ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ദൈവമായി മാത്രമാണോ ഇരിക്കുന്നത്
അതോ മനുഷ്യനും കൂടെ ആയിട്ടാണോ ?

കുഞ്ഞുമോന്‍ തോട്ടപ്പള്ളി
ചോദ്യം: യേശുക്രിസ്തു സ്വയം ദൈവമാണെന്നവകാശപ്പെട്ടിരുന്നോ?
ഉത്തരം: പഴയനിയമത്തില്‍ ദൈവത്തിനുള്ള വിശേഷണങ്ങളെല്ലാം തന്‍റേതായി ക്രിസ്തു അവകാശപ്പെട്ടു. ക്രിസ്തുവിന്‍റെ അവകാശവാദങ്ങളായ ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ ജീവന്‍റെ അപ്പമാകുന്നു.ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു. ഞാന്‍ വാതിലാകുന്നു. ഞാന്‍ നല്ല ഇടയാനാകുന്നു. ഞാന്‍ മുന്തിരിവള്ളിയാകുന്നു. ഞാന്‍ മശിഹ ആകുന്നു. ഞാനും പിതാവും ഒന്നാകുന്നു തുടങ്ങിയവ ദൈവത്തിനു മാത്രം യോജിക്കുന്നവയാണ്. പഴയ നിയമത്തില്‍ പുത്രനായ ദൈവത്തെക്കുറിച്ച് സൂചന ഉള്ളതുകൊണ്ട് ദൈവപുത്രന്‍ എന്നാല്‍ ദൈവം തന്നെയാണെന്ന് യെഹൂദന്മാര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ക്രിസ്തു ദൈവപുത്രന്‍ എന്നവകാശപ്പെട്ടപ്പോള്‍ അത് ദൈവദൂഷണം എന്ന് പറഞ്ഞ് മഹാപുരോഹിതന്‍ വസ്ത്രം കീറി. ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന ‘പാപമോചനംനല്‍കാന്‍’ ക്രിസ്തു ചെയ്തതും ദൈവദൂഷണമായി യെഹൂദര്‍ കണക്കാക്കി. ക്രിസ്തു തന്നെത്താന്‍ ദൈവത്തോട് സമനാക്കിയതുകൊണ്ടാണ് യെഹൂദന്മാര്‍ ക്രിസ്തുവിനെ കൊല്ലുവാന്‍ ഒരുങ്ങിയത്.
ചോദ്യം: യേശുക്രിസ്തു ദൈവമാണെന്നുള്ള വ്യക്തമായ പ്രസ്താവനകള്‍ ബൈബിളില്‍ ഉണ്ടോ?
ഉത്തരം: ഉണ്ട്. വചനമായ ക്രിസ്തു ‘ദൈവമായിരുന്നു’ എന്ന് യോഹന്നാന്‍ തന്‍റെ സുവിശേഷം 1-ാം അദ്ധ്യായം 1-ാം വാക്യത്തില്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ ലേഖനത്തില്‍ യേശു സത്യപുസ്തകത്തില്‍ സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
തോമസ് അപ്പോസ്തലന്‍ ക്രിസ്തുവ്നെ ‘എന്‍റെ കര്‍ ത്താവും എന്‍റെ ദൈവവുമേ’ എന്നാണ് സംബോധന ചെയ്തത്.
പൗലോസ് അപ്പൊസ്തലന്‍ ‘സര്‍വ്വത്തിനുംമീതെ ദൈവമെന്നും മഹാദൈവവുമെന്നും’ ക്രിസ്തുവിനെക്കുറിച്ച് പറയുന്നു.
യെശുവിനെ പുതിയ നിയമത്തിലുടനീളം ‘കര്‍ത്താവ്’ എന്നാണ് വിളിച്ചിരിക്കുന്നത്. കര്‍ത്താവ് എന്നത് പഴയനിയമത്തിലെ യഹോവയ്ക്ക് തത്തുല്യമാണ്. യഹോവയ്ക്ക് വഴി ഒരുക്കാന്‍ മരുഭൂമിയില്‍ ഒരാള്‍വരും എന്നുള്ളത് ക്രിസ്തുവിന് വഴി ഒരുക്കുവാന്‍ യോഹന്നാന്‍ വന്നതിലൂടെ നിറവേറി. പഴയനിയമത്തില്‍ യെശയ്യാവു കണ്ട യഹോവയുടെ തേജസ്സ് ക്രിസ്തുവിന്‍റെ തേജസ്സായിരുന്നു എന്നാണ് യോഹന്നാന്‍ എഴുതിയിരിക്കുന്നത്. പഴയനിയമത്തില്‍ യഹോവയ്ക്കുവേണ്ടി നിന്ദചുമന്ന മോശെയും മറ്റുപിതാക്കന്മാരും ക്രിസ്തുവിന്‍റെ നിന്ദയാണ് ചുമന്നത് എന്ന് എബ്രായലേഖനകാരന്‍ പറയുന്നു. പഴയനിയമത്തിലെ യഹോവയുടെ വിശേഷണങ്ങളെല്ലാം ക്രിസ്തുവിന്‍റേതാണെന്ന് പുതിയനിയമം പറയുന്നു. യഹോവ സത്യദൈവം എന്ന് പഴയനിയമം പറയുന്നു. യേശു സത്യദൈവം എന്ന് പുതിയനിയമം പറയുന്നു. ‘ആദ്യനും അന്ത്യനും ആല്‍ഫയും ഒമേഗയും ‘ എന്നു പഴയനിയമം പറയുന്നു. യേശു ‘ആദ്യനും അന്ത്യനും ആല്‍ഫയും ഒമേഗയും ‘എന്ന് പുതിയനിയമം പറയുന്നു. യഹോവ തുറന്നാല്‍ ആരും അടയ്ക്കുകയില്ല അടച്ചാല്‍ ആരും തുറക്കുകയില്ലെന്ന് പഴയനിയമം പറയുന്നു. യേശു തുറന്നാല്‍ ആരും അടയ്ക്കുകയില്ല അടച്ചാല്‍ ആരും തുറക്കുകയില്ല എന്ന് പുതിയനിയമം പറയുന്നു. യേശുക്രിസ്തുവിന്‍റെ ദൈവത്വം പുതിയനിയമത്തില്‍ പകല്‍പോലെ വ്യക്തമാണ്. ദൈവനാമം പറയുന്നത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമം എന്നായിരിക്കയാല്‍ ദൈവത്വത്തില്‍ മൂന്നു ആളത്വങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവ നാമങ്ങള്‍ അല്ല നാമം ആകയാല്‍ ഏക ദൈവമാണെന്നും മനസ്സിലാക്കാം.
ചോദ്യം: ഇപ്പോള്‍ ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ പഴയ സ്ഥിതിയില്‍ ദൈവമായി മാത്രമാണോ ഇരിക്കുന്നത് അതോ മനുഷ്യനും കൂടെ ആയിട്ടാണോ ? എങ്കില്‍ അതിന്‍റെ ഉദ്ദേശമെന്ത്?
ഉത്തരം: ക്രിസ്തു ഇപ്പോഴും ദൈവവും മനുഷ്യനുമായ സ്ഥിതിയിലാണിരിക്കുന്നത്. ക്രിസ്തു ശരീരത്തോടെയാണ് സ്വര്‍ഗ്ഗാരോഹണം ചെയ്തത്. എന്നാല്‍ ആ ശരീരം ഐഹീക ജീവകാലത്തേതുപോലെ പരിമിതിയുള്ള ശരീരമല്ല. തേജസ്കരിക്കപ്പെട്ടതാണ്. അടച്ചിട്ടിരിക്കുന്ന മുറി തുറക്കാതെ പ്രവേശിക്കാനും ഏതു സ്ഥലത്തും പ്രത്യക്ഷപ്പെടാനും കഴിവുള്ള ശരീരം. നമുക്കുവേണ്ടി പിതൃസന്നിധിയില്‍ മദ്ധ്യസ്ഥനായിരിക്കാനാണ് ക്രിസ്തു ദൈവവും മനുഷ്യനുമായിരിക്കുന്നത്. ഒരു മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നുള്ളത് നമ്മുടെ ധൈര്യമാണ്. ക്രിസ്തുവിന്‍റെ വീണ്ടും വരവിങ്കല്‍ വിശ്വാസികള്‍ ക്രിസ്തുവിന്‍റേതുപോലെയുള്ള ശരീരത്തിന്‍റെ ഉടമകളായി തേജസ്കരിക്കപ്പെടും. അവര്‍ സ്വര്‍ഗ്ഗത്തിലെ മനുഷ്യനായ ക്രിസ്തുവിനോടുകൂടെ നിത്യം കൂട്ടായ്മ അനുഭവിച്ചുകൊണ്ട് ജീവിക്കാനിടയാകേണ്ടതിനാണ് ക്രിസ്തു തന്‍റെ മനുഷ്യത്വം ഉപേക്ഷിക്കാതിരിക്കുന്നത്.