
കൊല്ലം: പ്രബോധനം വോയ്സിന്‍റെ പത്രാധിപരും ഐ.പി.സി.മുന്‍ ജനറല്‍ കൗണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള അന്തരിച്ചു. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളാല്‍ ക്ലേശിതനായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകിട്ട് അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നറിയുന്നു.
എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബമായ പന്തളത്തെ പ്രശസ്തമായ ഇല്ലം തറവാട്ടില്‍ ജനിച്ച ഇദ്ദേഹം ക്രിസ്തു വിശ്വാസം സ്വീകരിച്ച് കഴിഞ്ഞ 35 വര്‍ഷമായി ഐ.പിസി.അംഗമാണ്. തൃശൂരിലെ ആല്‍പ്പാറ ഐ.പി.സി. ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഐ.പി.സി.സഭകളില്‍ സഭാശുശ്രൂഷകനായി പ്രവര്‍ത്തിച്ചു. സഭയുടെ പരമോന്നത സമിതികളിലും അംഗമായിരുന്ന പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള കുമ്പനാട് കണ്‍വന്‍ഷന്‍റെ പ്രധാന ചുമതലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. 2019ലെ കുമ്പനാട് കണ്‍വന്‍ഷന്‍ തീം സോങ്ങ് പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള എഴുതിയതായിരുന്നു.
ഗുരുതരമായ ആരോപണങ്ങളുടെപേരില്‍ ഇദ്ദേഹത്തെ ഐ.പി.സി.യുടെ ശുശ്രൂഷക സ്ഥാനത്തുനിന്നും ചില നാളുകള്‍ക്ക് മുന്‍പ് ഒഴിവാക്കിയിരുന്നു. സഭാനേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായ സുദര്‍ശനന്‍ പിള്ള സോഷ്യല്‍ മീഡിയായിലൂടെ സഭാ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍പോലും ഫെയ്സ് ബുക്കില്‍ ഐ.പി.സി.യിലെ ചില നേതാക്കളുടെ പേര് പരാമര്‍ശിച്ച് വിമര്‍ശിച്ചിരുന്നു.
പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ളയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെ പ്രസക്തമായ ചില ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
”ജനിച്ചത് നായർ തറവാട്ടിൽ ജീവിച്ചത് യേശുവിൽ വിശ്വസിച്ചിട്ടു. പെന്തക്കോസ്തിലെ ഐപിസിയിൽ നീണ്ട 35 വർഷം കർത്താവിന്‍റെ സാക്ഷ്യം വഹിച്ചു. ഐപിസിക്ക് ഗുണകരമായി പ്രവർത്തിച്ചു. നന്മകൾ ലഭിച്ചതിനേക്കാൾ പങ്കുവച്ചു സാധുക്കളുടെ കൂടെ നിന്നു. ദൈവത്തിന്‍റെ പേരിൽ നടക്കുന്ന കസേരമോഹികളെ എതിർത്തു. പാവങ്ങളുടെ സഹായിയും പണക്കാരുടെ ശത്രുവും ആയി. ഇപ്പോൾ ഞാൻ യേശുവിനോടൊപ്പം ഉണ്ട്. ആ ബന്ധം തകർക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിൽ എന്നെയും മക്കളെയും അപമാനിച്ചു. മക്കൾ ഉള്ളവർക്കേ മക്കളുടെ ഹൃദയവേദന അറിയൂ. മക്കൾ പഴയ സമൂഹത്തിലേക്കു മടങ്ങി. അവരെ ഇരുകൈകളും നീട്ടി അവർ സ്വീകരിച്ചു. അവരുടെ വിവാഹം ഫെബ്രുവരിയിൽ നടക്കുന്നു. മരണം വരെ ഞാൻ യേശുവിന്‍റെ സാക്ഷി ആയിരിക്കും. മരണനന്തരം ഹിന്ദുക്കൾ സംസ്കരിക്കട്ടെ. എന്നോട് സഹകരിച്ച എല്ലാവരോടും കടപ്പാടുണ്ട്. ജീവിക്കാൻ വേണ്ടി പെന്തക്കൊസ്തിൽ വന്നതാണ് എന്ന് പറയരുത്. ദൈവശിക്ഷ ഉണ്ടാകും. ജീവിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. സാധാരണ വിശ്വാസികൾ ഒരുകാര്യം അറിയണം ഈ നേതാക്കന്മാർ ദൈവം വിളിച്ചവരോ ദൈവത്താൽ ആക്കിവച്ചവരോ ദൈവം അംഗീകരിച്ചവരോ അല്ല. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ആണ്. ദൈവത്തിന്റെ തോട്ടത്തിലെ മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാരാണ്
ഐപിസിയിൽ ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. അവരോടു കടപ്പാടുണ്ട് അത് മറക്കുന്നില്ല. ഇന്നത്തെ രണ്ടു സമ്മതികളിലും എന്നോട് ഒരു ദ്രോഹവും ചെയ്യാത്ത ഒരു നേതാവ് മാത്രമേ ഉള്ളൂ. അത് പാസ്റ്റർ wilson Joseph മാത്രം. ഞാൻ ശാരീരികമായി വളരെ അസ്വസ്ഥത അനുഭവിക്കുന്നു. എന്‍റെ നിര്യാണകാലം അടുത്തുവെന്നു വ്യക്തമായി അറിയാം. എന്‍റെ ശരീരം ദഹിപ്പിക്കണം എന്നതാണ് ആഗ്രഹം.”

