Sankeerthanam News

ചൊവ്വ മുതല്‍ ഞായര്‍ വരെ
കടുത്ത നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മെയ് 4 ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍.
ജനജീവിതം സ്തംഭിപ്പിക്കാതെയും എന്നാല്‍, സഞ്ചാരം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുമുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ നിന്നു വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ നിരീക്ഷിച്ചതിനുശേഷം കൂടുതല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടിവന്നാല്‍ അതിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെയും നിലപാട്. ലോക്ക്ഡൗണ്‍ വേണ്ട എന്നു കരുതുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ഉയര്‍ന്ന പൗരബോധത്തിലുള്ള വിശ്വാസംകൊണ്ടാണ്.
ജനങ്ങള്‍ സ്വയം ലോക്ക്ഡൗണ്‍ നടപ്പിലാക്കണം. ആനാവശ്യമായി പുറത്തു പോകില്ലെന്നും ആഘോഷങ്ങള്‍ മാറ്റി വയ്ക്കുമെന്നും യാത്രകള്‍ ഒഴിവാക്കുമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ടെസ്റ്റിനു വിധേയമായി ഐസോലേഷന്‍ കൃത്യമായി പാലിക്കുമെന്നും ജനങ്ങള്‍ സ്വയം തീരുമാനിച്ചാല്‍ കോവിഡ് വ്യാപനത്തെ ചെറുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.