Sankeerthanam News

മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം നാളെ മുതല്‍

വത്തിക്കാന്‍ സിറ്റി: നാലു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പാ നാളെ ഇറാക്കിലേക്ക് പുറപ്പെടും. ഒരു മാര്‍പാപ്പ ആദ്യമായിട്ടാണ് ഇറാക്ക് സന്ദര്‍ശിക്കുന്നത്.
മാര്‍പാപ്പ വെള്ളിയാഴ്ച രാവിലെ റോമില്‍നിന്നു ബാഗ്ദാദിലേക്കു വിമാനം കയറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൊസൂള്‍, ഖറാക്കോഷ്, എര്‍ബില്‍ നഗരങ്ങള്‍ സന്ദര്‍ശിക്കും.
ഇറാക്കിലെ ദുര്‍ബല ക്രൈസ്തവ സമൂഹത്തോട് സഭയ്ക്കുള്ള കരുതല്‍ വ്യക്തമാക്കുന്നതാണ് മാര്‍പാപ്പായുടെ സന്ദര്‍ശനമെന്ന് വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളില്‍ അറിയിച്ചു. അവിടത്തെ ക്രൈസ്തവര്‍ ഏറെ സഹനങ്ങള്‍ക്കു വിധേയരായി. ഒട്ടേറെ വിശ്വാസികള്‍ അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. മാര്‍പാപ്പയുടെ സാന്നിധ്യം അവിടെ വേണം. 2014-17 കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ മതപീഡനത്തെ അനുസ്മരിച്ച് കര്‍ദിനാള്‍ പറഞ്ഞു. മതാന്തര സംവാദത്തിനും ക്രൈസ്തവ-മുസ്ലിം സമുദായങ്ങളുടെ സാഹോദര്യത്തിനും മാര്‍പാപ്പയുടെ സന്ദര്‍ശനം വേദിയാകുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. മുസ്ലീംകള്‍ പുണ്യനഗരമായി കരുതുന്ന നജാഫ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ ഇറാക്കി ഷിയാകളുടെ ആചാര്യനായ ആയത്തൊള്ള അലി അല്‍സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. 2019 ലെ യു.എ.ഇ. സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ കയ്റോയിലെ അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് എല്‍ തയ്യബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.