിതര്‍ക്കുള്ള പണം നല്‍കുന്നുണ്ട്. വിശ്വാസികളില്‍നിന്ന് പിരിച്ചോ, സഭയുടെ ഫണ്ടില്‍നിന്ന് എടുത്തോ ആണ് പുരോഹിതര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത് എത്രകാലം തുടരാനാകുമെന്ന ആശങ്കയിലാണ് ചെറിയ സഭകള്‍.
പുരോഹിതര്‍ താമസ സ്ഥലത്തിനടുത്ത് കൃഷിചെയ്യുന്നത് ഇപ്പോള്‍ സാധാരണ കാഴ്ചയാണ്. എല്ലാവരും സ്വയംപര്യാപ്തരാകണമെന്ന സന്ദേശം ഇതിലൂടെ വിശ്വാസികള്‍ക്ക് നല്‍കാനാകുന്നുണ്ട്.