Sankeerthanam News

മുറിവേറ്റ ഭൂമിയിലേക്കു പ്രതീക്ഷയുടെ തീര്‍ത്ഥാടകനായി മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: സമാധാനത്തിന്‍റെ സന്ദേശവാഹകനായി, അനുരഞ്ജനവും സാഹോദര്യവും തേടാനാണ് ഇറാക്കിലേക്കു പുറപ്പെടുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ബാഗ്ദാദിലേക്ക് വിമാനം കയറുന്നതിനു മുമ്പ് ഇറാക്കി ജനതയ്ക്കായി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ഇറാക്കിന്‍റെ മണ്ണിലെ സന്ദര്‍ശനത്തെയും അവിടുത്തെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ ലഭിക്കുന്ന അവസരത്തെയും ഏറെ പ്രതീക്ഷകളോടെയും സന്തോഷത്തോടെയുമാണ് നോക്കിക്കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും ഭീകരവാഴ്ചയും തകര്‍ത്ത നാടാണ് ഇറാക്ക്. അനുരഞ്ജനത്തിന്‍റെ അഭ്യര്‍ത്ഥനയോടെയാണ് എന്‍റെ തീര്‍ത്ഥാടനയാത്ര -മാര്‍പാപ്പ പറഞ്ഞു.
മതപീഡനങ്ങളാല്‍ രക്തസാക്ഷിയായ ഇറാക്കിലെ സഭയ്ക്കൊപ്പമാകാന്‍ കഴിയുന്നത് ബഹുമതിയാണ്. തകര്‍ക്കപ്പെട്ട പള്ളികളുടെയും ഭവനങ്ങളുടെയും ഓര്‍മ്മള്‍ പേറിയാണ് ഇറാക്കി ക്രൈസ്തവര്‍ ജീവിക്കുന്നത്. വര്‍ഷങ്ങള്‍ തുടര്‍ന്ന പീഡനത്തില്‍ തളരാതെ നിലനിന്ന ക്രൈസ്തവര്‍ക്കും മുസ്ലിം, യസീദി വിഭാഗങ്ങള്‍ക്കുമൊപ്പം താനുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു.
നിങ്ങളുടെ അനുഗൃഹീതമായ, മുറിവേറ്റ ഭൂമിയിലേക്കു പ്രതീക്ഷയുടെ തീര്‍ത്ഥാടകനായിട്ടാണ് ഞാന്‍ വരുന്നത്. ഇതര മതങ്ങളിലെ സഹോദരീസഹോദരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനും പ്രാര്‍ത്ഥിക്കാനും ആഗ്രഹിക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവായ അബ്രഹാം തുടങ്ങിവച്ച യാത്ര അതേ അന്തഃസത്തയോടെ, സമാധാനത്തിന്‍റെ പാതയില്‍ നമുക്കൊരുമിച്ചു തുടരാമെന്ന് മാര്‍പാപ്പ പറഞ്ഞു.
ഇതാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശനത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.
2003 നു മുമ്പ് 14 ലക്ഷം ക്രൈസ്തവ വിശ്വാസികള്‍ ഇറാക്കിലുണ്ടായിരുന്നു. യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കിരാതവാഴ്ചയും മൂലം ഭൂരിഭാഗവും അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. ഇന്ന് മൂന്നു-നാല് ലക്ഷം ക്രൈസ്തവരേ ഇവിടെയുള്ളു.