സംവരണ വിധി പുനഃപരിശേധിക്കാമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാാപനങ്ങളിലും പിന്നാക്ക സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച ഉത്തരവ് പുനഃപരിശോധിക്കാമെന്നു സുപ്രീംകോടതി. ഈ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ചു. ഒരു സമുദായത്തെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിച്ചു സംവരണ ആനുകൂല്യം അനുവദിക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അധികാരം ഉണ്ടോ എന്നവിഷയത്തില്‍ മറുപടി തേടിയാണു സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആകെ സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്ന ഇന്ദിര സാവ്നി വിധി (മണ്ഡല്‍ കമ്മീഷന്‍ കേസ്) വിശാല ബെഞ്ച് പുനഃപരിശോധിക്കണോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മറാഠ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് മണ്ഡല്‍കമ്മീഷന്‍ വിധിപുനഃപരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. 1992 ലെ ഇന്ദിര സാവ്നി കേസിലെ ഒന്‍പതംഗ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധി വിശാല ബെഞ്ച് പുനഃപരിശോധിക്കണോ, മറാഠ സംവരണ കേസ് ഈ വിധിയുമായി ബന്ധപ്പെട്ടതാണോ, ഭരണഘടനയുടെ 102-ാം ഭേദഗതി പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളയുന്നുണ്ടോ, ഫെഡറല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ, എന്ന വിഷയങ്ങളിലും വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 102–ാം ഭേദഗതിയെത്തുടര്‍ന്ന് 342 എ വകുപ്പ് ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ പിന്നാക്കസമുദായമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.
ജസ്റ്റീസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, എസ്. അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്‍റേതാണ് നടപടി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ സുപ്രീംകോടതി കേസില്‍ വീണ്ടും മാര്‍ച്ച് 15ന് വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനെക്കുറിച്ചും തുടര്‍ച്ചയായി വാദം കേള്‍ക്കുന്ന കാര്യവും പരിഗണിക്കും. ഇപ്പോള്‍ സാമ്പത്തിക സംവരണത്തിന് എതിരേ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ ബെഞ്ചിന് വിടണമോ എന്നും തീരുമാനിക്കും.
2018ലാണ് ഭരണഘടനയുടെ 102-ാം ഭേദഗതിയിലൂടെ പിന്നാക്ക വിഭാഗം കമ്മീഷന് കേന്ദ്രം ഭരണഘടനാ പദവി നല്‍കിയത്. ഇത് ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ക്കാര്‍ വാദിക്കുന്നു. 27ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയുള്ള മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് എതിരായ 1992 ലെ ഇന്ദ്ര സാഹ്നി കേസില്‍ 50 ശതമാനത്തിനുമുകളിലുള്ള സംവരണം ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്‍റേതായിരുന്നു വിധി. ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമെങ്കില്‍ പതിനൊന്നംഗ വിശാല ബെഞ്ച് രീപീകരിക്കേണ്ടിവരും.